തലമുറക്കുള്ള വോട്ട് എന്ന ചിന്തയാകാം റെക്കോർഡ് പോളിങിന് കാരണം, വോട്ടർമാരെ അഭിനന്ദിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ

ചെന്നൈ: വോട്ടർമാരെ അഭിനന്ദിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഒരു തലമുറക്കുള്ള വോട്ട് എന്ന ചിന്തയാകാം റെക്കോർഡ് പോളിങിന് കാരണം, തമിഴ്നാട്ടിൽ റെക്കോർഡ് പോളിങ് രേഖപ്പെ‌ടുത്തിയ സാഹചര്യത്തിലാണ് എം.കെ. സ്റ്റാലിന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് കമീഷന്റെ കണക്ക് അനുസരിച്ച് 85.03 ആണ് പോളിങ് രേഖപ്പെടുത്തിയത്. തമിഴ്നാടിന്റെ രാഷ്ട്രീയ ചരിത്രത്തിലാദ്യമായാണ് 80 ശതമാനം പോളിങ് കടക്കുന്നത്. 2021ലേക്കാൾ 11 ശതമാനം വർധനയാണ് പോളിങിലുണ്ടായിയെന്നും ഏകദേശം 25 ലക്ഷത്തോളം വോട്ടുകൾ അധികം പോൾ ചെയ്തിട്ടുണ്ടെന്നും കമീഷൻ വിവരിച്ചു.

വോട്ട് ശതമാനത്തിൽ സ്ത്രീകളാണ് മുന്നിൽ. പോളിങ് ശതമാനം വർധിച്ചതിൽ വിജയ് എഫക്ട് ഇല്ലെന്നും അധികാരത്തുടർച്ച നേടുമെന്നും സ്റ്റാലിൻ 2.0 ഉറപ്പാണെന്നുമാണ് ഡി.എം.കെയുടെ അവകാശവാദം. ഭരണവിരുദ്ധ വികാരം പ്രകടമാണെന്നും അധികാരം തിരിച്ചുപിടിക്കുമെന്നുമാണ് എ.ഐ.എ.ഡി.എം.കെയുടെ പക്ഷം. വിജയ് ഫാക്ടറാണ് പോളിങ് വർധനക്ക് കാരണമെന്നും ഫലം വരുമ്പോൾ അത്ഭുതം പ്രതീക്ഷിക്കാമെന്നും ടി.വി.കെയുടെ പ്രതികരിച്ചു. കാര്യമായ അനിഷ്ടസംഭവങ്ങൾ ഇല്ലാതെയാണ് പോളിങ് പൂർത്തിയായത്.

എസ്.ഐ.ആറിലൂടെ 97 ലക്ഷം വോട്ടർമാരെ ഒഴിവാക്കിയ തമിഴ്നാട്ടിൽ, ആദ്യ മണിക്കൂറുകളിൽ പോളിങ് ബൂത്തുകളിൽ കണ്ടത് വോട്ടർമാരുടെ നീണ്ട നിര. തെക്കൻ ജില്ലകളും നീലഗിരിയും ഒഴികെ എല്ലായിടത്തും അഞ്ച് മണിക്ക് മുമ്പ് തന്നെ 2021ലെ വോട്ടിങ് കണക്ക് മറികടന്നു. വോട്ടർ പട്ടികയിലെന്നതുപോലെ വോട്ടിങ് കണക്കിലും പുരുഷന്മാരെ മറികടന്ന് സ്തീകളുടെ കുതിപ്പായിരുന്നു. കഴിഞ്ഞ തവണ 60 ശതമാനത്തിലും താഴെ പോളിങ് കണ്ട ചെന്നൈയിൽ ഇത്തവണ 80 കടന്നു. വിജയ് മത്സരിക്കുന്ന പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലങ്ങളിലും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ കൊളത്തൂരിലും പോളിങ് ഉയർന്നു. കുടുംബസമേതം രാവിലെ ചെന്നൈ തെയ്നാംപേട്ട് എസ്.ഐ.ഇ.ടി കോളജിലെത്തി എം.കെ. സ്റ്റാലിൻ വോട്ട് ചെയ്തു.

എടപ്പാടിയിലെ സ്കൂളിൽ വോട്ട് ചെയ്ത പ്രതിപക്ഷ നേതാവ് എടപ്പാടി കെ. പളനിസ്വാമി വ്യക്തമായ ഭൂരിപക്ഷത്തോടെ എ.ഐ.എ.ഡി.എം.കെ അധികാരത്തിൽ തിരിച്ചെത്തുമെന്ന് അവകാശപ്പെട്ടു. ടി.വി.കെ രൂപീകരണത്തിന് ശേഷമുള്ള ആദ്യ നിയമസഭ തെരഞ്ഞെടുപ്പിൽ നീലാങ്കരയിലെ സ്കൂളിലെത്തിയാണ് പാർട്ടി അധ്യക്ഷൻ വിജയ് വോട്ട് ചെയ്തത്. ആകെ അഞ്ച് കോടി 73 ലക്ഷം വോട്ടർമാരുള്ള തമിഴ്നാട്ടിൽ വിജയ് ഇഫക്ട് ഉണ്ടായിരുന്നെങ്കിൽ അഞ്ചു കോടിയിലധികം വോട്ടുകൾ പോൾ ചെയ്തിട്ടുണ്ടാകുമെന്നാണ് ഡി.എം.കെ വാദം. എന്നാൽ, ഉയർന്ന പോളിങ് ശതമാനം ഭരണമാറ്റത്തിന്റെ സൂചനയെന്നാണ് എൻ.ഡി.എയും ടി.വി.കെയും ഒരുപോലെ പറയുന്നു.

Tags:    
News Summary - Chief Minister MK Stalin congratulates voters on record turnout, saying it could be a vote for the next generation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.