‘പഞ്ചാബ് ദേ ഗദ്ദാർ’; കൂറുമാറിയ എം.പിമാരുടെ വസതികൾക്കുമുന്നിൽ വ്യാപക പ്രതിഷേധം

ലുധിയാന/ജലന്ധർ: ആം ആദ്മി പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്ന രാജ്യസഭാ എം.പിമാർക്കെതിരെ പഞ്ചാബിൽ വ്യാപക പ്രതിഷേധം. രാഘവ് ഛദ്ദ, സന്ദീപ് പഥക് എന്നീ പ്രമുഖരടക്കം ഏഴ് എം.പിമാർ പാർട്ടി വിട്ടതിന് പിന്നാലെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ എ.എ.പി പ്രവർത്തകർ തെരുവിലിറങ്ങിയത്. ലുധിയാനയിലും ജലന്ധറിലും എം.പിമാരുടെ വീടിന്റെ മതിലുകളിൽ ‘ഗദ്ദാർ’ (ദ്രോഹി) എന്ന് സ്പ്രേ പെയിന്റ് ഉപയോഗിച്ച് പ്രതിഷേധക്കാർ എഴുതി. രാജീന്ദർ ഗുപ്ത, ക്രിക്കറ്റ് താരം ഹർഭജൻ സിങ്, അശോക് മിത്തൽ എന്നിവരുടെ വസതിക്കുമുന്നിലാണ് മുദ്രാവാക്യങ്ങളുമായി എ.എ.പി പ്രവർത്തകർ അണിനിരന്നു.

ലുധിയാനയിൽ എം.പി രാജീന്ദർ ഗുപ്തയുടെ വീടിന് മുന്നിൽ എ.എ.പി പഞ്ചാബ് യൂത്ത് വിങ് ആക്ടിങ് പ്രസിഡന്റ് പർമീന്ദർ ഗോൾഡിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം നടന്നു. പഞ്ചാബിലെ ജനങ്ങളെ വഞ്ചിച്ച എം.പിമാർക്ക് ചരിത്രം മാപ്പുനൽകില്ലെന്ന് അദ്ദേഹം പറഞ്ഞു. അരവിന്ദ് കെജ്രിവാളിന്റെ വികസന രാഷ്ട്രീയത്തിൽ ഭയപ്പെട്ട ബി.ജെ.പി കുതിരക്കച്ചവടത്തിലൂടെ എ.എ.പിയെ തകർക്കാൻ ശ്രമിക്കുകയാണെന്നും എന്നാൽ പാർട്ടി ഒറ്റക്കെട്ടായി ഇതിനെ നേരിടുമെന്നും ഗോൾഡി വ്യക്തമാക്കി.

ബി.ജെ.പിക്ക് പഞ്ചാബിൽ രാഷ്ട്രീയമായി നിലനിൽപ്പില്ലാത്തതിനാലാണ് ഇത്തരത്തിലുള്ള അവിശുദ്ധ നീക്കങ്ങൾ നടത്തുന്നതെന്ന് ജലന്ധറിലെ പ്രതിഷേധത്തിന് നേതൃത്വം നൽകിയ എ.എ.പി നേതാവ് പവൻ കുമാർ ടിനു ആരോപിച്ചു. 2027ലെ നിയമസഭ തിരഞ്ഞെടുപ്പിൽ എ.എ.പി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്നും കോൺഗ്രസും ബി.ജെ.പിയും അകാലിദളും ചേർന്ന് എ.എ.പിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് എ.എ.പിയുടെ പ്രമുഖ രാജ്യസഭാ അംഗങ്ങളായ രാഘവ് ഛദ്ദയും സന്ദീപ് പഥക്കും ബി.ജെ.പിയിൽ ചേരുന്നതായി പ്രഖ്യാപിച്ചത്. ഇവർക്കൊപ്പം അശോക് മിത്തൽ, ഹർഭജൻ സിംഗ്, രാജീന്ദർ ഗുപ്ത, സ്വാതി മലിവാൾ, വിക്രംജിത് സാഹ്നി എന്നീ എം.പിമാരും പാർട്ടി വിടുകയായിരുന്നു.

Tags:    
News Summary - Widespread protests in front of the residences of defected MPs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.