ബംഗളൂരുവിൽ കുടുംബത്തിലെ ഏഴ് പേരെ കൊലപ്പെടുത്തിയ കേസ്; പ്രതിയെ സഹായിച്ചത് പ്രായപൂർത്തിയാകാത്ത മകൾ
ബംഗളൂരുവിൽ കുടുംബത്തിലെ ഏഴ് പേരെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതക പരമ്പരയുടെ ഓരോ ഘട്ടത്തിലും മുഖ്യപ്രതിയായ ഡ്രൈവർക്ക് പ്രായപൂർത്തിയാകാത്ത മകൾ തന്നെ ഒത്താശ ചെയ്യുകയും എല്ലാ കാര്യങ്ങളിലും സഹായിക്കുകയും ചെയ്തിരുന്നതായി പൊലീസ് വ്യക്തമാക്കി.
കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയും ഭാര്യയുടെ ബന്ധുക്കളുമടക്കം ഏഴ് പേരെയാണ് ഇയാൾ അതിക്രൂരമായി കൊലപ്പെടുത്തിയത്. ഭാര്യ സുനിത, ഭാര്യാമാതാവ് രൂപാവതി, അളിയന്മാരായ ശിവകുമാർ, ശങ്കർ, ഇവരുടെ ഭാര്യമാരായ ദിവ്യ, നളിനി, ശിവകുമാറിന്റെ 7 വയസ്സുള്ള മകൻ പുനീത് എന്നിവരാണ് കൊല്ലപ്പെട്ടത്. 15 മുതൽ 20 ദിവസം വരെ എടുത്താണ് ഇയാൾ കൊലപാതകങ്ങൾ നടത്തിയതെന്നാണ് പൊലീസിന്റെ പ്രാധമിക നിഗമനം.
കൊലപാതകം നടപ്പിലാക്കുന്നതിലും തെളിവുകൾ നശിപ്പിക്കുന്നതിലും പ്രതിയുടെ മകൾ അച്ഛന് പൂർണ്ണ പിന്തുണ നൽകിയതായാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. രാജാജിനഗർ സ്റ്റേഷൻ പരിധിയിലെ ബസ്രൂം സർക്കിളിന് സമീപമുള്ള പ്രതിയുടെ വീട്ടിൽ വെച്ചാണ് കൊലപാതകങ്ങൾ നടന്നത്. അരകല്ല് ഉപയോഗിച്ച് തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ വിവിധ സ്ഥലങ്ങളിലായി തള്ളുകയായിരുന്നു.
വീട്ടിലുണ്ടായ രക്തക്കറകൾ നീക്കം ചെയ്യാൻ രാസവസ്തുക്കൾ ഉപയോഗിച്ചതായും അന്വേഷണത്തിൽ വ്യക്തമായി. കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണം എന്താണെന്നും മകൾക്ക് ഇതിൽ നേരിട്ടുള്ള പങ്കിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്നും കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി പ്രതികളെ ചോദ്യം ചെയ്തു വരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.