ജയിലില്‍ സ്ഥലമില്ല; തുര്‍ക്കിയില്‍ 38,000 തടവുകാരെ വിട്ടയക്കുന്നു

അങ്കാറ: തുര്‍ക്കി ജയിലിലെ 38,000 തടവുകാരെ ഉപാധികളോടെ വിട്ടയക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. നീതിന്യായ വകുപ്പ് മന്ത്രി ബകിര്‍ ബെസ്ദാഗാണ് സര്‍ക്കാറിന്‍െറ പുതിയ നീക്കം വെളിപ്പെടുത്തിയത്. പട്ടാള അട്ടിമറിശ്രമത്തിന് പിന്നാലെ പിടിയിലായ ആയിരക്കണക്കിനാളുകളെ താമസിപ്പിക്കാന്‍ ജയിലുകളില്‍ സ്ഥലമില്ലാത്ത അവസ്ഥ പരിഹരിക്കുന്നതിനാണ് തടവുകാരെ വിട്ടയക്കുന്നത്.

തടവുകാലത്തിന്‍െറ പകുതി കഴിഞ്ഞവരും രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയവരുമായ പരോളിന് അര്‍ഹതയുള്ള ആളുകളെയാണ് വിട്ടയക്കുന്നതിന് പരിഗണിക്കുന്നത്. കൊലപാതകം, ഗാര്‍ഹിക പീഡനം, ലൈംഗിക കുറ്റകൃത്യങ്ങള്‍, തീവ്രവാദം, രാജ്യത്തിനെതിരായ മറ്റു കുറ്റകൃത്യങ്ങള്‍ എന്നീ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരെ വിട്ടയക്കില്ല. ജുലൈക്ക് മുമ്പ് ജയിലകപ്പെട്ടവരെ മാത്രമാണ് ഇതിന് പരിഗണിക്കുക. ഇത്തരത്തില്‍ 38,000 പേരെ വിട്ടയക്കേണ്ടിവരുമെന്ന് നീതിന്യായ വകുപ്പ് മന്ത്രി ട്വിറ്ററിലൂടെയാണ് അറിയിച്ചത്.

എന്നാല്‍, സ്ഥിരമായ മാപ്പുനല്‍കലല്ല ഇതെന്നും ഉപാധികളോടെയുള്ള വിട്ടയക്കലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂലൈ 15ന് നടന്ന പട്ടാള അട്ടിമറിശ്രമത്തെ തുടര്‍ന്ന് 35,000 പേരെ ചോദ്യംചെയ്യാനായി തുര്‍ക്കി പൊലീസ്  പിടികൂടിയിരുന്നു. ഇതില്‍ 17,000 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റുള്ളവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

അട്ടിമറിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചത് അമേരിക്കയില്‍ പ്രവാസിയായി കഴിയുന്ന പണ്ഡിതന്‍ ഫത്ഹുല്ല ഗുലനാണെന്ന് പ്രസിഡന്‍റ് ഉര്‍ദുഗാനടക്കം നേരത്തെ ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഗുലനെ പിന്തുണക്കുന്നവരെന്ന് കരുതുന്ന സൈന്യത്തിലും ജുഡീഷ്യറിയിലുമടക്കമുള്ളവരെയാണ് പിടികൂടിയത്. വ്യത്യസ്ത സര്‍ക്കാര്‍ മേഖലകളിലുള്ള നിരവധി പേരെ അട്ടിമറിബന്ധമാരോപിച്ച് സസ്പെന്‍ഡ് ചെയ്തിട്ടുമുണ്ട്.

കുര്‍ദിഷ് അനുകൂല പത്രം പൂട്ടിച്ചു

കുര്‍ദിഷ് അക്രമകാരികളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന പത്രം കോടതി താല്‍കാലികമായി പൂട്ടിച്ചു. തീവ്രവാദ നിലപാടുകള്‍ പ്രചരിപ്പിച്ചെന്ന കുറ്റം ചുമത്തിയാണ് ഇസ്തംബുള്‍ കോടതി ‘ഒസ്ഗുര്‍ ഗുന്ദം’ എന്ന പത്രത്തിനെതിരെ നടപടിയെടുത്തത്. സായുധ തീവ്രാവാദ പ്രസ്ഥാനങ്ങളുടെ പ്രസിദ്ധീകരണം എന്ന നിലയില്‍ പ്രവര്‍ത്തിക്കുകയാണ് പത്രമെന്ന് കോടതി പറഞ്ഞു. കുര്‍ദിഷ് വര്‍ക്കേഴ്സ് പാര്‍ട്ടിയെ അനുകൂലിച്ചുള്ള റിപ്പോര്‍ട്ടുകളാണ് പത്രത്തിനെതിരായ നടപടിക്ക് കാരണമായത്. ഈ പാര്‍ട്ടിയെ നേരത്തെ തുര്‍ക്കിയും പടിഞ്ഞാറന്‍ രാജ്യങ്ങളും തീവ്രവാദ ഗ്രൂപ്പായി പ്രഖ്യാപിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.