ജയ്പൂർ: വന്യമൃഗങ്ങളുടെ സ്വൈര്യവിഹാരത്തിന് തടസ്സമായി വിനോദസഞ്ചാരികളുടെ വാഹനങ്ങൾ. രാജസ്ഥാനിലെ രൺതംഭോർ നാഷണൽ പാർക്കിൽ കടുവയെ വളഞ്ഞ് നിൽക്കുന്ന വാഹനങ്ങളുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വനത്തിനുള്ളിലെ ഇടുങ്ങിയ റോഡിൽ കടുവക്ക് മുന്നോട്ട് പോകാൻ പോലും ഇടമില്ലാത്ത വിധം നിരവധി സഫാരി ജീപ്പുകൾ ചുറ്റും കൂടി നിൽക്കുന്ന വിഡിയോ വലിയ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്.
മോണ്ടി ഭട്ട് എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് പങ്കുവെച്ച വിഡിയോയിൽ വാഹനങ്ങൾക്കിടയിൽ ആശയക്കുഴപ്പത്തോടെ കുടുങ്ങി നിൽക്കുന്ന കടുവയുടെ ദൃശ്യങ്ങളാണുള്ളത്. പുതിയ വാഹനങ്ങൾ കൂടി എത്തുന്നതോടെ കാടിനുള്ളിൽ ഒരു വൻ ഗതാഗതക്കുരുക്കിന് സമാനമായ സാഹചര്യം രൂപപ്പെട്ടു. ഈ സമയമത്രയും സഞ്ചാരികൾ കടുവയുടെ തൊട്ടടുത്ത് നിന്ന് ചിത്രങ്ങൾ പകർത്തുന്ന തിരക്കിലായിരുന്നു.
വിഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിൽ വനംവകുപ്പിനും വിനോദസഞ്ചാരികൾക്കും എതിരെ രൂക്ഷമായ വിമർശനം ഉയർന്നു. "കടുവ വളരെ അടുത്തു വന്നിട്ടും അതിന് കടന്നുപോകാൻ ആവശ്യമായ സ്ഥലം നൽകാൻ വാഹനങ്ങൾ തയ്യാറായില്ല" എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. മനുഷ്യരേക്കാൾ മാന്യമായാണ് കടുവ പെരുമാറുന്നതെന്നും, സ്വന്തം വീട്ടിൽ കടുവ ഗതാഗതക്കുരുക്ക് നേരിടുകയാണെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ പരിഹസിച്ചു. അതേസമയം മൃഗങ്ങളെ ഇത്തരത്തിൽ വളയുന്നത് അവയെ സമ്മർദത്തിലാക്കുമെന്നും ഇത് വന്യമൃഗങ്ങളുടെ ആക്രമണത്തിന് കാരണമായേക്കാമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.
മാത്രവുമല്ല വന്യജീവി സങ്കേതത്തിനുള്ളിൽ സഫാരി വാഹനങ്ങൾക്ക് കൃത്യമായ നിയന്ത്രണമില്ലെന്നതിന്റെ തെളിവാണ് ഈ ദൃശ്യങ്ങളെന്ന് പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നു. മൃഗശാലകളേക്കാൾ കഷ്ടമായ അവസ്ഥയാണ് വന്യജീവി സങ്കേതങ്ങളിൽ നിലവിലുള്ളതെന്നും കാടിന്റെ സ്വാഭാവികത നഷ്ടപ്പെടുകയാണെന്നും കമ്മന്റുകളുണ്ട്. വന്യമൃഗങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കണമെന്ന നിയമം ലംഘിക്കപ്പെട്ട സാഹചര്യത്തിൽ സഫാരി പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.