തിരുപ്പറകുൺറത്തെ ദീപത്തൂൺ

തിരുപ്പറകുൺറം: തമിഴ്‌നാട് സർക്കാറിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം, നാളെ ദീപം തെളിയിക്കാൻ നിർദേശം

ചെന്നൈ: തിരുപ്പറകുൺറം മലയിലെ കൽത്തൂണിൽ കാർത്തിക ദീപം തെളിയിക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിൽ തമിഴ്‌നാട് സർക്കാരിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുമെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. കോടതി ഉത്തരവുകൾ ഉദ്യോഗസ്ഥർ മനഃപൂർവം ലംഘിച്ചുവെന്നും രാഷ്ട്രീയ മേലധികാരികളുടെ നിർദേശങ്ങൾക്കനുസരിച്ചാണ് അവർ പ്രവർത്തിച്ചതെന്നും കോടതി വിമർശിച്ചു.

കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കവെ വെള്ളിയാഴ്ചയാണ് സുപ്രീംകോടതിയുടെ നിർണായക പരാമർശം. ക്ഷേത്രത്തിലെ റിസീവർമാരോട് പൂജാരിയുമായി കൂടിയാലോചിച്ച ശേഷം ശനിയാഴ്ച (നവംബർ 28) ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കാൻ കോടതി നിർദേശിച്ചു.

തിരുപ്പറകുൺറം മലയിൽ വർഷങ്ങളായി പിന്തുടരുന്ന ആചാരപ്രകാരം ഉച്ചിപ്പിള്ളയാർ മണ്ഡപത്തിന് സമീപമുള്ള ദീപമണ്ഡപത്തിലാണ് കാർത്തിക ദീപം തെളിയിച്ചിരുന്നത്. എന്നാൽ, മലമുകളിലുള്ള ദീപത്തൂണിലും ദീപം തെളിയിക്കാൻ അനുമതി നൽകണമെന്ന് ഹിന്ദുത്വ സംഘടനകൾ ആവശ്യപ്പെട്ടതോടെയാണ് വിവാദങ്ങൾ തുടങ്ങിയത്.

സമീപത്തെ ദർഗയിൽനിന്ന് ഏകദേശം 50 മീറ്റർ മാത്രം അകലെയാണ് വിവാദ കൽത്തൂൺ സ്ഥിതി ചെയ്യുന്നത്. മലമുകളിലെ മുഴുവൻ പ്രദേശത്തിന്റെയും ഉടമസ്ഥാവകാശം തങ്ങൾക്കാണെന്നാണ് ദർഗാ കമ്മിറ്റി അവകാശപ്പെടുന്നത്.

ഹിന്ദുത്വ സംഘടനകളുടെ ആവശ്യം തള്ളിക്കൊണ്ട്, ഇത്തവണയും പരമ്പരാഗതമായ ഉച്ചിപ്പിള്ളയാർ മണ്ഡപത്തിലാണ് ദീപം തെളിയിച്ചത്. നിലവിലുള്ള മതപരമായ ആചാരങ്ങൾ സംരക്ഷിക്കണമെന്ന നിലപാടാണ് ക്ഷേത്ര ട്രസ്റ്റി ബോർഡ് സ്വീകരിച്ചത്.

ശനിയാഴ്ച ദീപത്തൂണിൽ ദീപം തെളിയിക്കണമെന്ന സുപ്രീംകോടതിയുടെ പുതിയ നിർദേശം തിരുപ്പറകുൺറം വിവാദത്തിൽ നിർണായക വഴിത്തിരിവായിരിക്കുകയാണ്.

വിഷയത്തിൽ സ്വമേധയാ കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കാൻ നേരത്തെ സുപ്രീംകോടതി വിസമ്മതിച്ചിരുന്നെങ്കിലും, പരാതി ലഭിച്ചാൽ പരിഗണിക്കാമെന്ന് വ്യക്തമാക്കിയിരുന്നു. തുടർന്നാണ് കോടതിയലക്ഷ്യ ഹർജികൾ പരിഗണിച്ചത്.

Tags:    
News Summary - Thirupparankundram Row: SC Slams Tamil Nadu Govt, Orders Lamp Lighting Tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.