ഋതബ്രത ബാനർജി
മമതക്ക് ആശ്വാസം, വിമതർക്ക് തിരിച്ചടി; ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവാക്കിയ സ്പീക്കറുടെ ഉത്തരവ് റദ്ദാക്കി
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭ പ്രതിപക്ഷ നേതാവായി വിമത ടി.എം.സി നേതാവ് ഋതബ്രത ബാനർജിയെ നിയമിച്ച സ്പീക്കറുടെ തീരുമാനം കൽക്കത്ത ഹൈകോടതി റദ്ദാക്കി. മുൻ മുഖ്യമന്ത്രി മമതാ ബാനർജിക്ക് ഏറെ ആശ്വാസം നൽകുന്നതും വിമത വിഭാഗത്തിന് കനത്ത തിരിച്ചടിയുമാണ് കോടതി ഉത്തരവ്.
പ്രതിപക്ഷ നേതാവിന്‍റെ കാര്യത്തിൽ പത്ത് ദിവസത്തിനകം തീരുമാനമെടുക്കാനും ജസ്റ്റിസ് കൃഷ്ണ റാവു സ്പീക്കർ രതീന്ദ്ര ബോസിന് നിർദേശം നൽകി. വിമത തൃണമൂൽ കോൺഗ്രസിന്റെ ചീഫ് വിപ്പായി അഖ്റുസമാനെ നിയമിച്ച തീരുമാനവും കോടതി റദ്ദാക്കി. ഋതബ്രതയുടെ നിയമനത്തെ ചോദ്യം ചെയ്ത് മമത ബാനർജി വിഭാഗം നേതാവായ ശോഭൻദേവ് ചട്ടോപാധ്യായ സമർപ്പിച്ച ഹരജിയിലാണ് കോടതിയുടെ അനുകൂല ഉത്തരവുണ്ടായത്. തൃണമൂൽ കോൺഗ്രസിലെ വിമത വിഭാഗമായ ഡെമോക്രാറ്റിക് തൃണമൂൽ കോൺഗ്രസിലാണ് ഋതബ്രത ബാനർജിയും അഖ്റുസമാനും ഉൾപ്പെടുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പാർട്ടിയിൽ ഉടലെടുത്ത ആഭ്യന്തര തർക്കത്തെ തുടർന്നാണ് തൃണമൂൽ കോൺഗ്രസ് പിളർന്നത്. ഒരു വിഭാഗം എം.എൽ.എമാർ ഋതബ്രത ബാനർജിക്ക് പിന്തുണ പ്രഖ്യാപിക്കുകയും അദ്ദേഹത്തെ പ്രതിപക്ഷ നേതാവായി നിർദേശിക്കുകയുമായിരുന്നു. മമത ബാനർജിയുടെ നേതൃത്വത്തെ അംഗീകരിക്കുന്നുണ്ടെങ്കിലും അഭിഷേക് ബാനർജിയുടെ നേതൃത്വത്തെ അംഗീകരിക്കില്ലെന്ന നിലപാടാണ് വിമത വിഭാഗം സ്വീകരിച്ചത്. സ്പീക്കറുടെ തീരുമാനത്തിനെതിരെ ഔദ്യോഗിക തൃണമൂൽ കോൺഗ്രസ് വിഭാഗത്തിലെ മുതിർന്ന നേതാവും എം.എൽ.എയുമായ ശോഭൻദേവ് ചട്ടോപാധ്യായ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
നേരത്തെ, ഹൈകോടതി ഡിവിഷൻ ബെഞ്ച് ഋതബ്രത ബാനർജിക്കും അഖ്റുസമാനും അതത് പദവികളിൽ രണ്ട് മാസത്തേക്ക് തൽക്കാലത്തേക്ക് തുടരാൻ അനുമതി നൽകിയിരുന്നു.
ഒക്ടോബർ 18ന് രണ്ട് മാസത്തെ കാലാവധി അവസാനിച്ചതോടെയാണ് ചട്ടോപാധ്യായ വീണ്ടും ഹൈകോടതിയെ സമീപിച്ചത്. ഇടക്കാല അനുമതി നീട്ടിനൽകാത്തതിനാൽ ഋതബ്രത ബാനർജിക്കും അഖ്റുസമാനും ഈ പദവികളിൽ തുടരാൻ നിയമപരമായ അവകാശമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. നിയമപരമായ അധികാരമില്ലാതിരുന്നിട്ടും പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നീ പദവികളുമായി ബന്ധപ്പെട്ട സർക്കാർ ആനുകൂല്യങ്ങളും സൗകര്യങ്ങളും ഇരുവരും തുടർന്നും അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഇതോടെയാണ് പ്രതിപക്ഷ നേതാവായി ഋതബ്രത ബാനർജിയെ നിയമിച്ച സ്പീക്കറുടെ ഉത്തരവ് റദ്ദാക്കിയ ഹൈകോടതി, പത്ത് ദിവസത്തിനകം പുതിയ തീരുമാനം എടുക്കാൻ നിർദേശം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.