അഭയാര്‍ഥിപ്രവാഹം തുടരുന്നു; യൂറോപ്യന്‍ രാജ്യങ്ങള്‍ പരിഭ്രാന്തിയില്‍


റോം: മെഡിറ്ററേനിയന്‍ കടലിലൂടെ യൂറോപ്പിലേക്ക് നീങ്ങുന്ന അഭയാര്‍ഥികളുടെ എണ്ണം പെരുകുന്നു. പശ്ചിമേഷ്യയിലും ഉത്തരാഫ്രിക്കയിലും സംഘര്‍ഷങ്ങള്‍ ശക്തിപ്രാപിച്ചതാണ് സുരക്ഷതേടിയുള്ള ഈ പ്രവാഹത്തിന്‍െറ പ്രധാന ഹേതു. ഭരണകൂടവിരുദ്ധ പോരാട്ടങ്ങളും ഐ.എസ് തീവ്രവാദികളുടെ ആക്രമണങ്ങളും അരങ്ങേറുന്ന സിറിയയില്‍നിന്നുമാണ് കൂടുതല്‍പേര്‍ യൂറോപ്പിലേക്കത്തെുന്നതെന്ന് യു.എന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. അഭയാര്‍ഥികള്‍ തങ്ങളുടെ രാജ്യത്തത്തെുന്നത് ഏതു വിധേനയും നേരിടാനുള്ള ഒരുക്കത്തിലാണ് യൂറോപ്യന്‍ രാജ്യങ്ങള്‍. ഇവര്‍ തങ്ങളുടെ രാജ്യങ്ങളിലേക്ക് കടക്കുന്നത് തടയാന്‍ തീരങ്ങളിലും അതിര്‍ത്തികളിലും വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞദിവസം ഗ്രീസ് മാസിഡോണിയന്‍ അതിര്‍ത്തി അടക്കുകയും അവിടെ കൂടിയിരുന്ന അഭയാര്‍ഥികള്‍ക്കുനേരെ ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. അതേസമയം, കൂടുതല്‍ പേര്‍ മാസിഡോണിയയിലേക്ക് കടന്നതായും അവിടെനിന്ന് അയല്‍ദേശങ്ങളായ സെര്‍ബിയയിലേക്കും മറ്റും കടക്കാന്‍ ശ്രമിക്കുന്നതായും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞദിവസം അടച്ച അതിര്‍ത്തി തുറന്നതിനാല്‍ ട്രെയിനിലും മറ്റുമാണ് അഭയാര്‍ഥികള്‍ മാസിഡോണിയയിലേക്ക് എത്തിയതെന്ന് അല്‍ജസീറയുടെ ജോണ്‍ ഹള്‍ റിപ്പോര്‍ട്ട് ചെയ്തു.
അഭയാര്‍ഥികളുടെ ഭാണ്ഡങ്ങള്‍ പരിശോധിച്ചതിനുശേഷമാണ് അതിര്‍ത്തി കടക്കാന്‍ അനുവദിക്കുന്നത്. ശനിയാഴ്ച രാത്രി നിരവധിപേര്‍ കാല്‍നടയായി അതിര്‍ത്തി കടന്നതായാണ് അറിയുന്നത്. ഇങ്ങനെയത്തെിയ നിരവധി പേരെ മാസിഡോണിയന്‍ പൊലീസ് പിടിച്ചതായും അവരെ തിരിച്ചയച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പൊലീസ് ക്രൂരമായാണ് പെരുമാറിയതെന്ന് തിരിച്ചത്തെിയവര്‍ പറഞ്ഞു. ‘ഞങ്ങള്‍ മനുഷ്യരാണ്, മൃഗങ്ങളല്ല. മരണത്തില്‍നിന്ന് ഓടിപ്പോന്ന ഞങ്ങള്‍ അതിര്‍ത്തിസൈന്യത്തിന്‍െറ വെടിയേറ്റോ തണുപ്പിന്‍െറ കാഠിന്യത്താലോ മരണം മുന്നില്‍ക്കാണുന്നു’ -ഒരു സിറിയന്‍ അഭയാര്‍ഥി പറഞ്ഞു.
മറ്റൊരു സംഭവത്തില്‍ ലിബിയന്‍ തീരത്തുനിന്ന് 4400 അഭയാര്‍ഥികളെ ഇറ്റാലിയന്‍ തീരസംരക്ഷണസേന രക്ഷിച്ചു. 20 ബോട്ടുകളില്‍ രാജ്യം വിട്ട് പോന്നവരെയാണ് രക്ഷപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ പേരെ രക്ഷപ്പെടുത്തിയ ദിനമാണ് ശനിയാഴ്ച എന്ന് ഇറ്റാലിയന്‍ നേവി പറഞ്ഞു. നിരവധി ബോട്ടുകള്‍ മുങ്ങുന്ന അവസ്ഥയിലായിരുന്നെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. വിവിധ രാജ്യങ്ങളില്‍നിന്നുള്ളവരാണ് ഇവരെന്ന് അധികൃതര്‍ അറിയിച്ചു. യൂറോപ്യന്‍ യൂനിയന്‍െറ അഭയാര്‍ഥി നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് റോമിന്‍െറയും ജര്‍മനിയുടെയും മുതിര്‍ന്ന നേതാക്കന്മാര്‍ മുന്നോട്ടുവന്നു. കഴിഞ്ഞദിവസം ഗ്രീസ്-മാസിഡോണിയ അതിര്‍ത്തിയില്‍ നടന്ന പ്രശ്നം യൂറോപ്യന്‍ രാജ്യങ്ങള്‍ക്കിടയിലെ സഞ്ചാരസ്വാതന്ത്ര്യത്തിന് വെല്ലുവിളിയാണെന്ന് ഇറ്റലി വിദേശകാര്യമന്ത്രി പൗലോ ജെന്‍റിലോനി പറഞ്ഞു. അഭയാര്‍ഥി പ്രവാഹം യൂറോപ്പിന് വന്‍ ഭീഷണിയാണെന്ന് അഭിപ്രായപ്പെട്ട ജെന്‍റിലോനി മുഴുവന്‍ രാജ്യങ്ങളും പ്രശ്നപരിഹാരത്തിനായി മുന്നോട്ടുവരണമെന്ന് ആവശ്യപ്പെട്ടു. ഇ.യു അംഗരാജ്യങ്ങള്‍ക്കിടയില്‍ അഭയാര്‍ഥികളെ വീതിക്കണമെന്നാണ് ജര്‍മനിയുടെ വൈസ് ചാന്‍സലര്‍ സിഗ്മര്‍ ഗബ്രിയേല്‍ അഭിപ്രായപ്പെട്ടത്.
2015ല്‍ ഇതുവരെ 104,000 പേര്‍ ഇറ്റലിയിലത്തെിയിട്ടുണ്ട്. 135,000ത്തിലധികം പേര്‍ ഗ്രീസിന്‍െറ തീരങ്ങളിലുമത്തെിയിട്ടുണ്ട്. ആയിരങ്ങളാണ് കടലില്‍ മുങ്ങി മരിച്ചിട്ടുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.