രേഖാ ഗുപ്ത
കോൺഗ്രസിനെതിരെ ബി.ജെ.പിയുടെ ‘സിഖ് ഓപറേഷൻ’; ഒരു വിഭാഗം നാളെ തെരുവിലിറങ്ങും
ന്യൂഡൽഹി: കോൺഗ്രസിന്റെ 'വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ' റാലിക്കെതിരെ ഒരു വിഭാഗം സിഖ് സമൂഹവും ബിജെപിയും സംയുക്തമായി നാളെ (നവംബർ 1) പടിഞ്ഞാറൻ ഡൽഹിയിലെ ഹരി നഗറിൽ പ്രതിഷേധ മാർച്ച് നടത്തുന്നു. ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്തയും പ്രതിഷേധ മാർച്ചിന്റെ ഭാഗമായേക്കുമെന്നാണ് റിപ്പോർട്ടുകൾ. 1984ലെ സിഖ് വിരുദ്ധ കലാപത്തിന്റെ വാർഷിക ദിനത്തിൽ തന്നെ രാംലീല മൈതാനത്ത് കോൺഗ്രസ് റാലി സംഘടിപ്പിക്കുന്നതിൽ പ്രതിഷേധിച്ചാണ് ഒരു വിഭാഗം സിഖ് സമൂഹവും ബിജെപിയും മാർച്ച് നടത്തുന്നത്.
കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി മാർച്ചിന് നേതൃത്വം നൽകും. കേന്ദ്രമന്ത്രിയും ഡൽഹി ബിജെപി അധ്യക്ഷനുമായ ഹർഷ് മൽഹോത്ര, ബിജെപി നേതാവ് മൻജീന്ദർ സിങ് സിർസ എന്നിവരും പങ്കാളികളാകും. 1984ലെ കലാപബാധിത കുടുംബങ്ങളും ആയിരക്കണക്കിന് സിഖ് പൗരന്മാരും ബിജെപി പ്രവർത്തകരുമാണ് പ്രതിഷേധത്തിൽ പങ്കുചേരുന്നത്.
1984 ഒക്ടോബർ 31 മുതൽ നവംബർ 3 വരെയുള്ള ദിനങ്ങൾ രാജ്യ ചരിത്രത്തിലെ കറുത്ത അധ്യായങ്ങളാണെന്ന് ഹർഷ് മൽഹോത്ര ഓർമ്മിപ്പിച്ചു. നിരപരാധികളായ സിഖുകാരുടെ കൊലപാതകത്തിന് കോൺഗ്രസ് മാപ്പ് പറയുന്നതിന് പകരം, അതേ ദിനത്തിൽ രാഹുൽ ഗാന്ധിയെ രാഷ്ട്രീയമായി വീണ്ടും അവതരിപ്പിക്കാൻ റാലി നടത്തുന്നത് സിഖ് സമൂഹത്തിന്റെ വികാരങ്ങളെ മുറിവേൽപ്പിക്കുന്നതാണെന്ന് അദ്ദേഹം ആരോപിച്ചു.
ദീപാവലി ആഘോഷ വേളയിൽ ഇത്രയും വലിയ റാലി സംഘടിപ്പിക്കുന്നത് തലസ്ഥാനത്ത് കടുത്ത ഗതാഗതക്കുരുക്കിന് വഴിവെക്കുമെന്നും വ്യാപാരികളെ പ്രതികൂലമായി ബാധിക്കുമെന്നും ബിജെപി ചൂണ്ടിക്കാട്ടി. റാലി മാറ്റിവെക്കണമെന്ന വ്യാപാരികളുടെ അഭ്യർഥന കോൺഗ്രസ് തള്ളിക്കളഞ്ഞിരുന്നു. നവംബർ ഒന്ന് മുതൽ ഡൽഹിക്ക് പുറത്തുനിന്നുള്ള ബിഎസ്-VI (BS-VI) അല്ലാത്ത വാഹനങ്ങൾക്ക് നിയന്ത്രണം വരാനിരിക്കെ, റാലിക്കെത്തുന്ന വാഹനങ്ങൾ തടഞ്ഞാൽ ബോധപൂർവം വിവാദമുണ്ടാക്കാൻ കോൺഗ്രസ് ശ്രമിച്ചേക്കുമെന്നും ബിജെപി ആരോപിച്ചു.
പ്രതിഷേധങ്ങൾക്കിടയിലും രാംലീല മൈതാനത്ത് ഞായറാഴ്ച നടക്കാനിരിക്കുന്ന 'വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ' റാലിയുടെ ഒരുക്കങ്ങൾ കോൺഗ്രസ് പൂർത്തിയാക്കി വരുന്നു. ഡൽഹി കോൺഗ്രസ് അധ്യക്ഷൻ ദേവേന്ദർ യാദവിന്റെ നേതൃത്വത്തിൽ വേദി, സുരക്ഷ, പാർക്കിങ് സൗകര്യങ്ങൾ എന്നിവ വിലയിരുത്തി. എന്നാൽ രാംലീല മൈതാനത്ത് പ്രതിഷേധിക്കാനുള്ള അനുമതി മാത്രമേ പൊലീസ് നൽകിയിട്ടുള്ളൂ. മാർച്ച് സംഘടിപ്പിക്കാൻ ഇതുവരെ അനുമതി നൽകിയിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
റാലിയിൽ 10 ലക്ഷത്തിലധികം ആളുകൾ പങ്കാളികളാകുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. പ്രതിഷേധത്തിന് പിന്തുണയുമായി ഇൻഫ്ളുവൻസറും യൂട്യൂബറുമായ ധ്രുവ് റാഠിയും ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന്റെ ദേശീയ പ്രസിഡന്റുമായ നേഹ ബോറയും പിന്തുണ നൽകിയിട്ടിട്ടുണ്ട്. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുന്നതിനും വോട്ട് തട്ടിപ്പിനെതിരെ പോരാടുന്നതിനുമാണ് റാലി സംഘടിപ്പിക്കുന്നതെന്ന് ദേവേന്ദർ യാദവ് വ്യക്തമാക്കി. ഇതിനായി 20 പ്രത്യേക കമ്മിറ്റികൾക്ക് കോൺഗ്രസ് രൂപം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.