ലഖ്‌നോ: വിവാഹിതയാണെന്ന കാര്യം മറച്ചുവെച്ച് സമൂഹ വിവാഹത്തിൽ മറ്റൊരു വിവാഹം കഴിക്കാനുള്ള യുവതിയുടെ ശ്രമം തടഞ്ഞ് ഭര്‍തൃവീട്ടുകാര്‍. യുവതി വിവാഹമോചനം നേടുന്നതിന് മുൻപ്തന്നെ മറ്റൊരു വിവാഹം കഴിക്കാന്‍ പോകുന്നത് അറിഞ്ഞ് ഭര്‍തൃവീട്ടുകാര്‍ കല്യാണമണ്ഡപത്തില്‍ എത്തുകയായിരുന്നു. എരുമകളെ വാങ്ങുന്നതിനായി പണത്തിനുവേണ്ടിയാണ് യുവതി വീണ്ടും വിവാഹം കഴിക്കാന്‍ ശ്രമിച്ചത്.
ഉത്തർപ്രദേശിലാണ് സംഭവം. ഹസന്‍പൂരിലെ ഒരു കോളജ് ആയിരുന്നു സമൂഹവിവാഹത്തിന് വേദിയായത്. 300ലധികം വധൂവരന്മാരാണ് ഇവിടെ വിവാഹത്തിന് എത്തിയത്. അസ്മ എന്ന യുവതിയാണ് വീണ്ടും വിവാഹം കഴിക്കാന്‍ ശ്രമിച്ചത്. ഇത് അറിഞ്ഞ ഭര്‍തൃവീട്ടുകാര്‍ വിവാഹമണ്ഡപത്തില്‍ എത്തി അസ്മയുടെ വിവാഹം തടയുകയായിരുന്നു.
ആദ്യ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടാതെയാണ് അസ്മ രണ്ടാം വിവാഹത്തിന് എത്തിയത്. മൂന്ന് വര്‍ഷം മുമ്പ് അസ്മ നൂര്‍ മുഹമ്മദ് എന്നയാളെ വിവാഹം കഴിച്ചു. ഇരുവരും തമ്മില്‍ ഒരുപാട് പൊരുത്തകേടുകൾ ഉണ്ടായിരുന്നു. തുടർന്ന് ആറ് മാസം മുമ്പ് അസ്മ തന്റെ മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങിപോയി. ഇരുവരുടെയും വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലാണ്.
കേസ് നടക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ സമൂഹ വിവാഹ പദ്ധതിയെ കുറിച്ച് അറിഞ്ഞ അസ്മ വീണ്ടും വിവാഹത്തിന് ശ്രമിക്കുകയായിരുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ വിവാഹം നടത്തുന്നതിന് നിരവധി ആനുകൂല്യങ്ങള്‍ നല്‍കുന്നതാണ് മുഖ്യമന്ത്രിയുടെ സമൂഹ വിവാഹ പദ്ധതി. പദ്ധതി വഴി വധുവിന് 35000 രൂപ ലഭിക്കുമെന്ന് അറിഞ്ഞാണ് അസ്മ വീണ്ടും വിവാഹത്തിന് ശ്രമിച്ചത്. തന്റെ ബന്ധു കൂടിയായ ജാബര്‍ അഹമ്മദിനെ വിവാഹം കഴിക്കാനായിരുന്നു അസ്മ തീരുമാനിച്ചത്.
സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ പങ്കിട്ടെടുക്കാമെന്ന ധാരണയിലാണ് ഇരുവരും വിവാഹത്തിന് തയ്യാറായത്. ഡിന്നര്‍ സെറ്റ്, വധുവിനും വരനും രണ്ട് ജോഡി വസ്ത്രങ്ങള്‍, വാള്‍ ക്ലോക്ക്, വാനിറ്റി കിറ്റ് അടക്കമുള്ള സമ്മാനങ്ങളാണ് സര്‍ക്കാരില്‍ നിന്ന് ലഭിക്കുക. കിട്ടുന്ന പണം ഉപയോഗിച്ച് എരുമകളെ വാങ്ങാനും ഇരുവരും തീരുമാനിച്ചു. ഇതനുസരിച്ച് ഇരുവരും വിവാഹം കഴിക്കാന്‍ മണ്ഡപത്തില്‍ എത്തിയപ്പോഴാണ് അസ്മയുടെ ഭര്‍തൃവീട്ടുകാര്‍ വിവാഹ സര്‍ട്ടിഫിക്കറ്റുമായി എത്തിയത്. ചീഫ് ഡെവലപ്മെന്റ് ഓഫീസര്‍ അശ്വിനി കുമാര്‍ വിഷയം പൊലീസിന് കൈമാറി. മുഖ്യമന്ത്രിയുടെ സമൂഹ വിവാഹ പദ്ധതിയുടെ ചട്ടങ്ങള്‍ ലംഘിച്ചതിനും അനാവശ്യ നേട്ടങ്ങള്‍ക്കായി അപേക്ഷ നല്‍കിയതിനും സര്‍ക്കാര്‍ ജോലി തടസ്സപ്പെടുത്തിയതിനും ഇരുവര്‍ക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.