ക്വറ്റ ആക്രമണം: ഐ.എസും പാക് താലിബാനും ഉത്തരവാദിത്തമേറ്റു

കറാച്ചി: പാകിസ്താനിലെ ക്വറ്റയില്‍ ആശുപത്രിയില്‍ നടത്തിയ ചാവേര്‍ ആക്രമണത്തിന്‍െറ ഉത്തരവാദിത്തം പാക് താലിബാനും ഐ.എസും ഏറ്റെടുത്തു. ഇരു ഗ്രൂപ്പുകളും ഉത്തരവാദിത്തമേറ്റടുത്തതില്‍ ദുരൂഹത ഉയര്‍ന്നിട്ടുണ്ട്.പാക് താലിബാന്‍െറ ജമാഅത്തുല്‍ അഹ്റാര്‍ എന്ന വിഭാഗമാണ് ഉത്തരവാദിത്തമേറ്റത്. ഇത്തരത്തില്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്നും സംഘടനയുടെ വക്താവ് ഇ-മെയില്‍ സന്ദേശത്തില്‍ പറഞ്ഞു. ഐ.എസിന്‍െറ വെബ്സൈറ്റിലാണ് ഉത്തരവാദിത്തമേറ്റുള്ള സന്ദേശം പ്രത്യക്ഷപ്പെട്ടത്. ക്വറ്റയിലെ  ആക്രമണം ഞങ്ങളുടെ ‘രക്തസാക്ഷി’യാണ് നടത്തിയതെന്നാണ് ഐ.എസ് വാദം.
അതേസമയം, സംഭവത്തില്‍ രഹസ്യാന്വേഷണ ഏജന്‍സികളോട് പ്രത്യേക ഓപറേഷന് പാകിസ്താന്‍ സൈനിക മേധാവി ജനറല്‍ റഹീല്‍ ശരീഫ് ആഹ്വാനം ചെയ്തു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പ്രദേശങ്ങളില്‍ ആക്രമണം നടത്താനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സ്ഫോടനത്തിന് ശേഷം വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് അദ്ദേഹം നിര്‍ദേശം നല്‍കിയത്.

ബലൂചിസ്താന്‍ മുഖ്യമന്ത്രിയും യോഗത്തില്‍ സംബന്ധിച്ചു.സംഭവത്തില്‍ പ്രതിഷേധിച്ച് അഭിഭാഷകര്‍ തിങ്കളാഴ്ച കോടതി ബഹിഷ്കരിക്കുകയും പ്രതിഷേധപ്രകടനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. ദേശീയ ദു$ഖാചരണം പ്രഖ്യാപിച്ചതിന്‍െറ ഭാഗമായി ദേശീയ പതാകകള്‍ പകുതി താഴ്ത്തിക്കെട്ടി.
ബലൂചിസ്താന്‍ ബാര്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്‍റ് ബിലാല്‍ അന്‍വര്‍ ഖാസി തിങ്കളാഴ്ച വെടിയേറ്റു മരിച്ചിരുന്നു. അദ്ദേഹത്തിന്‍െറ മൃതദേഹം സൂക്ഷിച്ച ക്വറ്റയിലെ ആശുപത്രിക്കു സമീപം ഒരുമിച്ചുകൂടിയ അഭിഭാഷകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമിടയിലാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ 70 പേര്‍ കൊല്ലപ്പെടുകയും 150ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.