തിരുപ്പറകുൺറത്ത് ഇന്ന് ദീപം തെളിയും; മധുരൈയിൽ നിരോധനാജ്ഞ, വൻ സുരക്ഷാ സന്നാഹത്തെ നിയമിച്ച് അധികൃതർ
മധുര: തിരുപ്പറംകുൺറം കുന്നിനു മുകളിലെ ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കാൻ സുപ്രീം കോടതി ഇടക്കാല അനുമതി നൽകിയ പശ്ചാത്തലത്തിൽ മധുരയിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. നവംബർ 24-ന് നടക്കാനിരിക്കുന്ന ചടങ്ങുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനാണ് കർശന നിയന്ത്രണങ്ങൾ കൊണ്ടുവന്നത്.
പൊതുയോഗങ്ങൾ, ഘോഷയാത്രകൾ, പ്രതിഷേധ പ്രകടനങ്ങൾ എന്നിവ ജില്ലയിൽ നിരോധിച്ചു. തിരുപ്പറംകുൺറം കുന്നിലേക്ക് പൊതുജനങ്ങൾ കയറുന്നതിനും വിലക്കുണ്ട്. ക്ഷേത്ര ഭരണകൂടത്തിന്റെ അംഗീകൃത പ്രതിനിധികൾക്കും ചടങ്ങുകൾക്ക് മേൽനോട്ടം വഹിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്കും മാത്രമേ കുന്നിലേക്ക് പ്രവേശനം അനുവദിക്കൂ. നവംബർ 23 മുതൽ 25വരെയാണ് നിരോധനാജ്ഞ ഉണ്ടാവുക. തർക്കഭൂമിയിൽ ഖനനമോ പുതിയ നിർമ്മാണങ്ങളോ ഘടനാപരമായ മാറ്റങ്ങളോ നടത്തരുതെന്നും കർശന നിർദ്ദേശമുണ്ട്.
മധുരയിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും രണ്ട് സമുദായത്തിലുമുള്ള ആളുകൾ ഒത്തുകൂടി പ്രക്ഷോഭങ്ങൾ നടത്താൻ സാധ്യതയുള്ളതിനാൽ സുരക്ഷ ശക്തമാക്കുകയും പൊലീസ് വിന്യാസം വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അധികരികളുടെ അനുമതിയോടെ നടത്തുന്ന കായിക പരിപാടികൾ, വിവാഹം, ശവസംസ്കാര ചടങ്ങുകൾ, എന്നിവക്ക് ഈ ഉത്തരവ് ഇളവുനൽകിയിട്ടുണ്ട്.
സമീപത്തുള്ള ഹസ്രത്ത് സുൽത്താൻ സിക്കന്ദർ ബാദുഷ ഔലിയ ദർഗയിലേക്കും പള്ളിയിലേക്കും ആരാധനക്കും പ്രവേശനത്തിനുമുള്ള സൗകര്യങ്ങൾ തടസ്സമില്ലാതെ തുടരണമെന്ന് കോടതി നിർദ്ദേശിച്ചു. തർക്കവുമായി ബന്ധപ്പെട്ട നിയമപോരാട്ടങ്ങൾ തുടരുകയാണ്. ഹിന്ദു, ജൈന, മുസ്ലിം വിഭാഗങ്ങളുമായി ബന്ധപ്പെട്ട ആരാധനാലയങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് തിരുപ്പറംകുൺറം കുന്ന്.
കുന്നിൻ മുകളിലെ സ്ഥലത്തിന്റെ ഉടമസ്ഥാവകാശവും ആചാരങ്ങളും സംബന്ധിച്ച് ക്ഷേത്ര വിഭാഗവും സമീപത്തെ ദർഗയും തമ്മിൽ ദീർഘകാലമായി തർക്കം നിലനിൽക്കുന്നുണ്ട്. നേരത്തെ മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും ദീപത്തൂണിൽ ദീപം തെളിയിക്കാൻ അനുമതി നൽകിയിരുന്നു. ഇതിനെതിരെ തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതിനെ തുടർന്നാണ് ഇപ്പോഴത്തെ ഇടക്കാല ഉത്തരവ് വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.