കു​ടി​യി​റ​ക്ക് വി​ല​ക്കി​യ വി​ധി​ക്ക് പിന്നാലെ സു​പ്രീം​കോ​ട​തിക്ക് മുന്നിൽ ക​ണ്ണീ​ര​ണി​ഞ്ഞ് ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ക്കു​ന്ന ഹ​ൽ​ദ്വാ​നി വാ​സി​ക​ൾ

​'പിഴുതെറിയാനാവില്ല'; ഹൽദ്വാനി കുടിയിറക്കൽ തടഞ്ഞ് സുപ്രീംകോടതി

ന്യൂഡൽഹി: ഉത്തരാഖണ്ഡ് ഹൽദ്വാനിയിെ ല കൂട്ട കുടിയിറക്കൽ സുപ്രീംകോടതി തടഞ്ഞു. 95 ശതമാനം മുസ്‍ലിംകളുള്ള ഗഫൂർ ബസ്തിയിൽനിന്ന് 4365 കുടുംബങ്ങളെ പതിറ്റാണ്ടുകളായി അവർ താമസിക്കുന്ന കിടപ്പാടങ്ങളിൽനിന്ന് ബലം പ്രയോഗിച്ച് കുടിയിറക്കാനുള്ള നീക്കം ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ചാണ് തടഞ്ഞത്. അരലക്ഷം മനുഷ്യരെ ഏഴു നാൾകൊണ്ട് പിഴുതെറിയാനാവില്ലെന്ന് ഉത്തരാഖണ്ഡ് ഹൈകോടതി വിധി സ്റ്റേ ചെയ്ത് ബെഞ്ച് ഓർമിപ്പിച്ചു.

പ്രശ്നത്തിന് പ്രായോഗികമായ പരിഹാരം സമർപ്പിക്കാൻ ഉത്തരാഖണ്ഡ് സർക്കാറിനും റെയിൽവേക്കും നിർദേശം നൽകിയ ജസ്റ്റിസ് എ.എസ്. ഓഖ കൂടി അടങ്ങുന്ന ബെഞ്ച് കേസ് ഫെബ്രുവരി ഏഴിലേക്ക് മാറ്റി.4365 കുടുംബങ്ങളെ ഒരാഴ്ചക്കകം കുടിയൊഴിപ്പിച്ച് ഗഫൂർ ബസ്തി, റെയിൽവേ ഏറ്റെടുക്കണമെന്ന ഹൈകോടതി വിധി നടപ്പാക്കാൻ സംസ്ഥാന ബി.ജെ.പി സർക്കാറും റെയിൽവേ മന്ത്രാലയവും സംയുക്തമായി തുടക്കമിട്ടതിന് തടയിട്ടാണ് ഇരകളുടെ ഹരജിയിൽ സുപ്രീംകോടതി ഇടപെടൽ.

ഹൽദ്വാനിയിൽ പതിറ്റാണ്ടുകളായി ജീവിക്കുന്ന മനുഷ്യരെ നീക്കംചെയ്യാൻ അർധസൈനിക വിഭാഗങ്ങളെ വിന്യസിച്ചത് ശരിയല്ലെന്ന് ജസ്റ്റിസ് എ.എസ്. ഓഖ നിരീക്ഷിച്ചു. പ്രായോഗിക പരിഹാരം കാണണം. ഇതൊരു മാനുഷിക പ്രശ്നമാണ്. നിരവധി വർഷങ്ങളായി ജനം ജീവിച്ചുവരുന്ന സ്ഥലമാണ്. ഇത് റെയിൽവേ ഭൂമിയാണെങ്കിൽപോലും പുനരധിവാസ പദ്ധതി ആവശ്യമാണെന്നും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ പറഞ്ഞു.

അവരെയെല്ലാവരെയും ഒരേ ബ്രഷുകൊണ്ട് പെയിന്റടിക്കാനാവില്ല. ചിലപ്പോൾ പല വിഭാഗങ്ങളാക്കി തിരിക്കേണ്ടിവന്നേക്കാം. ഏതായാലും അവർ ജനങ്ങളാണ്. മാനുഷികമായ കാഴ്ചപ്പാട് പരിഗണിക്കേണ്ടതുണ്ട്.നിരവധി സ്ഥാപനങ്ങളുള്ള ഇടം ഒരാഴ്ചകൊണ്ട് ഒഴിയാൻ പറയുന്നത് എങ്ങനെയാണെന്ന് ജസ്റ്റിസ് കൗൾ ചോദിച്ചു. 50-60 വർഷമായി അവിടെ ജീവിക്കുന്ന മനുഷ്യർക്ക് പുനരധിവാസ പദ്ധതി എങ്കിലും തയാറാക്കണം.

പ്രദേശത്തെ എല്ലാവർക്കും പൂർണമായ പുനരധിവാസം ആവശ്യമാണെന്ന് അഡീഷനൽ സോളിസിറ്റർ ജനറലിനോട് നിർദേശിച്ച് ഹരജിയിൽ നോട്ടിസ് അയക്കുകയാണെന്ന് തുടർന്ന് പുറപ്പെടുവിച്ച ഉത്തരവിൽ സുപ്രീംകോടതി വ്യക്തമാക്കി. അത്രയും സമയത്തേക്ക് ഉത്തരാഖണ്ഡ് ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവിലെ നിർദേശങ്ങൾ സ്റ്റേ ചെയ്യുകയാണ്.

ഈ ഭൂമിയിൽ ഇനിയൊരു നിർമാണ- വികസന പ്രവർത്തനങ്ങളും നടത്തരുത്. ഇവിടെ അവകാശമുള്ളവരെയും ഇല്ലാത്തവരെയും വേർതിരിക്കണം.റെയിൽവേ ആവശ്യം അംഗീകരിച്ചു തന്നെ ഇരുകൂട്ടരെയും നിലവിലുള്ള പുനരധിവാസ പദ്ധതികളുടെ ഭാഗമാക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. 

ഗഫൂർ ബസ്തി: തലമുറകളുടെ ജന്മഗേഹം

സ്വാതന്ത്ര്യത്തിന് മുമ്പേയുള്ള ഭൂരേഖകളടക്കം കൈവശമുള്ള നിരവധി തലമുറകൾ ജനിച്ചു വളർന്ന സ്ഥലമാണ് ഹൽദ്വാനിയിലെ ഗഫൂർ ബസ്തി. ഭൂമിക്ക് 1940 മുതൽ നികുതി അടച്ചതിന്റെ രസീതും പലരുടെയും കൈവശമുണ്ട്. കെട്ടിടനികുതിയും വീട്ടുനികുതിയും മുനിസിപ്പാലിറ്റിക്ക് മുടങ്ങാതെ അവർ നൽകുന്നുണ്ട്.

ഇവിടെ വൈദ്യുതിയും വെള്ളവും റോഡുകളുമുണ്ട്. ബസ്തിയിൽ ഒരു ഡസൻ അംഗൻവാടികളും സർക്കാർ സ്കൂളുകളും അമ്പലങ്ങളും പള്ളികളും മതപാഠശാലകളും കച്ചവടസ്ഥാപനങ്ങളുമെല്ലാമുണ്ട്. ഒരാഴ്ചക്കകം ഇതെല്ലാം ഒഴിപ്പിക്കാനായിരുന്നു ഹൈകോടതി വിധി.

Tags:    
News Summary - Supreme Court stopped Haldwani resettlement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.