ബംഗ്ളാദേശിൽ ഈദ് നമസ്ക്കാരത്തിനിടെ സ്ഫോടനം: നാല് പേർ കൊല്ലപ്പെട്ടു

ധാക്ക: ബംഗ്ളാദേശിൽ ഈദ് നമസ്ക്കാരത്തിനിടെയുണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരു പൊലീസുകാരനടക്കം നാല് പേർ കൊല്ലപ്പെട്ടു. ഒൻപത് പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ ഒരാൾ തീവ്രവാദിയാണെന്ന് റിപ്പോർട്ടുകളുണ്ട്.  സംഭവത്തില്‍ നാലുപേരെ പൊല ീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. രാജ്യത്ത് കൂടുതല്‍ ആക്രമണം നടക്കുമെന്ന മുന്നറിയിപ്പുമായി ബുധനാഴ്ച ഐ.എസ് വിഡിയോ പുറത്തുവിട്ടിരുന്നു.

ധാക്കയിൽ നിന്നും 100 കിലോമീറ്റർ അകലെ കിഷോർഗഞ്ചിലാണ് ഇന്ന് രാവിലെ സ്ഫോടനമുണ്ടായത്. ബംഗ്ളാദേശിലെ ഏറ്റവുമധികം ആളുകൾ ഒത്തുകൂടുന്ന ഈദ് ചടങ്ങ് നടക്കുന്ന ഷോലാകിയ മൈതാനത്തിന്‍റെ പ്രവേശന കവാടത്തിലാണ് സ്ഫോടമുണ്ടായത്. മൂന്ന് ലക്ഷത്തോളം പേരാണ് ഈ സമയം നമസ്കാരത്തിനായി ഇവിടെ ഒത്തുകൂടിയിരുന്നത്.

സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പൊലീസ് സംഘത്തെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണമെന്ന് ബംഗ്ളാദേശ് വാർത്താവിതരണ മന്ത്രി ഹസ്നുൾ ഹക് ഇനു അറിയിച്ചു. തീവ്രവാദികള്‍ നടത്തിയ സ്‌ഫോടനമാണെന്ന് കരുതുന്നില്ലെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും മന്ത്രി വ്യക്തമാക്കി.

ഒരു കൂട്ടം അക്രമികൾ പൊലീസുകാർക്ക് നേരെ ബോംബെറിയുന്ന ദൃശ്യങ്ങൾ സ്വകാര്യ വാർത്താചാനൽ പുറത്തുവിട്ടു. സമീപത്തുള്ള സ്കൂളിൽ നിന്നുമാണ് അക്രമികൾ നാടൻ ബോംബെറിഞ്ഞത്. അക്രമികൾ സ്കൂളിൽ ഒളിച്ചിരിക്കുകയാണ്. സുരക്ഷാ ഉദ്യോഗസ്ഥരും അക്രമികളും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

കിഷോർഗഞ്ച് പള്ളിയിലെ മുഖ്യഇമാമായ മൗലാന ഫരീദുദീൻ മസൂദിനെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണമെന്ന് പൊലീസ് സംശയിക്കുന്നു. തീവ്രവദികളോട് കടുത്ത സമീപനം പുലർത്തുന്ന സ്വതന്ത്ര ചിന്താഗതിക്കാരനാണ് ഫരീദുദീൻ മസൂദ്. കഴിഞ്ഞ ദിവസം സ്പാനിഷ് റസ്റ്ററന്‍റിലുണ്ടായ ആക്രമണത്തിനെതിരെ ഇസ്ലാമിക പണ്ഡിതന്മാരുടേയും ബുദ്ധിജീവികളുടേയുമടക്കം ഒരു ലക്ഷം ഒപ്പുകൾ ശേഖരിച്ചത് ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിലായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച ധാക്കയിലെ സ്പാനിഷ് കഫേയിലുണ്ടായ ഭീകരാക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.