ശരദ് പവാർ

സുപ്രിയ സുലെയെ മുഖ്യമന്ത്രിയാക്കണം; ബി.ജെ.പിയോട് ശരദ് പവാർ ആവശ്യമുന്നയിച്ചെന്ന് റിപ്പോർട്ട്

മുംബൈ: മകൾ സുപ്രിയ സുലെയെ മുഖ്യമന്ത്രിയാക്കിയാൽ ബി.ജെ.പിയുമായി സഹകരിക്കാൻ തയ്യാറാണെന്ന് എൻ.സി.പി നേതാവ് ശരദ് പവാർ അറിയിച്ചതായി റിപ്പോർട്ട്. മഹാരാഷ്ട്രയിലെ ഈ പുതിയ രാഷ്ട്രീയ നീക്കത്തെക്കുറിച്ച് 'ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്' ആണ് വാർത്ത പുറത്തുവിട്ടത്. ബി.ജെ.പി മുന്നണിയിലേക്ക് പവാർ തിരിച്ചെത്താനുള്ള ചർച്ചകൾ നടക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി ശരദ് പവാർ രഹസ്യ കൂടിക്കാഴ്ചകൾ നടത്തുന്നതായും റിപ്പോർട്ടിൽ പറയുന്നു. പാർലമെന്റിൽ മണ്ഡല പുനർനിർണയം, വനിതാ സംവരണം എന്നീ സുപ്രധാന ബില്ലുകൾ പാസാക്കിയെടുക്കാൻ പവാറിന്റെ പിന്തുണ ഉറപ്പാക്കുകയാണ് ബി.ജെ.പി ഇതിലൂടെ ലക്ഷ്യമിടുന്നത്.

സുപ്രിയ സുലെയ്ക്ക് കേന്ദ്ര മന്ത്രിസഭയിൽ പ്രധാനപ്പെട്ട സ്ഥാനം നൽകാമെന്നായിരുന്നു ബിജെപിയുടെ ആദ്യ നിർദ്ദേശമെങ്കിലും, മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം വേണമെന്ന ആവശ്യമാണ് ശരദ് പവാർ മുന്നോട്ടുവെച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പാർലമെന്റിൽ പ്രധാന ബില്ലുകൾ പാസാക്കിയെടുക്കാൻ മറ്റ് ചെറുകക്ഷികളുടെ പിന്തുണ ഉറപ്പാക്കാമെന്നും ഇതിനുപുറമെ, വോട്ടെടുപ്പ് സമയത്ത് കോൺഗ്രസിലെ ചില എംപിമാരെ വിട്ടുനിൽക്കാൻ പ്രേരിപ്പിക്കാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തതായും റിപ്പോർട്ടിലുണ്ട്. ശരദ് പവാർ നയിക്കുന്ന വിഭാഗവും അജിത് പവാർ നയിക്കുന്ന വിഭാഗവും വീണ്ടും ഒന്നിക്കുന്നതിനെക്കുറിച്ചും ഈ ചർച്ചകളിൽ ആലോചനകൾ നടക്കുന്നുണ്ട്.

എങ്കിലും, ഈ ചർച്ചകൾ ഒരു അന്തിമ രാഷ്ട്രീയ തീരുമാനത്തിലേക്ക് എത്തുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ശരദ് പവാറിന്റെ എൻഡിഎ പ്രവേശനത്തെക്കുറിച്ചോ സുപ്രിയ സുലെയുടെ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചോ ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

Tags:    
News Summary - Supriya Sule CM Post? Pawar-BJP Talks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.