സാമിക് ഭട്ടാചാര്യ
ബംഗാളിൽ മതംമാറ്റം അനുവദിക്കില്ലെന്ന് ബി.ജെ.പി; ക്രൈസ്തവരോട് ശത്രുതയില്ലെന്ന് പ്രസിഡന്റ്
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മതപരിവർത്തനം അനുവദിക്കില്ലെന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ സാമിക് ഭട്ടാചാര്യ വ്യക്തമാക്കി. ക്രൈസ്തവ സമുദായത്തോടോ വൈദികരോടോ തനിക്കോ പാർട്ടിക്കോ ശത്രുതയില്ലെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന പാർട്ടിയാണ് ബി.ജെ.പിയെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ക്രൈസ്തവ സമുദായാംഗങ്ങൾ പാർട്ടിക്ക് വോട്ട് ചെയ്തിട്ടുണ്ടെന്നും ഭട്ടാചാര്യ അവകാശപ്പെട്ടു. നിരവധി ക്രൈസ്തവ കുടുംബങ്ങൾ ബി.ജെ.പിയുമായി സഹകരിക്കുന്നുണ്ടെന്നും ഹിന്ദുക്കൾക്കും മുസ്‍ലിംകൾക്കും ക്രൈസ്തവർക്കും പശ്ചിമ ബംഗാളിൽ ഒരുപോലെ ഇടമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരുമായും ചേർന്ന് പ്രവർത്തിക്കാൻ പാർട്ടിക്ക് താൽപ്പര്യമുണ്ട്. എന്നാൽ, സംസ്ഥാനത്ത് മതപരിവർത്തനം അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മിഷനറി സ്ഥാപനങ്ങളെക്കുറിച്ച് അടുത്തിടെ നടത്തിയ പരാമർശങ്ങളെ രാജ്യസഭാംഗം കൂടിയായ ഭട്ടാചാര്യ ന്യായീകരിച്ചു. സമൂഹത്തിന്റെ താൽപ്പര്യം മുൻനിർത്തിയാണ് താൻ സംസാരിച്ചതെന്നും അതിൽ ഖേദിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏതെങ്കിലും വൈദികനോടോ മറ്റാരെങ്കിലുമോടോ തനിക്ക് ശത്രുതയില്ലെന്നും എന്നാൽ നിർബന്ധിത മതപരിവർത്തനം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ ദുരിതമനുഭവിക്കുന്നവരെ ഉപദ്രവിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിർബന്ധിതമായോ പ്രലോഭനങ്ങൾ വഴിയോ മതപരിവർത്തനം നടത്തരുതെന്ന് ക്രൈസ്തവ മിഷനറി സ്ഥാപനങ്ങൾക്ക് ഭട്ടാചാര്യ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. പശ്ചിമ ബംഗാളിന്റെ വിവിധ ഭാഗങ്ങളിൽ പള്ളികൾക്കും മിഷനറി സ്ഥാപനങ്ങൾക്കും നേരെ ആക്രമണങ്ങൾ നടന്നതായി ആരോപണമുയർന്നിരുന്നു. നാദിയ ജില്ലയിൽ ഒരു ക്രൈസ്തവ സ്ത്രീ ആക്രമിക്കപ്പെട്ട സംഭവത്തിലും ക്രൈസ്തവ സംഘടനകൾ പ്രതിഷേധം തുടരുന്നതിനിടെയാണ് ഭട്ടാചാര്യയുടെ പുതിയ പ്രസ്താവന.
അതേസമയം, ഭട്ടാചാര്യയുടെ പ്രസ്താവനയ്‌ക്കെതിരെ ക്രൈസ്തവ സംഘടനയായ ബംഗീയ ക്രിസ്ത്യ പരിസേബ രംഗത്തെത്തി. ബി.ജെ.പി നേതാവ് പരാമർശിച്ച സ്കൂളുകളുടെ പേരുകൾ വെളിപ്പെടുത്തണമെന്ന് സംഘടന ആവശ്യപ്പെട്ടു. ഭട്ടാചാര്യയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സംഘടന വ്യക്തമാക്കി. അദ്ദേഹത്തിന്റെ പരാമർശങ്ങളെ കോൺഗ്രസും വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.