600 വാഹനങ്ങളിൽ പാർട്ടി നേതാക്കളുമായി കെ.സി.ആർ മഹാരാഷ്ട്രയിൽ

മുംബൈ: ദ്വിദിന സന്ദർശനത്തിനായി തെലങ്കാന മുഖ്യമന്ത്രിയും ഭാരത് രാഷ്ട്രസമിതി (ബി.ആർ.എസ്) അധ്യക്ഷനുമായ കെ. ചന്ദ്രശേഖർ റാവു (കെ.സി.ആർ) മഹാരാഷ്ട്രയിൽ. തെലങ്കാന മന്ത്രിമാരും പാർട്ടിയിലെ മറ്റ് ജനപ്രതിനിധികളുമായി തിങ്കളാഴ്ച വൈകീട്ട് അദ്ദേഹം സൊലാപുരിൽ എത്തി. 600 ഓളം വാഹനങ്ങളിലായാണ് കെ.സി.ആറും സംഘവുമെത്തിയത്.

വിത്തൽ ദൈവത്തിന് വേണ്ടി വർക്കരി സമുദായക്കാർ പന്തർപുരിലേക്ക് തീർഥാടനം നടത്തുന്ന സമയമാണിത്. ചൊവ്വാഴ്ച കെ.സി.ആറും പന്തർപുരിലെ വിത്തൽ ക്ഷേത്രം സന്ദർശിക്കും. ഇതാദ്യമായാണ് മുഴുവൻ മന്ത്രിമാരും ജനപ്രതിനിധികളുമായി എത്തുന്നത്. അതേസമയം, തീർഥാടനത്തിലുള്ള വർകരികളുടെ മേൽ ഹെലികോപ്ടറിൽനിന്ന് പൂവുകൾ വർഷിക്കാൻ മഹാരാഷ്ട്ര സർക്കാർ കെ.സി.ആറിന് അനുമതി നല്കിയില്ല.

മറാത്ത്വാഡ, വിദർഭ മേഖലയിലെ കർഷകരെയും നെയ്തുകാരേയും ലക്ഷ്യമിട്ടാണ് കെ.സി.ആറിന്റെ വരവ്. ചൊവ്വാഴ്ച വൈകീട്ട് മഹാരാഷ്ട്രയിലെ ഏതാനും നേതാക്കൾ കെ.സി.ആറിന്റെ സാന്നിധ്യത്തിൽ ബി.ആർ.എസിൽ ചേരുമെന്നാണ് സൂചന. നേരത്തെ നാന്ദഡിലും നാഗ്പുരിലും കെ.സി.ആർ റാലി നടത്തുകയും നാഗ്പുരിൽ പാർട്ടി ഓഫിസ് തുറക്കുകയും ചെയ്തിരുന്നു.

ഉദ്ധവ് പക്ഷ ശിവസേന, എൻ.സി.പി, കോൺഗ്രസ് സഖ്യ (എം.വി.എ) വോട്ട് ബാങ്കിൽ വിള്ളലുണ്ടാക്കാനുള്ള നീക്കമാണെന്നും കെ.സി.ആറിന് പിന്നിൽ ബി.ജെ.പിയാണെന്നും പ്രതിപക്ഷം സംശയിക്കുന്നു.

35 ബി.ആർ.എസ് നേതാക്കൾ കോൺഗ്രസിലേക്ക്

ന്യൂഡൽഹി: തെലങ്കാന മുൻമന്ത്രി ജുപള്ളി കൃഷ്ണ റാവുവും മുൻ എം.പി പി. ശ്രീനിവാസ റെഡ്ഡിയും ഉൾപ്പെടെ 35 ഭാരത് രാഷ്ട്രസമിതി (ബി.ആർ.എസ്) നേതാക്കൾ കോൺഗ്രസിൽ ചേരാനൊരുങ്ങുന്നു. ഡൽഹിയിൽ രാഹുൽ ഗാന്ധിയുമായും കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുമായും ഇരുവരും കൂടിക്കാഴ്ച നടത്തി.

തെലങ്കാനയിലെ ഖമ്മത്ത് ജൂലൈ ആദ്യവാരം എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പങ്കെടുക്കുന്ന പൊതുസമ്മേളനത്തിൽ നേതാക്കൾ കോൺഗ്രസ് പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിക്കും.

Tags:    
News Summary - Telangana CM KCR Embarks On 2-Day Maharashtra Tour With 600 Vehicle Convoy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.