200 വർഷം പഴക്കമുള്ള താജ്മഹലിന്റെ ഒരു കഷ്ണം ലേലത്തിന്! വില 36 ലക്ഷം വരെ
ലണ്ടൻ: ആഗ്രയിലെ താജ്മഹലിൽനിന്ന് ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ കൊണ്ടുപോയ 200 വർഷത്തിലേറെ പഴക്കമുള്ള മാർബിൾ ശിലാഫലകം യു.കെ.യിൽ ലേലത്തിന്. പുഷ്പാലങ്കാരങ്ങളാൽ മനോഹരമായതും കൊത്തുപണി ചെയ്തതുമായ ശിലാഫലകത്തിന് 20,000 മുതൽ 30,000 പൗണ്ട് വരെ വില ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.അതായത് ഇന്ത്യൻ രൂപയിൽ ഏകദേശം 24 മുതൽ 36 ലക്ഷം രൂപ വരെ. ഡിസംബർ 9-ന് ലിയോൺ ആൻഡ് ടേൺബുൾ സംഘടിപ്പിക്കുന്ന ഇസ്ലാമിക, ഇന്ത്യൻ കലാവസ്തുക്കളുടെ ലേലത്തിലാണ് ഇത് വിൽപ്പനക്കെത്തുന്നത്.
1816-ൽ ആഗ്രയിലെ ചരിത്രസ്മാരകങ്ങളുടെ അറ്റകുറ്റപ്പണികളുടെ മേൽനോട്ട ചുമതല അവസാനിപ്പിച്ചപ്പോൾ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഉദ്യോഗസ്ഥനായിരുന്ന കേണൽ പൗണോൾ ഫിപ്സ് ശേഖരിച്ച രണ്ട് മാർബിൾ ഫലകങ്ങളിൽ ഒന്നാണിത്. താജ്മഹലിന്റെ പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രവും രണ്ട് കത്തുകളും ശിലാഫലകത്തോടൊപ്പം ലേലത്തിനുണ്ട്. കേണൽ പൗണോൾ ഫിപ്സിന്റെ പേരക്കുട്ടി അച്ചടിച്ച കത്തും മാർക്വിസ് ഓഫ് ബാത്ത് (ബ്രിട്ടനിലെ ഒരു പ്രഭുത്വ പദവി വഹിക്കുന്ന വ്യക്തി) കൈയക്ഷരത്തിലുളള കത്തുമാണ് ഇവയെന്ന് ലേലക്കുറിപ്പിൽ വ്യക്തമാക്കുന്നു.
കേണലിന്റെ മകൻ എഴുതിയ ഓർമക്കുറിപ്പുകൾ പ്രകാരം, താജ്മഹലിലെ ഭൂഗർഭ ഭാഗത്തുനിന്നാണ് പിതാവ് ഈ മാർബിൾ ഫലകങ്ങൾ കണ്ടെത്തിയത്. മുഗൾകാല സ്മാരകത്തിന്റെ അറ്റകുറ്റപ്പണികൾക്കായി ഉപയോഗിക്കാൻ സൂക്ഷിച്ചവയായിരിക്കാമെന്നാണ് അദ്ദേഹം കരുതിയിരുന്നത്.
1780-ൽ ഇംഗ്ലണ്ടിലെ ഡെവണിൽ ജനിച്ച ഫിപ്സ് 1799-ൽ ബംഗാൾ സൈന്യത്തിലെ കേഡറ്റായി ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ ചേർന്നു. ഈജിപ്തിലെ സൈനിക പോരാട്ടങ്ങളിൽ പങ്കെടുത്തശേഷം ഇന്ത്യയിൽ തിരിച്ചെത്തുകയും 1809-ൽ ആഗ്രയിൽ ഫോർട്ട് അഡ്ജുടന്റും ബാരക്ക് മാസ്റ്ററുമായി നിയമിതനാവുകയും ചെയ്തു. തുടർന്നുള്ള ഏഴുവർഷം ആഗ്രയിൽ തുടരുകയും താജ്മഹലിന്റെയും മറ്റ് ചരിത്രസ്മാരകങ്ങളുടെയും സംരക്ഷണ ചുമതല വഹിക്കുകയും ചെയ്തു.
സ്മാരകങ്ങളുടെ സംരക്ഷണത്തിൽ ഏറെ ശ്രദ്ധ പുലർത്തിയിരുന്ന ഫിപ്സ്, അവിടെനിന്ന് സ്മരണക്കായി കല്ലുകളും മറ്റും കൊണ്ടുപോകാൻ ശ്രമിച്ച യൂറോപ്യൻ സന്ദർശകരെ തടയാൻ ഇടപെട്ടിരുന്നു. ഒരിക്കൽ താജ്മഹലിൽ എത്തിയ ഒരു ഇംഗ്ലീഷ് വനിത, കാവൽക്കാരന്റെ എതിർപ്പ് അവഗണിച്ച് മാർബിളിൽനിന്ന് അഗേറ്റ് കല്ലുകൾ സ്റ്റീൽ ഫോർക്കുപയോഗിച്ച് ഇളക്കിയെടുക്കാൻ ശ്രമിച്ചതിനെ തടയാൻ കേണലിനെ വിളിച്ചുവരുത്തിയതായും ലേലക്കുറിപ്പിൽ പറയുന്നു.
1816-ൽ ഇന്ത്യയുടെ ഗവർണർ ജനറൽ അദ്ദേഹത്തെ ലോവർ പ്രൊവിൻസസിലെ കെട്ടിടങ്ങളുടെ സൂപ്രണ്ടായി നിയമിച്ചതോടെ ആഗ്ര വിട്ട് കൊൽക്കത്തയിലേക്ക് മാറി. ഇന്ത്യയിലെ കലകളോടും വാസ്തുവിദ്യയോടുമുള്ള താൽപര്യം തുടർന്ന അദ്ദേഹം, സംരക്ഷണ ചുമതലയിലുണ്ടായിരുന്ന കെട്ടിടങ്ങളുടെ വിശദമായ ചിത്രങ്ങൾ വരക്കാൻ പ്രഗത്ഭരായ ഇന്ത്യൻ ചിത്രകാരന്മാരുടെ സംഘത്തെയും നിയോഗിച്ചിരുന്നു.
1823-ൽ കുടുംബത്തോടൊപ്പം ബ്രിട്ടനിലേക്ക് മടങ്ങിയ ഫിപ്സ് 1858-ൽ മരിച്ചു. രണ്ട് നൂറ്റാണ്ടിലേറെയായി അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ശേഖരത്തിലായിരുന്നു ഈ മാർബിൾ ഫലകം സൂക്ഷിച്ചിരുന്നത്. ഫലകത്തിലെ പുഷ്പാലങ്കാരങ്ങൾ താജ്മഹലിലെ ഷാജഹാന്റെ ശവകുടീരത്തിന് മുകളിലുള്ള ഭാഗത്തിന്റെ അരികുകളിൽ കാണുന്ന കൊത്തുപണികളുടെ മാതൃകയിലാണുളളത്.
1666-ൽ ഷാജഹാന്റെ മരണശേഷം നിർമിച്ച അലങ്കാരങ്ങളുമായി സാമ്യമുള്ളതാണ് ഇതിലെ രൂപകൽപ്പന. മധ്യഭാഗത്തെ ചുരുളൻ അലങ്കാരവും ശവകുടീരത്തിന് മുകളിലുള്ള ഇടതുവശത്തെ രൂപവുമായി സാമ്യമുള്ളതാണെങ്കിലും കൂടുതൽ വിശദാംശങ്ങളും അധിക പുഷ്പരൂപങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.