യാത്രക്കാരില്ല; ഫ്ളെക്സി നിരക്കില്‍ ഇളവുമായി റെയില്‍വേ

ന്യൂഡല്‍ഹി: തിരക്കിന് അനുസരിച്ച് ടിക്കറ്റ് നിരക്ക് വര്‍ധിക്കുന്ന ഫ്ളെക്സി നിരക്കില്‍ റെയില്‍വേ കുറവ് വരുത്തി. രാജധാനി, ശതാബ്ദി, തുരന്തോ എക്സ്പ്രസുകളിലെ ഫ്ളക്സി നിരക്കിലാണ് കുറവ് വരുക. ചാര്‍ട്ട് തയാറാക്കുന്നതിന്  തൊട്ടുമുമ്പ് എടുക്കുന്ന ടിക്കറ്റുകള്‍ക്ക് അവസാനം വിറ്റുപോയ ടിക്കറ്റിന് ഈടാക്കിയ അടിസ്ഥാന നിരക്കില്‍ നിന്ന് 10  ശതമാനം കുറവാണ് ലഭിക്കുക. ട്രെയിന്‍ പുറപ്പെട്ടതിന് ശേഷം ട്രെയിനില്‍ ടി.ടി.ഇ ബെര്‍ത്ത് അനുവദിക്കുമ്പോഴും ഫ്ളെക്സി നിരക്കില്‍ 10 ശതമാനം കുറവ് നല്‍കും.  

ചൊവ്വാഴ്ച മുതല്‍ യാത്ര ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് കുറവ് ലഭിക്കുക. പരീക്ഷണാടിസ്ഥാനത്തില്‍ ആറു മാസത്തേക്കാണ് നിരക്കില്‍ കുറവ് വരുത്തുന്നതെന്നും റെയില്‍വേ പത്രക്കുറിപ്പില്‍ പറഞ്ഞു. ഫ്ളെക്സി സംവിധാനം നടപ്പാക്കിയതോടെ ടിക്കറ്റ് നിരക്ക് കുത്തനെ കൂടിയതിനാല്‍ യാത്രക്കാര്‍ റെയില്‍വേയെ കൈവിടുന്ന സാഹചര്യമാണ് ഉണ്ടായത്. അവസാനം ടിക്കറ്റെടുക്കുന്നവര്‍ക്ക് നിലവിലുള്ള ടിക്കറ്റിന്‍െറ ഇരട്ടിയും വിമാന ടിക്കറ്റിനോളവും വരുന്ന സ്ഥിതി വന്നു. ഇതോടെ ഫ്ളെക്സി നിരക്ക് നടപ്പാക്കിയ ട്രെയിനുകള്‍ പലതും സീറ്റ് കാലിയായാണ് ഓടിയത്. ഈ സാഹചര്യത്തിലാണ് നിരക്ക് കുറവ് വരുത്താന്‍ റെയില്‍വേ തീരുമാനിച്ചത്.

രാജധാനി, തുരന്തോ, ശതാബ്ദി ട്രെയിനുകളിലെ തത്കാല്‍ സീറ്റുകളുടെ എണ്ണം കുറച്ചു. ഒരോ ക്ളാസിലും ലഭ്യമായ സീറ്റുകളുടെ 10 മാത്രമായിരിക്കും തത്കാല്‍ ക്വോട്ടയില്‍ മാറ്റിവെക്കുക. എന്നാല്‍, ആവശ്യക്കാരുടെ എണ്ണം അനുസരിച്ച് ഇത് മാറ്റം വരുത്തും. ഇതിനായി രണ്ടാഴ്ചയിലൊരിക്കല്‍ സോണല്‍ റെയില്‍വേ തലത്തില്‍ ചീഫ് കമേഴ്സ്യല്‍ മാനേജര്‍ തത്കാല്‍ ക്വോട്ടയില്‍ ആവശ്യക്കാര്‍ എത്രയുണ്ടെന്ന് വിലയിരുത്തും. ആവശ്യക്കാര്‍ കൂടുതലാണെങ്കില്‍ പരമാവധി 30 ശതമാനം സീറ്റ് വരെ തത്കാല്‍ ക്വോട്ടയിലേക്ക് മാറ്റിവെക്കുമെന്നും റെയില്‍വേ പത്രക്കുറിപ്പില്‍ അറിയിച്ചു.

 

Tags:    
News Summary - train flexi fare

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.