‘ബംഗാളിൽ ബി.ജെ.പിക്ക് വഴിയൊരുക്കുന്നത് തൃണമൂൽ’: മോദിയെയും മമതയെയും ഒരു കീശയിലാക്കി രാഹുൽ ഗാന്ധി

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും നൽകുന്ന തൊഴിൽ വാഗ്ദാനങ്ങൾ വെറും 'പൊള്ളയായ തമാശകൾ' മാത്രമാണെന്ന് കേ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കൊൽക്കത്തയിലെ ഷാഹിദ് മിനാർ മൈതാനത്ത് നടന്ന കൂറ്റൻ റാലിയിൽ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയെയും തൃണമൂൽ കോൺഗ്രസിനെയും ഒരുപോലെ കടന്നാക്രമിച്ച രാഹുൽ, രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഇരുപാർട്ടികളും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് കുറ്റപ്പെടുത്തി. ബി.ജെ.പി വിദ്വേഷത്തിന്റെ രാഷ്ട്രീയമാണ് പയറ്റുന്നതെന്നും രാഹുൽ ആരോപിച്ചു.

"കോൺഗ്രസ് ജനങ്ങളെ ഒന്നിപ്പിക്കാൻ ശ്രമിക്കുമ്പോൾ ബിജെപി മതം, ജാതി, വർഗം എന്നിവയുടെ പേരിൽ ഭിന്നിപ്പിക്കുകയാണ്. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് തന്നെ നിരന്തരം വേട്ടയാടുന്നു. വീടും ലോക്സഭ അംഗത്വവും നഷ്ടപ്പെട്ടു, നിലവിൽ ജാമ്യത്തിലാണ് താൻ മുന്നോട്ട് പോകുന്നത്. എന്നാൽ ബംഗാളിലെ അഴിമതികളിൽ മമത ബാനർജിക്കെതിരെ കേന്ദ്ര ഏജൻസികൾ മെല്ലെപ്പോക്ക് നയം സ്വീകരിക്കുകയാണ്. അന്വേഷണം നിഷ്പക്ഷമായിരുന്നെങ്കിൽ മമതയും ഇപ്പോൾ ജാമ്യത്തിലാകുമായിരുന്നു," രാഹുൽ പരിഹസിച്ചു.

മഹാരാഷ്ട്ര, ബിഹാർ, കർണാടക എന്നിവിടങ്ങളിലെ രാഷ്ട്രീയ അട്ടിമറികളെ സൂചിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'സ്പെഷലൈസ്ഡ് വോട്ട് ചോർ' എന്ന് രാഹുൽ വിശേഷിപ്പിച്ചു. അദാനി-അംബാനി വിഷയങ്ങളിൽ പാർലമെന്റിൽ താൻ ഉന്നയിച്ച ചോദ്യങ്ങളിൽനിന്ന് ഒളിച്ചോടിയ പ്രധാനമന്ത്രിക്ക് 56 ഇഞ്ച് നെഞ്ചളവിനെക്കുറിച്ച് സംസാരിക്കാൻ അർഹതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്കൻ ഉൽപന്നങ്ങൾ ഇന്ത്യൻ വിപണിയിൽ എത്തിക്കാൻ മോദി സർക്കാർ നടത്തുന്ന നീക്കങ്ങൾ ഇന്ത്യൻ കർഷകരെ കൊലയ്ക്കു കൊടുക്കുന്നതിന് തുല്യമാണെന്ന് രാഹുൽ മുന്നറിയിപ്പ് നൽകി. ഡേറ്റ കൈമാറ്റത്തിലും പെട്രോളിയം ഇറക്കുമതിയിലും രാജ്യം വിദേശശക്തികൾക്ക് കീഴടങ്ങുകയാണെന്നും അദ്ദേഹം ആരോപിച്ചു.ചിട്ടി ഫണ്ട് തട്ടിപ്പ്, കൽക്കരി കള്ളക്കടത്ത്, നിയമന അഴിമതി എന്നിവയിൽ ബംഗാൾ സർക്കാർ മുങ്ങിക്കുളിച്ചിരിക്കുകയാണ്. പ്രതിവർഷം രണ്ട് കോടി തൊഴിൽ എന്ന മോദിയുടെ വാഗ്ദാനവും അഞ്ച് ലക്ഷം തൊഴിൽ എന്ന മമതയുടെ വാഗ്ദാനവും യുവാക്കളെ പരിഹസിക്കുന്നതാണ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പോലെ തന്നെ ബംഗാളിലും കുറ്റവാളികൾ സംരക്ഷിക്കപ്പെടുകയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായിരിക്കെ രണ്ടാംഘട്ടത്തിലേക്ക് മുന്നണികൾ കനത്ത പ്രചരണത്തിലായിരിക്കുമ്പോഴാണ് രാഹുൽ ഗാന്ധിയുടെ ബി.ജെ.പി തൃണമൂൽ കടന്നാക്രമണം. 29നാണ് 142 സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. മേയ് നാലിനാണ് ഫലം വരുക.

Tags:    
News Summary - 'Trinamool paving way for BJP in Bengal': Rahul Gandhi puts Modi and Mamata in the same pocket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.