കമാൽ മൗല സമുച്ചയത്തിന് സമീപം അനുവദിച്ച സ്ഥലത്ത് നമസ്കരിക്കുന്ന മുസ്‍ലിംകൾ
ധർ (എം.പി): സുപ്രീംകോടതിയുടെ അനുമതി ലഭിച്ചതിനെ തുടർന്ന് കമാൽ മൗല സമുച്ചയത്തിന് സമീപം വെള്ളിയാഴ്ച മുസ്‍ലിം സമൂഹം പ്രാർഥന നടത്തി. കമാൽ മൗല പള്ളി, സരസ്വതി ദേവിയുടെ ക്ഷേത്രമാണെന്ന് മേയിൽ മധ്യപ്രദേശ് ഹൈകോടതി വിധിച്ചതിനുശേഷം ആദ്യമായാണ് ഇവിടെ മുസ്‍ലിംകൾക്ക് പ്രാർഥനക്ക് അവസരം ലഭിക്കുന്നത്. ജില്ല ഭരണകൂടവുമായി മുസ്‍ലിം സമുദായ നേതാക്കൾ നടത്തിയ ചർച്ചയിൽ ഭോജ്ശാലക്ക് സമീപമുള്ള സർവേ നമ്പർ 612ൽ വെള്ളിയാഴ്ച പ്രാർഥനക്കുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കിയിരുന്നു. പ്രാർഥന നിർവഹിക്കാൻ ആവശ്യമായ എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നതായി ധർ ജില്ല കലക്ടർ രാജീവ് രഞ്ജൻ മീണയും അറിയിച്ചിരുന്നു. ജുമുഅ നമസ്കാരത്തിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.
11ാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട സമുച്ചയത്തോട് ചേർന്നുള്ള ദർഗക്ക് സമീപം വെള്ളിയാഴ്ച പ്രാർഥന നിർവഹിക്കാൻ മുസ്‍ലിം സമൂഹത്തെ അനുവദിക്കണമെന്ന് വ്യാഴാഴ്ച സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. പ്രാർഥനക്ക് ആവശ്യമായ സജ്ജീകരണങ്ങൾ ഉറപ്പുവരുത്തണമെന്ന് മധ്യപ്രദേശ് സർക്കാറിനും പരമോന്നത കോടതി നിർദേശം നൽകിയിരുന്നു. ഉച്ചക്ക് ഒന്നിനും മൂന്നിനും ഇടയിലുള്ള സമയമാണ് പ്രാർഥനക്കായി അനുവദിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.