നാവികസേനയുടെ പുതിയ വൈസ് ചീഫായി വൈസ് അഡ്മിറൽ അജയ് കൊച്ചാർ ചുമതലയേറ്റു

ന്യൂഡൽഹി: ഇന്ത‍്യന്‍ നാവികസേനയുടെ 48-ാമത് വൈസ് ചീഫായി വൈസ് അഡ്മിറൽ അജയ് കൊച്ചാർ ചുമതലയേറ്റു. ചുമതലയേറ്റ ശേഷം ന്യൂഡൽഹിയിലെ ദേശീയ യുദ്ധസ്മാരകത്തിൽ അദ്ദേഹം പുഷ്പചക്രം അർപ്പിച്ചു. ആൻഡമാൻ ആൻഡ് നിക്കോബാർ കമാൻഡിന്റെ കമാൻഡർ ഇൻ ചീഫ് ആയിരുന്ന അജയ് കൊച്ചാർ കര, നാവിക, വ്യോമ സേനകളുടെ പ്രവർത്തന ഏകോപനത്തിലും സംയുക്ത പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലും പ്രധാന പങ്ക് വഹിച്ചു.

പുണെ നാഷണൽ ഡിഫൻസ് അക്കാദമിയിലെ പൂർവ്വ വിദ്യാർഥിയായ അദ്ദേഹം 1988 ജൂലൈ ഒന്നിനാണ് ഇന്ത്യൻ നാവികസേനയിൽ കമ്മീഷൻ ചെയ്തത്. ഗണ്ണറി, മിസൈൽ സിസ്റ്റംസ് എന്നിവയിൽ വൈദഗ്ദ്യം നേടിയ അദ്ദേഹം 37 വർഷത്തോളം നീണ്ടുനിന്ന സർവീസിൽ നിരവധി സുപ്രധാന ചുമതലകൾ വഹിച്ചിട്ടുണ്ട്. ഐ.എൻ.എസ് നാഷക്, വൈഭുതി, കിർപാൻ എന്നീ ഇന്ത്യൻ യുദ്ധക്കപ്പലുകളുടെ കമാൻഡിംഗ് ഓഫീസറായിരുന്ന അജയ് ഐ.എൻ.എസ് ത്രികാൻഡ് എന്ന ഫ്രിഗേറ്റിന്റെ ആദ്യ കമാൻഡിംഗ് ഓഫീസറുമായിരുന്നു. കൂടാതെ ഐ.എൻ.എസ് വിക്രമാദിത്യ എന്ന വിമാനവാഹിനിക്കപ്പലിന്റെ കമാൻഡിംഗ് ഓഫീസറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കാലാവധിയിലാണ് ഈ വിമാനവാഹിനിക്കപ്പലിന്റെ എയർ വിങ് വിജയകരമായി സംയോജിപ്പിച്ചതും പ്രവർത്തനസജ്ജമാക്കിയതും.

വെല്ലിംഗ്ടൺ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജ്, ഗോവ നേവൽ വാർ കോളേജ്, യു.കെ റോയൽ കോളേജ് ഓഫ് ഡിഫൻസ് സ്റ്റഡീസ് എന്നിവിടങ്ങളിൽ നിന്നാണ് അജയ് കൊച്ചാർ ബിരുദം നേടിയത്. 2018ൽ ഫ്ലാഗ് റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച അദ്ദേഹം അസിസ്റ്റന്റ് കൺട്രോളർ ഓഫ് കാരിയർ പ്രൊജക്ട്സ്, അസിസ്റ്റന്റ് കൺട്രോളർ ഓഫ് വാർഷിപ്പ് പ്രൊഡക്ഷൻ ആൻഡ് അക്വിസിഷൻ എന്നീ പദവികളിൽ സേവനമനുഷ്ഠിച്ചു. തുടർന്ന് 2021ൽ വെസ്റ്റേൺ ഫ്ലീറ്റിന്റെ കമാൻഡിംഗ് ഓഫീസറായ ശേഷം നാഷണൽ ഡിഫൻസ് അക്കാദമി കമാൻഡന്റായി ചുമതലയേൽക്കുകയും ചെയ്തു. അക്കാദമിയിൽ പരിശീലന നിലവാരവും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിൽ അദ്ദേഹം നിർണായക സംഭാവനകൾ നൽകിയിരുന്നു.

പടിഞ്ഞാറൻ സമുദ്രമേഖലയിലെ വെല്ലുവിളി നിറഞ്ഞ ഘട്ടത്തിൽ 2024 ലാണ് അദ്ദേഹം വെസ്റ്റേൺ നേവൽ കമാൻഡിന്റെ ചീഫായി ചുമതലയേറ്റത്. 'ഓപ്പറേഷൻ സിന്ദൂർ' ഉൾപ്പെടെയുള്ള സൈനിക ഓപ്പറേഷനിൽ അദ്ദേഹം ഭാഗമായി. അസാധാരണമായ നേതൃപാടവവും ഉന്നതതലത്തിലുള്ള മാതൃകാ സേവനവും പരിഗണിച്ച് 2022ൽ അതിവിശിഷ്ട സേവാ മെഡലും 2026ൽ പരമവിശിഷ്ട സേവാ മെഡലും നൽകി രാജ്യം അജയ് കൊച്ചാറിനെ ആദരിച്ചിരുന്നു.

Tags:    
News Summary - Vice Admiral Ajay Kochhar took charge as the new Vice Chief of the Indian Navy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.