ചെന്നെ: തമിഴ് കവി തിരുവള്ളുവറെ കാവി വസ്ത്രം ധരിപ്പിച്ച് ചിത്രീകരിച്ച ഗവർണറുടെ നടപടിക്കെതിരെ ഭരണകക്ഷിയായ ടി.വി.കെയും പ്രതിപക്ഷമായ ഡി.എം.കെയും ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ രംഗത്ത്. ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട ചിത്രത്തിൽ വെള്ള വസ്ത്രധാരിയായാണ് തിരുവള്ളുവർ ഉള്ളതെങ്കിലും, ഇതിനു വിരുദ്ധമായി കാവി നിറത്തിലുള്ള വസ്ത്രം ധരിപ്പിച്ചുള്ള ചിത്രം ഉപയോഗിച്ചതിനെതിരെയാണ് വിമർശനം.
മേയ് 30ന് ‘വൈകാശി അനുഷം’ ആഘോഷങ്ങളുടെ ഭാഗമായി രാജ്ഭവനിൽ നടന്ന ചടങ്ങിൽ, കാവി വസ്ത്രം ധരിച്ച തിരുവള്ളുവറുടെ ചിത്രത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പുഷ്പാർച്ചന നടത്തിയതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.
ഗവർണറുടെ നടപടിയെ ശക്തമായി അപലപിച്ച് തമിഴ്‌നാട് ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ഡോ. അരുൺരാജ് രംഗത്തെത്തി. ആഗോള തത്ത്വചിന്തകനായ തിരുവള്ളുവറെ ഇടുങ്ങിയ ചിന്താഗതിയിലേക്ക് ചുരുട്ടിക്കെട്ടാനുള്ള ശ്രമം അദ്ദേഹത്തിന്റെ സാർവത്രിക ദർശനങ്ങളെ തരംതാഴ്ത്തുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. ‘രാജ്ഭവനിലോ ഏതെങ്കിലും സർക്കാർ പൊതുസ്ഥലങ്ങളിലോ തിരുവള്ളുവരെ കാവി വസ്ത്രം ധരിപ്പിക്കുന്നത് അടിസ്ഥാനപരമായി തെറ്റാണ്. തിരുവള്ളുവർ ഒരു മതം, ജാതി, വംശം അല്ലെങ്കിൽ രാജ്യം എന്നിവയിൽ മാത്രം ഒതുങ്ങിനിൽക്കുന്ന വ്യക്തിയല്ല. അദ്ദേഹത്തിന്റെ ‘തിരുക്കുറൾ’ മുഴുവൻ മനുഷ്യവർഗത്തിനും പൊതുവായ ഒരു ജീവിതസന്ദേശമാണ് നൽകുന്നത്’- അരുൺരാജ് തന്റെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ കുറിച്ചു.
തിരുവള്ളുവരുടെ ‘കടവുൾ വാഴ്ത്തു’ എന്ന അധ്യായത്തിൽപ്പോലും ഏതെങ്കിലും പ്രത്യേക മതത്തിലെ ദൈവങ്ങളുടെ പേരുകൾ ഉപയോഗിക്കാതെ, ‘ആദി ഭഗവൻ’, ‘മലർമിശൈ എഗിനാൻ’, ‘അറവാഴി അന്തണൻ’ തുടങ്ങിയ നിഷ്പക്ഷവും സാർവത്രികവുമായ വിശേഷണങ്ങളാണ് അദ്ദേഹം ഉപയോഗിച്ചിട്ടുള്ളതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ഡി.എംകെ നേതാവ് ഉദയനിധി സ്റ്റാലിനും രൂക്ഷമായ വിമർശനവുമായി രംഗത്തെത്തി. രാജ്ഭവനിലെ കാവിവൽക്കരണത്തെയും, മുഖ്യമന്ത്രി സി. ജോസഫ് വിജയന്റെ നേതൃത്വത്തിലുള്ള ടി.വി.കെ സർക്കാരിന്റെ ‘നിഷ്ക്രിയത്വത്തെയും’ അദ്ദേഹം ചോദ്യം ചെയ്തു. മുഖ്യമന്ത്രി എപ്പോഴും ‘മ്യൂട്ട്’ മോഡിലാണെന്ന ധൈര്യത്തിലാണ് രാജ്ഭവൻ തിരുവള്ളുവരെ വീണ്ടും കാവി വസ്ത്രം ധരിപ്പിച്ചതെന്ന് ഉദയനിധി പരിഹസിച്ചു. കൂടാതെ, തമിഴ്‌നാട് സർക്കാർ ഔദ്യോഗികമായി ജനുവരിയിലാണ് തിരുവള്ളുവർ ദിനം ആഘോഷിക്കാറുള്ളതെന്നും, ‘വൈകാശി അനുഷം’ എന്ന പേരിൽ പുതിയൊരു ആഘോഷം എവിടെനിന്നാണ് വന്നതെന്നും അദ്ദേഹം ചോദിച്ചു. മുൻ ഡി.എം.കെ ഭരണകാലത്ത് അന്നത്തെ ഗവർണർ സമാനമായ ശ്രമം നടത്തിയപ്പോൾ ശക്തമായി പ്രതിഷേധിച്ചിരുന്നുവെന്നും, തമിഴ് ജനതയുടെ ആത്മാഭിമാനത്തെ വീണ്ടും പരീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവള്ളുവർ ജനനത്താൽ സമത്വം ആഗ്രഹിച്ചപ്പോൾ ഗവർണർ അദ്ദേഹത്തെ സനാതനിയായി നിർവചിക്കുന്നത് പരിതാപകരമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം എക്സിലൂടെ പ്രതികരിച്ചു. ഒരു മതത്തിന്റെയും ഭാഗമല്ലാത്ത തിരുവള്ളുവരെ കാവി വസ്ത്രം ധരിപ്പിച്ചത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും, ഇതിന് തമിഴ് ജനതയോട് ഗവർണർ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗവർണറുടെ നടപടി അസ്വീകാര്യമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി എം. വീരപാണ്ഡ്യനും വ്യക്തമാക്കി. തമിഴ് സാംസ്കാരിക വശങ്ങളെ ഗവർണർ ബഹുമാനിക്കണമെന്നും, സാംസ്കാരിക വശങ്ങളെ വഴിതിരിച്ചുവിട്ടാൽ ചരിത്രം പൊറുക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.