എ.ഐ ചിത്രം
മഹാരാഷ്ട്രയിൽ മതപരിവർത്തന നിരോധന നിയമത്തിൽ ആദ്യ കേസ്; ഹിന്ദു സ്ത്രീയെ വിവാഹം ചെയ്ത മുസ്‍ലിം അറസ്റ്റിൽ
മുംബൈ: മഹാരാഷ്ട്രയിൽ പുതുതായി നടപ്പാക്കിയ 'മതപരിവർത്തന നിരോധന നിയമ'പ്രകാരം അറസ്റ്റിലായ മുസ്‌ലിം യുവാവിന് മുംബൈ കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഹിന്ദു യുവതിയെ നിർബന്ധിച്ച് ഇസ്‌ലാമിലേക്ക് മതംമാറ്റിയെന്ന ആരോപണത്തിലാണ് യുവാവിനെതിരെ കേസെടുത്തത്. മുംബൈയിൽ പുതിയ നിയമപ്രകാരം രജിസ്റ്റർ ചെയ്ത ആദ്യ കേസാണിത്. സംസ്ഥാനത്ത് ഈ നിയമവുമായി ബന്ധപ്പെട്ട ആദ്യ മുൻകൂർ ജാമ്യാപേക്ഷയാകാനും സാധ്യതയുണ്ട്.
നവംബർ 20-ന് ദിൻഡോഷിയിലെ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജി പി.എ സാനെയാണ് ജാമ്യം അനുവദിച്ചത്. ഹിന്ദു യുവതിയുടെ അമ്മ നൽകിയ പരാതിയിലാണ് നിയമവിരുദ്ധ മതപരിവർത്തന ആരോപണം ഉയർന്നത്. പരാതിക്കാരിയും പ്രോസിക്യൂഷനും തെളിവായി വിവാഹ ക്ഷണക്കത്തും ബുർഖ ധരിച്ചിരിക്കുന്ന യുവതിയുടെ ചിത്രവും കോടതിയിൽ ഹാജരാക്കി. യുവതിയുടെ പേരും ഉൾപ്പെടുത്തിയ വിവാഹ ക്ഷണക്കത്തും ഹാജരാക്കി.
എന്നാൽ, ഒക്ടോബർ 16-ന് ഇരുവരും സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്തിരുന്നതായി കോടതി ചൂണ്ടിക്കാട്ടി. വിവാഹത്തിന് ആവശ്യമായ നിയമപരമായ മുൻകൂർ നോട്ടീസ് നടപടികളും പൂർത്തിയാക്കിയിരുന്നു. മതപരമായ നിക്കാഹ് നടന്നതായി സ്ഥിരീകരിക്കുന്ന രേഖകളൊന്നും മൗലവിയിൽനിന്ന് പൊലീസ് പിടിച്ചെടുത്ത രജിസ്റ്ററിൽ ഉണ്ടായിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. യുവതിയും കോടതിയിൽ നേരിട്ട് ഹാജരായി. യാതൊരു നിർബന്ധമോ ഭീഷണിയോ സമ്മർദമോ പ്രലോഭനമോ ഇല്ലാതെ സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്ന് യുവതി കോടതിയെ അറിയിച്ചു.
വിവാഹ ക്ഷണക്കത്തിൽ മുസ്‌ലിം പേര് ഉൾപ്പെടുത്തിയതുകൊണ്ടുമാത്രം മതപരിവർത്തനം നടന്നതായി കണക്കാക്കാനാകുമോയെന്ന് ജഡ്ജി ഉത്തരവിൽ ചോദിച്ചു. നിക്കാഹ് നടന്നതിന് തെളിവില്ലാത്ത സാഹചര്യത്തിൽ ബുർഖ ധരിച്ചുള്ള ചിത്രവും മതംമാറ്റം സ്ഥിരീകരിക്കാൻ മതിയായ തെളിവല്ലെന്ന് കോടതി വ്യക്തമാക്കി.
നിയമവിരുദ്ധ മതപരിവർത്തനത്തിന് ആവശ്യമായ ഘടകങ്ങൾ കേസിൽ കണ്ടെത്താനായില്ലെന്നും കോടതി നിരീക്ഷിച്ചു. കോവിഡ് കാലം മുതൽ ഇരുവരും പ്രണയത്തിലായിരുന്നുവെന്നും പ്രായപൂർത്തിയായ വ്യക്തികളായ ഇവർ പരസ്പര സമ്മതത്തോടെയാണ് വിവാഹം കഴിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. നിർബന്ധിച്ചോ വഞ്ചിച്ചോ മതംമാറ്റിയെന്ന ആരോപണം വിശ്വസിക്കാൻ പ്രയാസമാണെന്നും ഉത്തരവിൽ പറയുന്നു.
പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്ന് വിലയിരുത്തിയ കോടതി, 50,000 രൂപയുടെ വ്യക്തിഗത ജാമ്യത്തിൽ മുൻകൂർ ജാമ്യം അനുവദിച്ചു. പ്രതിഭാഗത്തിനായി അഭിഭാഷകരായ കരീം പത്താൻ, ഫസൽ ഷെയ്ഖ്, പി.പി. തിവാരി എന്നിവർ ഹാജരായി. സംസ്ഥാനത്തിനായി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. കനോജിയയും പരാതിക്കാരിക്കായി അഭിഭാഷകൻ അഭിഷേക് ദുബെയും ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.