`ബസവ മണ്ഡപ' പുസ്തകം, രവി ഹഞ്ച്
രവി ഹഞ്ചിന്റെ തലക്ക് അഞ്ച് ലക്ഷം വിലയിട്ട് ലിംഗായത്ത് നേതാവ്; തലവെട്ടൽ ആഹ്വാനം അപലപിച്ച് മഠാധിപതി
ബംഗളൂരു: പന്ത്രണ്ടാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്കർത്താവ് ബസവേശ്വരയെക്കുറിച്ച് അപമാനകരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന എഴുത്തുകാരൻ രവി ഹഞ്ചിനെ കൊല്ലുന്നവർക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് ലിംഗായത്ത് നേതാവ് പ്രകാശ് മഹാജൻ.
പ്രഖ്യാപനം കർണാടകയിലുടനീളം വ്യാപകമായ പ്രതിഷേധങ്ങൾക്ക് ഇടയാക്കി. ഇതേ തുടർന്ന് മൊട്ടഗി മഠത്തിലെ മഠാധിപതി പ്രഭു ചന്നബസവ സ്വാമി തലവെട്ടാനുള്ള ആഹ്വാനത്തെ അപലപിച്ച് രംഗത്തെത്തി. പ്രകാശ് മഹാജന്റെ പ്രസ്താവന ഗൗരവമായി കാണരുതെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.
രവി ഹഞ്ചിനെ കൊന്ന ശേഷം പാരിതോഷികത്തിനായി ബന്ധപ്പെടേണ്ട മൊബൈൽ നമ്പറും പ്രകാശ് മഹാജൻ പങ്കുവെച്ചിരുന്നു. "അവനെ വധിക്കണം. അവനെ കൊല്ലുന്നവർക്ക് അഞ്ച് ലക്ഷം രൂപ നൽകുമെന്ന് ഞാൻ ഇതിനാൽ പ്രഖ്യാപിക്കുന്നു. അത് ചെയ്യാൻ ആഗ്രഹിക്കുന്നവർ എന്റെ മൊബൈൽ നമ്പർ എഴുതിയെടുക്കുക. കൊലപാതകം നടത്തിയ ശേഷം ആ നമ്പറിൽ വിളിച്ച് എന്റെ അടുത്തേക്ക് വരൂ. നിങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ലഭിക്കും" ഇതായിരുന്നു പ്രകാശ് മഹാജന്റെ പ്രഖ്യാപനം.
എം.എം കലബുറുഗി, മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് എന്നിവരുടെ കൊലപാതകങ്ങളെക്കുറിച്ചും പരാമർശിച്ച അദ്ദേഹം കൊലപാതകങ്ങൾ നടത്തിയവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും തിരശ്ശീലക്ക് പിന്നിൽ അവരെ പിന്തുണച്ചവരെ പിടികൂടിയിട്ടില്ലെന്നും ആരോപിച്ചു.
കൊലപാതകങ്ങൾക്ക് പിന്നിലുള്ളവർക്കെതിരെ നടപടിയെടുക്കാത്തതിന് അന്ന് അധികാരത്തിലിരുന്ന സർക്കാറാണ് ഉത്തരവാദിയെന്നും അദ്ദേഹം പറഞ്ഞു.
രവി ഹഞ്ചിന്റെ 'ബസവ മണ്ഡപ' എന്ന പുസ്തകത്തിനെതിരെയും ബസവ തത്ത്വചിന്തയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അവഹേളനപരമായ പരാമർശങ്ങൾക്കെതിരെയുമാണ് പ്രതിഷേധം നടന്നത്. മാധ്യമപ്രവർത്തകൻ വിശ്വേശ്വർ ഭട്ടിനെ വിമർശിച്ച പ്രകാശ് മഹാജൻ, അദ്ദേഹം രവിഹഞ്ചിനെ പിന്തുണക്കുന്നുവെന്നും ആരോപിച്ചു.
ബസവ ഭക്തരെ അപമാനിക്കുകയും വിമർശിക്കുകയും ചെയ്യുന്ന ആളുകൾ ഈ ഭൂമിയിൽ ഇനി ഉണ്ടാവരുത്. ഇനി ഇത്തരമൊരു കാര്യം ആരും ചെയ്യരുതെന്നും ബസവ ധർമ്മത്തെ തകർക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
പന്ത്രണ്ടാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്കർത്താവും ലിംഗായത്ത് പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായ ബസവേശ്വരനെക്കുറിച്ച് രവി ഹഞ്ച് അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തിൽ അപമാനകരവും നിന്ദ്യവുമായ പദപ്രയോഗങ്ങൾ നടത്തിയതായി ആരോപിക്കപ്പെട്ടതിനെ തുടർന്നാണ് വിവാദം ആരംഭിച്ചത്.
പുസ്തകം കണ്ടുകെട്ടാനും രചയിതാവിനെതിരെ ശിക്ഷാ നടപടി സ്വീകരിക്കാനും കർണാടക സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. വിവാദവുമായി ബന്ധപ്പെട്ട് രവി ഹഞ്ചിനെ കൊച്ചിയിൽ നിന്ന് ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഉയർന്ന് വന്ന ഭീഷണിയുടെപശ്ചാത്തലത്തിൽ സുരക്ഷ നടപടികൾ ശക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.