നിങ്ങൾ പഞ്ചാബ് മുഖ്യമന്ത്രിയാണ്, പട്യാല മഹാരാജാവല്ല -അമരീന്ദറിനോട് ബജ്​വ

ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും കോണ്‍ഗ്രസിന്‍റെ രാജ്യസഭാ എം.പി പർതാപ് സിങ്ങ് ബജ്​വയും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. അമരീന്ദർ സിങ്ങിന് ജനാധിപത്യത്തിൽ വിശ്വാസമുണ്ടോയെന്ന് ബജ്​വ ചോദിച്ചു. തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണെന്നും പട്യാല മഹാരാജാവ് അല്ലെന്നും ഓർക്കണമെന്നും ബജ്​വ പറഞ്ഞു. രാജസ്ഥാന് പിന്നാലെ പഞ്ചാബിലും പ്രമുഖ നേതാക്കൾ തമ്മിലടിക്കുന്നത് കോൺഗ്രസിന് തലവേദനയായി.

നിങ്ങൾ എനിക്ക് നൽകിയ മറുപടിയിൽ പട്യാല മഹാരാജാവാണെന്ന ഭാവമാണുള്ളത്. നിങ്ങൾക്ക് ജനങ്ങളെ ആവശ്യമില്ല. ജനങ്ങൾക്ക് മറുപടി നൽകാനും തയാറാകുന്നില്ല -ബജ്​വ പറഞ്ഞു.

പർതാപ് സിങ്ങ് ബജ്​വക്കുള്ള സുരക്ഷ പിൻവലിച്ചതോടെയാണ് തമ്മിലടിക്ക് തുടക്കമായത്. പഞ്ചാബിലെ വ്യാജമദ്യ ദുരന്തത്തെ തുടർന്ന് ബജ്​വ അമരീന്ദറിന് കത്തയച്ചിരുന്നു. കത്തിലെ ആരോപണങ്ങൾ നിഷേധിച്ച മുഖ്യമന്ത്രി ഇതിന് പിന്നാലെ ബജ്​വക്കുള്ള പൊലീസ് സുരക്ഷ പിൻവലിക്കുകയും ചെയ്തു. ഗവർണറെ കണ്ട് സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടതും അമരീന്ദറിനെ ചൊടിപ്പിച്ചു.

പൊലീസ് സുരക്ഷ പിൻവലിച്ചതിനെ തുടർന്ന് ബജ്​വ പഞ്ചാബ് ഡി.ജി.പിക്ക് കത്തെഴുതി. രാഷ്ട്രീയ താൽപര്യങ്ങളാൽ കോൺഗ്രസ് സർക്കാർ തന്‍റെ സുരക്ഷ പിൻവലിച്ചുവെന്നും തനിക്കോ തന്‍റെ കുടുംബത്തിനോ എന്ത് ആപത്ത് നേരിട്ടാലും മുഖ്യമന്ത്രിയും ഡി.ജി.പിയും ആയിരിക്കും ഉത്തരവാദികളെന്നും കത്തിൽ ആരോപിച്ചിരുന്നു.

ഇതിനോട് പ്രതികരണവുമായി അമരീന്ദർ രംഗത്തെത്തിയതോടെ തർക്കം മുറുകി. സുരക്ഷയെ അഭിമാനത്തിന്‍റെ അടയാളമായാണ് ബജ്​വ കാണുന്നതെന്ന് മുഖ്യമന്ത്രി വിമർശിച്ചു. സുരക്ഷ പിന്‍വലിക്കാനുള്ള തീരുമാനം തന്‍റേതാണെന്നും അതിന് ഡി.ജി.പിക്കെതിരെ ആരോപണം ഉന്നയിക്കരുതെന്നും എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ തനിക്കോ ഹൈക്കമാൻഡിനോ എഴുതൂവെന്നും അമരീന്ദർ പറഞ്ഞു.

പർതാപ് സിങ്ങ് ബജ്​വക്ക് സുരക്ഷാ ഭീഷണിയില്ലെന്നും കേന്ദ്രം ഏർപ്പെടുത്തിയ സുരക്ഷയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ആഗസ്റ്റ് ഒമ്പതിന് പഞ്ചാബ് പൊലീസിന്‍റെ സുരക്ഷ പിൻവലിച്ചത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.