വ്യാജ ഫോം നൽകി കൂട്ട വോട്ടുവെട്ടൽ: പരാതി പരിശോധിക്കണമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: മുസ്ലിം വിഭാഗം തിങ്ങിപ്പാർക്കുന്ന ഡൽഹിയിലെ മുസ്തഫാബാദ് നിയമസഭ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ നിന്ന് വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്യുന്നതിനായി വ്യാജമായി ഫോം സെവൻ അപേക്ഷകൾ സമർപ്പിച്ചെന്ന പരാതി പരിശോധിക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷനോട് സുപ്രീംകോടതി.
എസ്.ഐ.ആർ നടപടിക്കിടെ അർഹരായ വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ വ്യാപകമായി വ്യാജ ഫോം സെവൻ അപേക്ഷകൾ നൽകിയെന്ന് ആരോപിച്ച് സമർപ്പിച്ച ഹരജി തീർപ്പാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് കമീഷന് നിർദേശം നൽകിയത്. പരാതിയിൽ സത്യമുണ്ടെന്ന് കണ്ടെത്തിയാൽ നിയമപരമായ തിരുത്തൽ നടപടികൾ സ്വീകരിക്കണമെന്ന് കോടതി കമീഷനോട് ആവശ്യപ്പെട്ടു.
ബൂത്ത് ലെവൽ ഏജന്റുമാരുടെ (ബി.എൽ.എ) പേരിലാണ് വോട്ടർമാരെ നീക്കം ചെയ്യാനുള്ള ഫോം സെവൻ അപേക്ഷകൾ സമർപ്പിച്ചിരിക്കുന്നതെന്നും, എന്നാൽ തങ്ങൾ ഇത്തരത്തിലുള്ള അപേക്ഷകൾ നൽകിയിട്ടില്ലെന്ന് ഏജന്റുമാർ പിന്നീട് വ്യക്തമാക്കിയതായുമുള്ള മാധ്യമ റിപ്പോർട്ടുകൾ ഹരജിക്കാരൻ കോടതിയിൽ ചൂണ്ടിക്കാട്ടി. മരണപ്പെട്ടെന്നോ താമസം മാറിയെന്നോ കാണിച്ചാണ് പല വോട്ടർമാരുടെയും പേരുകൾ ഒഴിവാക്കാൻ അപേക്ഷ നൽകിയതെന്നും എന്നാൽ ഇവരിൽ പലരും ജീവിച്ചിരിപ്പുണ്ടെന്നും അതേ വിലാസത്തിൽ തന്നെ താമസിക്കുന്നവരാണെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.
രാഷ്ട്രീയ പാർട്ടികൾ നിയമിക്കുന്ന ബി.എൽ.എമാരുടെ മേൽ തെരഞ്ഞെടുപ്പ് കമീഷന് നേരിട്ട് നിയന്ത്രണമില്ലെന്ന് നിരീക്ഷിച്ച ബെഞ്ച് ഹരജിക്കാരൻ ഇതിനോടകം തന്നെ തെരഞ്ഞെടുപ്പ് കമീഷനെയും ഡൽഹി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറെയും സമീപിച്ച സാഹചര്യത്തിൽ ആരോപണങ്ങളുടെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്ന് വ്യക്തമാക്കി.
നിയമം അനുശാസിക്കുന്ന രീതിയിൽ ഉചിതമായ തിരുത്തൽ നടപടികൾ സ്വീകരിക്കാൻ കമീഷനോട് നിർദേശിച്ച് ഹരജി കോടതി തീർപ്പാക്കി. നവംബർ അഞ്ചിന് മുസ്തഫാബാദ് മണ്ഡലത്തിൽ ലഭിച്ച 1,021 അപേക്ഷകളിൽ 787 അപേക്ഷകളും ബി.ജെ.പിയുടെ 20 ബൂത്ത് ലെവൽ ഏജന്റുമാരുടെ പേരിലാണ് സമർപ്പിക്കപ്പെട്ടതെന്ന് കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.