കോൺഗ്രസ് ആരോപണങ്ങൾക്ക് ജനങ്ങൾ മറുപടി നൽകി; അസമിലെ വിജയത്തിൽ നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും നന്ദി പറഞ്ഞ് മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മ

ദിസ്പൂർ: അസം നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സഖ്യം നേടിയ വൻ വിജയത്തിന് പിന്നാലെ കോൺഗ്രസിനെയും നേതാക്കളെയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മ. പ്രചാരണ വേളയിൽ കോൺഗ്രസ് വക്താവ് പവൻ ഖേര ഉന്നയിച്ച ആരോപണങ്ങൾക്ക് അസമിലെ ജനങ്ങൾ ഉചിതമായ മറുപടി നൽകിയെന്ന് അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലപ്രഖ‍്യാപനത്തിന് ശേഷം പാർട്ടി പ്രവർത്തകരെയും മാധ്യമങ്ങളെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. `പ്രതിപക്ഷം ഇനി പവൻ ഖേരയെ ജോലിക്ക് വെക്കരുത്. അസമിലെ ജനങ്ങൾ പവൻ ഖേരയെക്കൊണ്ട് 'പേര' (മധുരപലഹാരം) കഴിപ്പിച്ചു'. ഈ ജനവിധി ചരിത്രപരവും വൈകാരികവുമാണെന്ന് വിശേഷിപ്പിച്ച ശർമ്മ 2016ന് ശേഷം അസമിന്റെ പ്രതിച്ഛായ മാറ്റിയെടുത്തതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും നന്ദി അറിയിച്ചു. അസമിയ സ്വത്വം സംരക്ഷിക്കാനും വികസനം ഉറപ്പാക്കാനും കഴിയുന്ന ഏക പാർട്ടി ബി.ജെ.പിയാണെന്ന് അസമിലെ ജനങ്ങൾ ഇപ്പോൾ വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

`2016-ന് ശേഷം സംസ്ഥാനത്തിനകത്തും പുറത്തും അസമിന്റെ പ്രതിച്ഛായ പൂർണ്ണമായും മാറി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തിൽ അസം ഇപ്പോൾ ഒരു വികസന കേന്ദ്രീകൃത സംസ്ഥാനമായി പരിഗണിക്കപ്പെടുന്നു'. എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയോടെ ബി.ജെ.പി സഖ്യം 100 സീറ്റുകൾ കടന്നതായും അസമിലെ മുസ്ലിം വിഭാഗങ്ങളിൽ നിന്നുള്ള പിന്തുണയും ബി.ജെ.പിക്ക് ലഭിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. ഭരണവും വികസന പ്രവർത്തനങ്ങളും വരും വർഷങ്ങളിൽ കൂടുതൽ എളുപ്പമാക്കാൻ ഈ വൻ ഭൂരിപക്ഷം സഹായിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി അസമിലുടനീളമുള്ള ബി.ജെ.പി പ്രവർത്തകർക്കും അനുയായികൾക്കും നന്ദി അറിയിച്ചു.

Tags:    
News Summary - The people have replied to Congress's allegations; CM Himanta Biswa Sarma thanks Narendra Modi and Amit Shah for the victory in Assam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.