ചൈനയെ ചെറുക്കാൻ ഇന്ത്യയുടെ ‘ബ്രഹ്മോസ്’ വാങ്ങാൻ ഫിലിപ്പീൻസ്; വൻ പ്രതിരോധ കരാറിന് കളമൊരുങ്ങുന്നു
ന്യൂഡൽഹി: ചൈനയുമായുള്ള സംഘർഷങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ, ഇന്ത്യയിൽ നിന്ന് പുതിയ 'ബ്രഹ്മോസ്' സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ വാങ്ങാൻ ഫിലിപ്പീൻസ് ഒരുങ്ങുന്നു. ഏകദേശം 700 ദശലക്ഷം മുതൽ 800 ദശലക്ഷം ഡോളർ വരെ വിലമതിക്കുന്ന ഈ പുതിയ പ്രതിരോധ കരാറിനെക്കുറിച്ച് റോയിട്ടേഴ്സ് വാർത്താ ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്. ഫിലിപ്പീൻസിലേക്ക് പുതിയതായി ഏകദേശം 60 മിസൈലുകളും 5 ബ്രഹ്മോസ് സിസ്റ്റങ്ങളും നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്.
ദക്ഷിണ ചൈനാ കടലിലെ ചൈനയുടെ അവകാശവാദങ്ങളെയും വെല്ലുവിളികളെയും പ്രതിരോധിക്കാൻ ഫിലിപ്പീൻസ് തങ്ങളുടെ തീരദേശ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. 2022ൽ ഒപ്പുവെച്ച 375 ദശലക്ഷം ഡോളറിന്റെ പഴയ കരാർ പ്രകാരമുള്ള മിസൈൽ കൈമാറ്റങ്ങൾ ഇന്ത്യ ഇപ്പോൾ പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിനുപിന്നാലെയാണ് പുതിയ കരാറിനായുള്ള ചർച്ചകൾ സജീവമായത്. പുതിയ മിസൈലുകൾ വാങ്ങാൻ പ്രസിഡന്റ് ഫെർഡിനാർഡ് മാർക്കോസ് ജൂനിയർ താൽപര്യപ്പെടുന്നുണ്ടെന്ന് ഫിലിപ്പീൻസ് പ്രതിരോധ മന്ത്രാലയ വക്താവ് ആഴ്സെനോ ആൻഡോലോങ് വ്യക്തമാക്കി. ഡൽഹി ഡിഫൻസ് ഡയലോഗിൽ സംസാരിക്കവെ, തങ്ങളുടെ ആവശ്യങ്ങൾ ഉൾക്കൊള്ളുന്ന പുതിയൊരു പട്ടിക ഇന്ത്യക്ക് കൈമാറിയിട്ടുണ്ടെന്ന് ഫിലിപ്പീൻസ് പ്രതിരോധ സെക്രട്ടറി ഗിൽബർട്ടോ ടിയോഡോറോയും അറിയിച്ചു.
ഇന്ത്യയും റഷ്യയും ചേർന്ന് സംയുക്തമായി വികസിപ്പിച്ചെടുത്ത ബ്രഹ്മോസ്, ലോകത്തിലെ ഏറ്റവും വേഗതയേറിയ ക്രൂയിസ് മിസൈലുകളിൽ ഒന്നാണ്. കര, യുദ്ധക്കപ്പലുകൾ, വിമാനങ്ങൾ എന്നിവയിൽ നിന്നെല്ലാം ഈ മിസൈൽ തൊടുത്തുവിടാൻ സാധിക്കും. കഴിഞ്ഞ വർഷം ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിനിടയിലാണ് ഇന്ത്യ ആദ്യമായി ഈ മിസൈൽ യുദ്ധമുഖത്ത് ഉപയോഗിച്ചത്.
ബ്രഹ്മോസ് പോലെയുള്ള പ്രതിരോധ സാമഗ്രികളുടെ കയറ്റുമതിയിലൂടെ ഇന്ത്യ വലിയ വളർച്ചയാണ് നേടുന്നത്. ഈ സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 384.24 ബില്യൺ രൂപയായി (ഏകദേശം 4.11 ബില്യൺ ഡോളർ) ഉയർന്നതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ഇത് മുൻവർഷത്തേക്കാൾ 62 ശതമാനത്തിലധികം വർധനവാണ്. കഴിഞ്ഞ ജൂലൈ മാസത്തിൽ ഇന്തോനേഷ്യയിലേക്ക് ബ്രഹ്മോസ് നൽകുമെന്ന് ഇന്ത്യ പ്രഖ്യാപിക്കുകയും വിയറ്റ്നാമുമായി കരാർ ഒപ്പിടുകയും ചെയ്തിരുന്നു. കൂടാതെ യു.എ.ഇ, തായ്ലൻഡ്, ദക്ഷിണാഫ്രിക്ക, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളുമായും ഇന്ത്യ സമാന ചർച്ചകൾ നടത്തിവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.