സ്വർണം വാങ്ങരുതെന്ന് ഇന്ദിരാഗാന്ധി; 'ദ ഹിന്ദു'വിന്റെ പേരിൽ പ്രചരിക്കുന്നത് വ്യാജവാർത്ത

ന്യൂഡൽഹി: രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ സ്വർണം വാങ്ങരുതെന്ന് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ജനങ്ങളോട് അഭ്യർത്ഥിച്ചതായുള്ള സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം വ്യാജമാണെന്ന് 'ദ ഹിന്ദു' ദിനപത്രം. 1967 ജൂൺ ആറിലെ പത്രത്തിന്റെ മുൻപേജ് എന്ന നിലയിലാണ് ഇന്ദിരാഗാന്ധിയുടെ ചിത്രത്തോടൊപ്പം ഇത്തരമൊരു വാർത്താ ചിത്രം വ്യാപകമായി പ്രചരിക്കുന്നത്. എന്നാൽ ഇത് ഡിജിറ്റലായി എഡിറ്റ് ചെയ്തതാണെന്നും തങ്ങളുടെ ആർക്കൈവ്സിലുള്ള യഥാർത്ഥ പേജല്ല ഇതെന്നും 'ദ ഹിന്ദു' ഔദ്യോഗികമായി വ്യക്തമാക്കി.

മധ്യേഷ്യയിലെ സംഘർഷങ്ങളെത്തുടർന്ന് എണ്ണവില വർധിക്കുന്ന സാഹചര്യത്തിൽ അനാവശ്യ ചെലവുകൾ ഒഴിവാക്കണമെന്നും സ്വർണം വാങ്ങുന്നത് നിയന്ത്രിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൈദരാബാദിൽ വെച്ച് ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മോദിയുടെ വാക്കുകൾക്ക് സമാനമായ നിലപാട് ഇന്ദിരാഗാന്ധിയും സ്വീകരിച്ചിരുന്നു എന്ന തരത്തിൽ ബി.ജെ.പി അനുകൂല പ്രൊഫൈലുകൾ ഈ ചിത്രം പ്രചരിപ്പിച്ചത്. ഇന്ദിരാഗാന്ധിയുടെ അഭ്യർത്ഥനയെ 'ദേശീയ അച്ചടക്കം' എന്നാണ് വ്യാജ വാർത്താ ചിത്രത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്.

സംഗതി വിവാദമായതോടെ പത്രത്തിന്റെ എഡിറ്റർ ഇൻ ചീഫ് സുരേഷ് നമ്പത്തും മുതിർന്ന മാധ്യമപ്രവർത്തകരും വിശദീകരണവുമായി രംഗത്തെത്തി. 1967 ജൂൺ ആറിലെ യഥാർത്ഥ മുൻപേജിൽ ഇസ്രായേൽ-അറബ് യുദ്ധത്തെക്കുറിച്ചുള്ള വാർത്തയായിരുന്നു പ്രധാനമെന്നും സ്വർണം വാങ്ങുന്നതിനെക്കുറിച്ച് അത്തരമൊരു വാർത്ത നൽകിയിട്ടില്ലെന്നും അവർ വ്യക്തമാക്കി. യഥാർത്ഥ പത്രത്തിന്റെ പകർപ്പും അവർ പുറത്തുവിട്ടു.

അതേസമയം, പ്രചരിക്കുന്ന പത്രവാർത്ത വ്യാജമാണെങ്കിലും ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് സ്വർണം കൈവശം വെക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു എന്നത് വസ്തുതയാണ്. സ്വർണ്ണക്കടത്ത് തടയാനും രൂപയുടെ മൂല്യം ഇടിയുന്നത് പ്രതിരോധിക്കാനും അന്നത്തെ ധനമന്ത്രി മൊറാർജി ദേശായി 'ഗോൾഡ് കൺട്രോൾ ആക്ട്' കൊണ്ടുവന്നിരുന്നു. സ്വർണ്ണക്കട്ടികളും നാണയങ്ങളും കൈവശം വെക്കുന്നത് വിലക്കിയിരുന്ന ഈ നിയമം 1990-ലാണ് റദ്ദാക്കിയത്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും വാർത്തകൾ പങ്കുവെക്കുന്നതിന് മുൻപ് വസ്തുതകൾ പരിശോധിക്കണമെന്നും 'ദ ഹിന്ദു' വായനക്കാർക്ക് മുന്നറിയിപ്പ് നൽകി.

Tags:    
News Summary - Viral 'The Hindu' report claiming Indira Gandhi urged people not to buy gold is fake; propaganda used edited image

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.