ന്യൂഡൽഹി: കോവിഡ് വ്യാപനം തടയാൻ ലോകരാജ്യങ്ങൾ ഒന്നിനുപിറകെ ഒന്നായി സ്വയം ‘അടച്ചുപൂട്ടൽ’ (ലോക് ഡൗൺ) പ്രഖ്യാപിക്കുകയാണ്. ഇന്ത്യയിൽ 17 സംസ്ഥാനങ്ങളിലെയും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 80 ജില്ലകളിൽ കേന്ദ്രസർക്കാർ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചുകഴിഞ്ഞു. അപ്പോൾ സ്വാഭാവികമായും ആശങ്ക ഉയരാം, അടച്ചുപൂട്ടിയാൽ എന്തു സംഭവിക്കും?
ലോക് ഡൗൺ പ്രഖ്യാപിച്ചാൽ ബാങ്കുകൾ, എ.ടി.എമ്മുകൾ, പലചരക്ക് കടകൾ, എൽ.പി.ജി, റെസ്റ്റോറൻറുകൾ, പെട്രോൾ, ഡീസൽ, മെഡിക്കൽ തുടങ്ങിയ അവശ്യ സേവനങ്ങൾ നിയന്ത്രണവിധേയമായി ലഭിക്കുമെന്നാണ് കേന്ദ്രസർക്കാർ ഞായറാഴ്ച അറിയിച്ചത്. പ്രധാനമായും നാല് ഇനങ്ങളായാണ് ഇവ തിരിച്ചിരിക്കുന്നത്. സർക്കാർ തയാറാക്കിയ അവശ്യ സേവനങ്ങളുടെയും ചരക്കുകളുടെയും പട്ടിക നോക്കാം:
ലോക്ക്ഡൗണിൽനിന്ന് ഒഴിവാക്കിയവ:
1. ഭക്ഷ്യവസ്തുക്കൾ:
ഗോതമ്പ്, അരി, പലചരക്ക്, പഴങ്ങൾ, പച്ചക്കറികൾ, പാൽ, പാൽ ഉൽപ്പന്നങ്ങൾ, എഫ്.സി.ഐ, സംസ്ഥാന ഭക്ഷ്യ ഡിപ്പോകൾ,
കാലിത്തീറ്റ, ഭക്ഷണശാല, റേഷൻ കടകൾ, ചന്തകൾ (പഴം- പച്ചക്കറി- പലചരക്ക്- മാംസം- മത്സ്യം), കൃഷി -മൃഗസംരക്ഷണം -മത്സ്യബന്ധനം എന്നിവയുമായി ബന്ധപ്പെട്ട കടകളും വിപണികളും.
2. ആരോഗ്യ മേഖല:
ആരോഗ്യ സേവനങ്ങൾ, മരുന്നുകളും മറ്റ് അനുബന്ധ വസ്തുക്കളും, ഫാർമസികൾ, മെഡിക്കൽ ഉപകരണങ്ങളുടെ നിർമ്മാണവും വിതരണവും
3.മറ്റ് സേവനങ്ങൾ:
ചരക്ക് ഗതാഗതം, പത്രങ്ങൾ, ബാങ്കുകൾ, എ.ടി.എമ്മുകൾ, പൊലീസ്, ഫയർ ഫോഴ്സ്, എമർജൻസി സേവനങ്ങൾ, സർക്കാർ ഓഫിസുകൾ, തപാൽ ഓഫിസുകൾ, ടെലികോം, പെട്രോൾ, ഡീസൽ പമ്പുകൾ, മൊബൈൽ, ഇൻറർനെറ്റ് ബാങ്കിങ്.
4. ഗാർഹിക സേവനങ്ങൾ:
വൈദ്യുതി, ജലവിതരണം, പാചക വാതക വിതരണം.
എന്തിനെയൊക്കെ ബാധിക്കും:
അടച്ചുപൂട്ടിയ ജില്ലകളിൽ എ.സി ബസ് സർവിസുകൾ നിർത്തിവെക്കും. ഇത്തരം ജില്ലകളിനിന്ന് അന്തർ ജില്ല, അന്തർ സംസ്ഥാന ഗതാഗതം തടയും. വാണിജ്യ സ്ഥാപനങ്ങൾ, വർക്ക്‌ഷോപ്പുകൾ, അവശ്യ സർവിസിൽ ഉൾപ്പെടാത്ത ഗോഡൗണുകൾ എന്നിവ പ്രവർത്തിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.