'ഇ.ഡിക്ക് റെയ്ഡ് നടത്താം, അറസ്റ്റ് ചെയ്യാം, സ്വത്ത് കണ്ടുകെട്ടാം'; സുപ്രധാന അധികാരങ്ങൾ ശരിവെച്ച് സുപ്രീംകോടതി

ന്യൂഡൽഹി: എൻഫോഴ്സ്മെന്‍റ് ഡ‍യറക്ടറേറ്റിന്‍റെ (ഇ.ഡി) സുപ്രധാന അധികാരങ്ങൾ ശരിവെച്ച് സുപ്രീംകോടതി. ഇ.ഡിയുടെ വിശാല അധികാരം ചോദ്യം ചെയ്യുന്ന ഹരജികൾ കോടതി തള്ളി. സംശയമുള്ള ഏത് സ്ഥലത്തും പരിശോധന നടത്താനും അറസ്റ്റ് ചെയ്യാനും സ്വത്ത് കണ്ടുകെട്ടാനുമുള്ള ഇ.ഡിയുടെ അവകാശങ്ങളാണ് പരമോന്നത കോടതി ശരിവെച്ചത്.

എൻഫോഴ്സ്മെന്‍റ് ഡ‍യറക്ടറേറ്റിന്‍റെ അധികാരങ്ങൾക്കെതിരെ സമർപ്പിച്ച 242 ഹരജികളിൽ വിശദമായ വാദം കേട്ട ശേഷമാണ് ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനും ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരിയും സി.ടി രവി കുമാറും അംഗങ്ങളുമായ ഡിവിഷൻ ബെഞ്ചിന്‍റെ സുപ്രധാന വിധി.

കള്ളപ്പണ നിരോധന നിയമത്തിലെ (പി.എം.എൽ ആക്ട്) സെക്ഷൻ 5, സെക്ഷൻ 8 (4), സെക്ഷൻ 15, സെക്ഷൻ 17, സെക്ഷൻ 19, സെക്ഷൻ 45 എന്നീ വ്യവസ്ഥകളുടെ ഭരണഘടനാ സാധുത കോടതി ശരിവെച്ചു. അറസ്റ്റിലായാൽ ഇ.ഡി ഉന്നയിക്കുന്ന ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കേണ്ട ബാധ്യത പ്രതിക്കാണെന്നും തെളിവുകൾ പ്രതി ഹാജരാക്കണമെന്നും ജാമ്യവുമായി ബന്ധപ്പെട്ട സെക്ഷൻ 45നെ ശരിവെച്ച വിധിയിൽ പറയുന്നു.

കേസുമായി ബന്ധപ്പെട്ട ഇ.ഡിയുടെ ഇ.സി.ഐ.ആർ (എൻഫോഴ്മെന്‍റ് പ്രഥമ വിവര റിപ്പോർട്ട്) സുപ്രധാന രേഖയാണെന്നും എഫ്.ഐ.ആറിന് തുല്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇ.സി.ഐ.ആർ പ്രതിക്ക് നൽകേണ്ടതില്ല. ഇ.സി.ഐ.ആറിലെ വിവരങ്ങൾ ധരിപ്പിച്ചാൽ മതി. കുറ്റാരോപിതൻ തടവിലായാൽ കോടതി വഴി പ്രതിക്ക് രേഖ ആവശ്യപ്പെടാമെന്നും മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.

അതേസമയം, കള്ളപ്പണം നിരോധന നിയമത്തിലെ ഭേദഗതികൾ ധന ബില്ലായി പാർലമെന്‍റിൽ അവതരിപ്പിച്ച് പാസാക്കിയത് ഭരണഘടനപരമാണോ എന്ന വിഷയത്തിൽ മൂന്നംഗ ബെഞ്ച് തീരുമാനമെടുത്തില്ല. ഈ വിഷയം വിശാല ബെഞ്ചിന് വിടാൻ സുപ്രീംകോടതി തീരുമാനിച്ചു. കൂടാതെ, ഇ.ഡി കേസിൽ വിചാരണ മാറ്റണമെന്ന ഹരജികൾ ഹൈകോടതിയിലേക്ക് മാറ്റാനും സുപ്രീംകോടതി ഉത്തരവിട്ടു. ജാമ്യപേക്ഷകൾ നൽകിയവർ അതാത് കോടതികളെ സമീപിക്കാനും കോടതി നിർദേശിച്ചു. 

ഇ.ഡിയുടെ അറസ്റ്റ് ചെയ്യാനുള്ള അധികാരം, ജാമ്യം ലഭ്യമാക്കാനുള്ള കർശന വ്യവസ്ഥകൾ, കുറ്റം ചെയ്തില്ലെന്ന് തെളിയിക്കാൻ കുറ്റാരോപിതനുള്ള ബാധ്യത, ഇ.ഡി ഉദ്യോഗസ്ഥർക്ക് മുമ്പിൽ നൽകുന്ന കുറ്റാരോപിതർ മൊഴി കോടതിയിൽ തെളിവായി ഉപയോഗിക്കാനുള്ള അനുമതി അടക്കം കള്ളപ്പണ നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ ഭരണഘടന വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജികൾ സമർപ്പിച്ചത്. 

Tags:    
News Summary - Supreme Court upholds important powers of Enforcement Directorate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.