ഗസ്സ: ചർച്ചകൾ സജീവം; വെടിനിർത്തൽ പ്രതീക്ഷ

കൈറോ: ഊർജിതമായ മധ്യസ്ഥ ശ്രമങ്ങൾക്കിടെ ഗസ്സയിൽ വെടിനിർത്തലും ബന്ദി കൈമാറ്റവും സാധ്യമാകുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് രാജ്യങ്ങൾ. സൗദിയിലെ റിയാദിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറം ഉച്ചകോടിയിൽ തിങ്കളാഴ്ച ഫലസ്തീൻ വിഷയത്തിൽ പ്രത്യേക ചർച്ച നടന്നു. സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അധ്യക്ഷതവഹിച്ചു.

ഗസ്സയിൽ അക്രമം വ്യാപിക്കുന്നത് വൻ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും യുദ്ധാനന്തരം ഗസ്സ പുനർനിർമാണത്തിന് 30 വർഷം വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. റഫയിൽ ഇസ്രായേൽ കരയാക്രമണം നടത്തുമെന്ന് കരുതുന്നില്ലെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. വെടിനിർത്തലുമായി ബന്ധപ്പെട്ട് ഇസ്രായേൽ ഉദാരമായ കരാറാണ് വാഗ്ദാനം ചെയ്തതെന്നും ഹമാസ് ഇത് അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്രായേലുമായി അയൽരാജ്യങ്ങൾ ബന്ധം സ്ഥാപിക്കണമെന്നും ഫലസ്തീനികൾക്ക് സ്വന്തം രാജ്യവും വേണമെന്നും ബ്ലിങ്കൻ കൂട്ടിച്ചേർത്തു.

ഫലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് മുസ്തഫ, ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽഥാനി, ഈജിപ്ത് പ്രധാനമന്ത്രി മുസ്തഫ മദ്ബൂലി, ജോർഡൻ പ്രധാനമന്ത്രി ബിഷർ ഹാനി അൽ ഖസൗനീഹ് തുടങ്ങിയവർ സംസാരിച്ചു. അതിനിടെ ഇസ്രായേൽ മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശങ്ങൾ ചർച്ച ചെയ്യാൻ ഹമാസ് നേതാക്കൾ ഈജിപ്തിലെ കൈറോയിലെത്തിയിട്ടുണ്ട്. അവർ ചൊവ്വാഴ്ച പ്രതികരണം അറിയിച്ചേക്കും. 20 ബന്ദികളെ കൈമാറുന്നതിന് പകരമായി ആറാഴ്ച വെടിനിർത്താമെന്ന നിർദേശം ഇസ്രായേൽ മുന്നോട്ടുവെക്കുമ്പോൾ സ്ഥിരമായ വെടിനിർത്തലും ഗസ്സയിൽനിന്ന് സേനാ പിന്മാറ്റവുമാണ് ഹമാസ് ആവശ്യപ്പെടുന്നത്.

നേരത്തേ നടന്ന ചർച്ചകൾ ഈ വൈരുധ്യത്തിൽ ഉടക്കിയാണ് അലസിയത്. 24 മണിക്കൂറിനുള്ളിൽ പ്രതികരണം അറിയിക്കുമെന്നാണ് റിപ്പോർട്ട്.

Tags:    
News Summary - Hamas to consider ceasefire-hostage release proposal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.