വാൻഡൈക്ക്

തിഹാർ ജയിലിൽ മർദനത്തിന് ഇരയായെന്ന് യു.എസ് പൗരൻ; 24 മണിക്കൂർ ചികിത്സ നിഷേധിച്ചെന്നും ആരോപണം

ന്യൂഡൽഹി: മ്യാൻമർ തീവ്രവാദ മൊഡ്യൂൾ കേസിൽ അറസ്റ്റിലായ യു.എസ് പൗരൻ മാത്യു വാൻഡൈക്ക് തിഹാർ ജയിലിൽ ആറുമാസത്തെ തടവുകാലയളവിൽ ആവർത്തിച്ചുള്ള മർദനത്തിന് ഇരയായതായി ആരോപണം. നെഞ്ചിലും കൈകളിലും ലാത്തികൊണ്ട് മർദിച്ചെന്നും നെഞ്ചിന് പരുക്കേറ്റിട്ടും 24 മണിക്കൂറോളം വൈദ്യസഹായം ലഭിച്ചില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇതുസംബന്ധിച്ച് യു.എസ് എംബസിക്ക് കൈമാറിയ കൈയെഴുത്ത് സത്യവാങ്മൂലത്തിലാണ് വാൻഡൈക്ക് ആരോപണങ്ങൾ ഉന്നയിച്ചത്. എൻ.ഐ.എ കുറ്റപത്രം സമർപ്പിക്കുന്നതിന് രണ്ടാഴ്ച മുമ്പാണ് സത്യവാങ്മൂലം നൽകിയതെന്നാണ് റിപ്പോർട്ട്. ജയിലിനുള്ളിൽ താൻ നേരിട്ട ആക്രമണങ്ങളുടെ വിശദാംശങ്ങൾ പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

തന്നെയും നിരവധി യുക്രെയ്ന്‍ പൗരന്മാരെയും ആറുമാസത്തിലേറെ ജയിലിലടച്ചത് റഷ്യയുടെ യുക്രെയ്ന്‍ യുദ്ധവുമായി ബന്ധപ്പെട്ടാണെന്നും സത്യവാങ്മൂലത്തിൽ വാൻഡൈക്ക് ആരോപിച്ചു. എൻ.ഐ.എ കുറ്റപത്രത്തിലെ വിവരങ്ങളിൽ അതൃപ്തിയുണ്ടെങ്കിൽ കസ്റ്റഡിയിൽ നേരിട്ട പീഡനങ്ങളെക്കുറിച്ച് കോടതിയെയും മാധ്യമങ്ങളെയും സമീപിക്കുമെന്നും യു.എസ് എംബസി ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്.

വാൻഡൈക്കിനൊപ്പം ഹർബ പെട്രോ, സ്ലിവിയാക് താരാസ്, ഇവാൻ സുക്മാനോവ്സ്കി, സ്റ്റെഫാൻകിവ് മരിയൻ, ഹോൻചരുക് മക്സിം എന്നിവരെയും മാർച്ചിൽ എൻ.ഐ.എ അറസ്റ്റ് ചെയ്തിരുന്നു. മിസോറാം വഴി അനുമതിയില്ലാതെ മ്യാൻമറിലേക്ക് കടന്ന ഇവർക്ക് മ്യാൻമറിൽ പ്രവർത്തിക്കുന്ന സായുധസംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജൻസിയുടെ സംശയം. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (യു.എ.പി.എ) പ്രകാരം ഏപ്രിലിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും 2025ലെ ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ആക്ടിലെ 21, 23 വകുപ്പുകൾ പ്രകാരമാണ് എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ചത്. യു.എ.പി.എ പ്രകാരമുള്ള അന്വേഷണം തുടരുകയാണെന്നും കുറ്റം തെളിഞ്ഞാൽ അനുബന്ധ കുറ്റപത്രം സമർപ്പിക്കുമെന്നും ഏജൻസി കോടതിയെ അറിയിച്ചിരുന്നു.

യു.എ.പി.എ അന്വേഷണം പൂർത്തിയാക്കാതെ സമർപ്പിച്ച കുറ്റപത്രം അപൂർണമാണെന്ന് കോടതി കണ്ടെത്തിയതിനെത്തുടർന്ന് വാൻഡൈക്കിന് ഡിഫോൾട്ട് ജാമ്യം ലഭിച്ചിരുന്നു. ഒക്ടോബറിൽ ദില്ലി കോടതിയിൽ ഹാജരാകാൻ ഇന്ത്യയിലെത്തിയ അദ്ദേഹം 2027 ഫെബ്രുവരി 24 വരെ അമേരിക്കയിൽ തുടരാൻ അനുമതി നേടിയിട്ടുണ്ട്. അതേസമയം, വാൻഡൈക്കിന്റെ ആരോപണങ്ങളോട് പ്രതികരിക്കാൻ തിഹാർ ജയിൽ അധികൃതർ തയ്യാറായില്ലെന്നാണ് റിപ്പോർട്ട്.

Tags:    
News Summary - US Citizen Alleges Tihar Torture

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.