‘ഒബാമ ഐ.എസ് സ്ഥാപകന്‍, ‘ഹിലരിക്കും പങ്ക്

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പിലെ പ്രചാരണങ്ങളുടെ ചൂടേറവെ എതിരാളികള്‍ക്കെതിരെ വീണ്ടും ആഞ്ഞടിച്ച് റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. പശ്ചിമേഷ്യയെയും യൂറോപ്യന്‍ നഗരങ്ങളെയും പ്രശ്നകലുഷിതമാക്കിയ ഇസ്ലാമിക് സ്റ്റേറ്റിന്‍െറ (ഐ.എസ്) സ്ഥാപകനാണ് പ്രസിഡന്‍റ് ബറാക് ഒബാമയെന്ന് ട്രംപ് ആരോപിച്ചു. ഫ്ളോറിഡയിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവേയാണ് ‘ഐ.എസിന്‍െറ സ്ഥാപകന്‍’ എന്ന് ഒബാമയെ വിശേഷിപ്പിച്ചത്. ഇത് മൂന്നുതവണ ആവര്‍ത്തിച്ച ട്രംപ്, ഹിലരി ക്ളിന്‍റനും ആ കുറ്റത്തില്‍ പങ്കുണ്ടെന്നും പറഞ്ഞു.

ഒബാമയും അദ്ദേഹത്തിന്‍െറ മുന്‍ സെക്രട്ടറി ഹിലരി ക്ളിന്‍റനും ചേര്‍ന്ന് പശ്ചിമേഷ്യന്‍ നയങ്ങളിലൂടെ ഇറാഖിനെ തകര്‍ക്കുകയും ഈ സാഹചര്യം ഐ.എസ് ചൂഷണം ചെയ്യുകയുമായിരുന്നുവെന്ന് ട്രംപ് കുറ്റപ്പെടുത്തി. ഇറാഖില്‍നിന്ന് യു.എസ് സേനയെ പൂര്‍ണമായും പുറന്തള്ളുമെന്ന ഒബാമയുടെ പ്രഖ്യാപനത്തെയും രൂക്ഷമായി വിമര്‍ശിച്ചു. ഇതുമൂലം ആ രാജ്യത്തുണ്ടായ അസ്ഥിരത ഐ.എസിന്‍െറ വളര്‍ച്ചക്ക് കാരണമായി. എന്നാല്‍, ട്രംപിന്‍െറ ഈ ആരോപണങ്ങളോട് പ്രതികരിക്കാന്‍ വൈറ്റ്ഹൗസ് വിസമ്മതിച്ചു.

ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിക്കുനേരെ തുടരെയുള്ള ആക്രമണമാണ് ട്രംപ് നടത്തിവരുന്നത്. രാജ്യം തോക്കെടുക്കാതിരിക്കണമെങ്കില്‍ ഹിലരി പ്രസിഡന്‍റാവുന്നത് തടയണമെന്നായിരുന്നു അതില്‍ ഒന്ന്. യു.എസില്‍ വര്‍ധിച്ചു വരുന്ന തോക്ക് അതിക്രമങ്ങള്‍ ഇരു സ്ഥാനാര്‍ഥികളും അഭിമുഖീകരിക്കുന്ന സുപ്രധാന വിഷയമാണ്. എന്നാല്‍, തോക്കുനിയമം കര്‍ശനമാക്കുന്ന രണ്ടാം ഭേദഗതിക്ക് ഹിലരി എതിരാണെന്നായിരുന്നു നോര്‍ത് കരോലൈനയില്‍ നടന്ന റാലിയില്‍  ട്രംപ് പറഞ്ഞത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.