ദുരന്തത്തിന് തൊട്ടുമുമ്പ് ഹെലികോപ്റ്ററിനുള്ളിൽ നിന്ന് കുടുംബത്തിന് ഹിമാലയത്തിന്റെ ചിത്രം പകർത്തി അയച്ചു; നോവായി ബദരീനാഥ് അപകടത്തിൽ മരിച്ച യുവാവ്
ടേക്ക്-ഓഫിന് തൊട്ടുമുമ്പ് കാമറയിലേക്ക് നോക്കി പുഞ്ചിരിക്കുന്ന മുഖം, പിന്നാലെ മഞ്ഞുമൂടിയ ഹിമാലയൻ നിരകളുടെ ദൃശ്യങ്ങൾ. സമുദ്രനിരപ്പിൽ നിന്ന് 11,000 അടിയോളം ഉയരത്തിൽ സ്ഥിതിചെയ്യുന്ന പ്രധാന തീർഥാടന കേന്ദ്രമായ ബദരീനാഥിൽ നിന്ന് ഡെറാഡൂണിന് സമീപമുള്ള സഹസ്രധാരയിലേക്ക് പുറപ്പെട്ട ഹെലികോപ്റ്ററിലിരുന്ന് 41കാരനായ പ്രതാപ് ബച്ചിഹള്ളി നിംഗരാജു വെള്ളിയാഴ്ച കുടുംബത്തിന് അയച്ച അവസാനത്തെ രണ്ട് വിഡിയോ സന്ദേശങ്ങളായിരുന്നു ഇവ.
ആദ്യ വിഡിയോയിൽ പ്രതാപ് പുഞ്ചിരിക്കുന്നതും രണ്ടാമത്തെ വിഡിയോയിൽ ജനലിലൂടെ പുറത്തെ മഞ്ഞുമൂടിയ മലനിരകൾ കാണിക്കുന്നതുമാണ് ഉള്ളത്. ഉച്ചയ്ക്ക് 1.12ന് അയച്ച ഈ വിഡിയോകളായിരുന്നു കുടുംബത്തിന് ലഭിച്ച അവസാന സന്ദേശം. രണ്ട് മിനിറ്റിനുള്ളിൽ ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടമായി. ഉച്ചയ്ക്ക് 2.20 ഓടെ ലക്ഷ്യസ്ഥാനമായ ജോഷിമഠിന് സമീപമുള്ള ഒരു ഗ്രാമത്തിൽ തകർന്നുവീണ ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി.
പൈലറ്റ് ഉൾപ്പെടെ പ്രതാപും കൂടെയുണ്ടായിരുന്ന മറ്റ് അഞ്ച് പേരും മരിച്ചതായി സ്ഥിരീകരിച്ചു. പ്രതാപിനെ കൂടാതെ കർണാടക സ്വദേശികളായ അരുൺ സാലുങ്കെ, സുധീർ കെ, എച്ച്.എസ്. നടരാജ്, ശങ്കരഗൗഡ വി.ബി എന്നിവരാണ് അപകടത്തിൽപ്പെട്ട മറ്റ് യാത്രക്കാർ. 48കാരനായ പൈലറ്റ് ക്യാപ്റ്റൻ ഹിമാൻഷു സബർവാൾ ഡൽഹി സ്വദേശിയാണ്. മരിച്ച അരുൺ സാലുങ്കെ (44) ബംഗളൂരു സിറ്റി സെൻട്രൽ ക്രൈംബ്രാഞ്ചിലെ ഇൻസ്പെക്ടറാണ്.
ടേക്ക്-ഓഫ് ചെയ്ത് രണ്ട് മിനിറ്റിനുള്ളിൽ തന്നെ ഹെലികോപ്റ്ററുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടതായി ചമോലി എസ്.പി സൂരജിത് സിങ് പൻവാർ പറഞ്ഞു. 'ട്രാൻസ് ഭാരത് ഏവിയേഷൻ' കമ്പനിയുടെ VT-HCX എന്ന ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. ജോഷിമഠ് താഴ്വരയ്ക്ക് മുകളിലൂടെ പറക്കുമ്പോഴാണ് സിഗ്നൽ നഷ്ടമായത്. ഉത്തരാഖണ്ഡ് സിവില് ഏവിയേഷൻ ഡെവലപ്മെന്റ് അതോറിറ്റിയുടെ (UCADA) ട്രാക്കിംഗ് സിസ്റ്റത്തിലും ഹെലികോപ്റ്ററിന്റെ വിവരങ്ങൾ ലഭിക്കാതായി.
ആർമി സിഗ്നൽ സെന്റർ ടീമാണ് ഹാത്തി പർവത് മേഖലയിൽ തകർന്നുവീണ ഹെലികോപ്റ്റർ ആദ്യം കണ്ടെത്തിയത്. വേഗത്തിൽ ഉയരം കുറഞ്ഞുവന്ന ഹെലികോപ്റ്ററിൽ നിന്ന് പുക ഉയർന്നതായി ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ വ്യക്തമാക്കി. ചായ് ഗ്രാമത്തിലെ അവശിഷ്ടങ്ങൾക്ക് സമീപത്തുനിന്നാണ് പൈലറ്റിന്റെയും യാത്രക്കാരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. എന്നാൽ ഇരുട്ടും ദുർഘടമായ ഭൂപ്രകൃതിയും കാരണം മൃതദേഹങ്ങൾ ഉടനടി മാറ്റാൻ കഴിഞ്ഞില്ല. മൃതദേഹങ്ങൾ ശനിയാഴ്ച ജോഷിമഠിലേക്ക് മാറ്റി പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കുമെന്ന് അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് വിവേക് പ്രകാശ് അറിയിച്ചു.
അപകടത്തെക്കുറിച്ച് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണം നടത്തും. അന്വേഷണ സംഘം സംഭവസ്ഥലത്തേക്ക് തിരിചിട്ടുണ്ട്. മുൻകരുതലെന്ന നിലയിൽ ട്രാൻസ് ഭാരത് ഏവിയേഷൻ കമ്പനിയുടെ മുഴുവൻ ഹെലികോപ്റ്ററുകളുടെയും സർവീസ് താൽക്കാലികമായി നിർത്തിവെച്ചതായി യുകാഡ സി.ഇ.ഒ പ്രതീക ജെയിൻ അറിയിച്ചു.
ബദരീനാഥ് ക്ഷേത്രത്തിൽ നിന്ന് ഏകദേശം 45 കിലോമീറ്റർ അകലെയാണ് അപകടസ്ഥലം. ബദരീനാഥിൽ നിന്ന് ഡെറാഡൂണിലേക്ക് ഹെലികോപ്റ്ററിൽ ഒരു മണിക്കൂർ യാത്ര മതിയാകും, എന്നാൽ റോഡ് മാർഗ്ഗം ഇത് 326 കിലോമീറ്ററാണ്. ഉത്തരാഖണ്ഡിലെ ചാർ ധാം മേഖലയിൽ ഹെലികോപ്റ്റർ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിക്കുന്നതിനിടയിലാണ് ഈ ദുരന്തം. ഈ വർഷം ഏപ്രിലിൽ ബദരീനാഥ് നട തുറന്നതിന് ശേഷം 21.55 ലക്ഷത്തിലധികം തീർത്ഥാടകരാണ് ക്ഷേത്രം സന്ദർശിച്ചത്. ഈ കാലയളവിൽ 87 തീർഥാടകർ വിവിധ കാരണങ്ങളാൽ മരണപ്പെട്ടിട്ടുണ്ട്. 2020നും 2025നും ഇടയിൽ ഹെലികോപ്റ്റർ സർവീസുകളുമായി ബന്ധപ്പെട്ട് 12 അപകടങ്ങൾ നടന്നിട്ടുണ്ടെന്നും ഇതിൽ 30 പേർ മരിച്ചതായും സർക്കാർ കഴിഞ്ഞ വർഷം ജൂലൈയിൽ രാജ്യസഭയെ അറിയിച്ചിരുന്നു. ഇതിൽ ഏഴ് അപകടങ്ങളും ഉത്തരാഖണ്ഡിലാണ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.