ആർ.എസ്.എസിന്റെ പേരിലും പൊലീസിന്റെ പേരിലും വ്യാജ നോട്ടീസ്! ഡൽഹി കോടതിയിൽ വെളിപ്പെടുത്തലുമായി 'എക്സ്'
ന്യൂഡൽഹി: ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ (ഐ.എഫ്.എഫ്), സോഫ്റ്റ്വെയർ ഫ്രീഡം ലോ സെന്റർ (എസ്.എഫ്.എൽ.സി) എന്നിവയുടെ 'എക്സ്' ഹാൻഡിലുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസ് അയച്ചത് ഡൽഹി പൊലീസല്ലെന്നും വ്യാജനാണെന്നും സമൂഹമാധ്യമ പ്ലാറ്റ്ഫോമായ 'എക്സ്' ഡൽഹി ഹൈകോടതിയെ അറിയിച്ചു. ഡൽഹി പൊലീസിന്റെ ഔദ്യോഗിക ഇമെയിൽ ഡൊമെയ്നിന്റെ മറവിലാണ് ഈ തട്ടിപ്പ് നടന്നതെന്നും ആഭ്യന്തര അന്വേഷണത്തിൽ ഇത് വ്യക്തമായെന്നും കമ്പനി വെളിപ്പെടുത്തി.
ഡൽഹി പൊലീസിന്റെ നിർദ്ദേശപ്രകാരമെന്ന പേരിൽ ലഭിച്ച ബ്ലോക്കിംഗ് നോട്ടീസുകളെ ചോദ്യം ചെയ്ത് ഐ.എഫ്.എഫും എസ്.എഫ്.എൽ.സിയും സമർപ്പിച്ച ഹരജികൾ ജസ്റ്റിസ് അമിത് മഹാജൻ പരിഗണിക്കവെയാണ് എക്സിന്റെ അഭിഭാഷകൻ ഇക്കാര്യം വ്യക്തമാക്കിയത്. ഹാൻഡിലുകൾ ബ്ലോക്ക് ചെയ്യില്ലെന്ന് 'എക്സ്' കോടതിയിൽ ഉറപ്പ് നൽകി. സംഭവത്തിൽ ഡൽഹി പൊലീസിൽ ഔദ്യോഗികമായി പരാതി നൽകിയതായും പ്ലാറ്റ്ഫോം അറിയിച്ചു. 'എക്സി'ന്റെ വിശദീകരണം രേഖപ്പെടുത്തിയ കോടതി, ഭാവിയിൽ എന്തെങ്കിലും തരത്തിലുള്ള നടപടികൾ ഉണ്ടായാൽ വീണ്ടും കോടതിയെ സമീപിക്കാനുള്ള സ്വാതന്ത്ര്യത്തോടെ ഇരു ഹരജികളും തീർപ്പാക്കി.
ആർ.എസ്.എസിന്റെ പേരിലുള്ള ഭീഷണി നോട്ടീസും വെബ് ഫോമിലൂടെയുള്ള വ്യാജ പരാതിയും
ഒക്ടോബർ 29-ന് പ്രോട്ടോൺ മെയിൽ വിലാസത്തിൽ നിന്നാണ് ഐ.എഫ്.എഫ്, എസ്.എഫ്.എൽ.സി, geoblockedindia എന്നിവർക്ക് ആദ്യ നോട്ടീസ് ലഭിച്ചത്. ഐ.ടി നിയമപ്രകാരം സർക്കാർ നൽകുന്ന ഉള്ളടക്ക നിയന്ത്രണ ഉത്തരവുകളെ പരസ്യമായി എതിർക്കുന്നത് അവസാനിപ്പിക്കണമെന്നും ജിയോ-ബ്ലോക്ക് ചെയ്ത ഉള്ളടക്കങ്ങൾ രേഖപ്പെടുത്തുന്നത് നിർത്തണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ പേരിൽ വ്യാജ 'ലീഗൽ നോട്ടീസ്' അയക്കുകയായിരുന്നു. അഭിഭാഷകന്റെ പേരോ എൻറോൾമെന്റ് നമ്പറോ വ്യക്തമായ നിയമ വകുപ്പുകളോ ഇതിലുണ്ടായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഡൽഹി പൊലീസിലെ ഒരു സ്പെഷ്യൽ പൊലീസ് കമ്മീഷണറുടെ പേരും ഔദ്യോഗിക ഡൊമെയ്ൻ ഇമെയിലും ദുരുപയോഗം ചെയ്ത് എക്സിന്റെ പൊതു വെബ് ഫോമിലൂടെ വ്യാജ പരാതി സമർപ്പിക്കപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ സംഘടനകൾക്കും 16 ഉപയോക്താക്കൾക്കും മൂന്ന് മണിക്കൂറിനകം ഉള്ളടക്കം നീക്കം ചെയ്യണമെന്ന് കാണിച്ച് എക്സ് നോട്ടീസ് അയക്കുകയായിരുന്നു.
ഡിജിറ്റൽ സുരക്ഷയിൽ ഉയർന്നുവരുന്ന ഗുരുതര ചോദ്യങ്ങൾ
സംഭവത്തിൽ ഡൽഹി പൊലീസ് അടിയന്തരമായി അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. നിയമപരമായ അഭിപ്രായപ്രകടനങ്ങളെ തടയാൻ ഒരു മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്റെ പേരിൽ വ്യാജ റിപ്പോർട്ട് നൽകിയത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് ഐ.എഫ്.എഫ് ചൂണ്ടിക്കാട്ടി. നവംബർ 3-ന് അയച്ച നോട്ടീസിനോട് ഡൽഹി പൊലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും 'എക്സ്' പരാതി നൽകിയ സാഹചര്യത്തിലെങ്കിലും പൊലീസ് മറുപടി പറയണമെന്നും സംഘടന ആവശ്യപ്പെട്ടു. ബി.എൻ.എസ് സെക്ഷൻ 356 പ്രകാരമുള്ള മാനനഷ്ടക്കേസ് ഒരു നോൺ-കോഗ്നിസിബിൾ കുറ്റമാണെന്നും മജിസ്ട്രേറ്റിന് മുൻപാകെ സമർപ്പിക്കുന്ന പരാതിയിലല്ലാതെ പൊലീസിന് വെബ് ഫോമിലൂടെ നടപടിയെടുക്കാനാവില്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഔദ്യോഗികമെന്ന് തോന്നിക്കുന്ന ഇമെയിൽ വിലാസങ്ങളിൽ നിന്ന് വരുന്ന സന്ദേശങ്ങൾ ഐ.ടി ചട്ടം 3(1)(d) പ്രകാരമുള്ള നിയമാനുസൃത നിർദ്ദേശങ്ങളല്ലെന്ന് ടെക് പ്ലാറ്റ്ഫോമുകൾ തിരിച്ചറിയണമെന്ന് ഐ.എഫ്.എഫ് ഓർമിപ്പിച്ചു. കൃത്യമായ പരിശോധനകൾ കൂടാതെ അക്കൗണ്ടുകൾക്കെതിരെ തിടുക്കപ്പെട്ട് നടപടിയെടുക്കുന്നത് ആവിഷ്കാര സ്വാതന്ത്ര്യത്തെ ബാധിക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.