കൊവാക്സിനും പാർശ്വഫലം; വാക്സിൻ സ്വീകരിച്ച 30 ശതമാനം പേർക്കും ഒരു വർഷത്തിനിടെ ആരോഗ്യപ്രശ്നമുണ്ടായെന്ന് പഠനം

ന്യൂഡൽഹി: ആസ്ട്രസെനേക്കയുടെ കോവിഡ് പ്രതിരോധ വാക്സിനായ കൊവിഷീൽഡിന് ഗുരുതര പാർശ്വഫലങ്ങളുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ, ഇന്ത്യൻ നിർമിത വാക്സിനായ കൊവാക്സിനും പാർശ്വഫലങ്ങളുണ്ടെന്ന് പഠന റിപ്പോർട്ട്. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. അന്താരാഷ്ട്ര മെഡിക്കൽ ജേണലായ സ്പ്രിംഗർ നേച്ചറിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.

കോവാക്സിൻ സ്വീകരിച്ച 926 പേരിലാണ് ഗവേഷകർ പഠനം നടത്തിയത്. ഇതിൽ, 635 കൗമാരക്കാരും 291 മുതിർന്നവരും ഉൾപ്പെട്ടിരുന്നു. 50 ശതമാനത്തിനടുത്തോളം പേർക്ക് വാക്സിൻ സ്വീകരിച്ചതിന് ശേഷമുള്ള ഒരു വർഷത്തിനിടെ ആരോഗ്യപ്രശ്നങ്ങളുണ്ടായി. പ്രധാനമായും ശ്വസനനാളിയുടെ മുകൾഭാഗത്ത് ഇൻഫെക്ഷനുണ്ടാവുകയാണ് ചെയ്തത്. 304 കൗമാരക്കാർക്കും 124 മുതിർന്നവർക്കും ഈ അസുഖം അനുഭവപ്പെട്ടു.

വാക്സിൻ സ്വീകരിച്ചവരിൽ ഒരു ശതമാനം പേർക്കാണ് ഗുരുതരമായ പാർശ്വഫലം കണ്ടെത്തിയത്. പക്ഷാഘാതം, ഗില്ലൻബാരി സിൻഡ്രോം എന്നിവയാണ് ഒരു വർഷത്തിനിടെ ഇവർക്കുണ്ടായത്. ശ്വാസകോശ രോഗങ്ങള്‍, ത്വക് രോഗങ്ങള്‍, നാഡീസംബന്ധ അസുഖങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങളാണ് കൗമാരക്കാരിലുണ്ടായത്. നാഡീസംബന്ധ രോഗങ്ങള്‍, ആര്‍ത്തവ പ്രശ്‌നങ്ങള്‍, നേത്രരോഗങ്ങള്‍ തുടങ്ങിയവ ഒരു വർഷത്തിനുള്ളിൽ മുതിര്‍ന്നവരിലുമുണ്ടായതായി പഠനത്തിൽ കണ്ടെത്തി. 4.6 ശതമാനം സ്ത്രീകൾക്കും ആർത്തവപ്രശ്നങ്ങൾ നേരിട്ടു. 

എന്നാൽ, ഇത്തരമൊരു പഠനറിപ്പോർട്ടിൽ നിഗമനത്തിലെത്താൻ വിശദമായ ഗവേഷണങ്ങൾ ആവശ്യമാണെന്നാണ് വാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക് പ്രതികരിച്ചതെന്ന് ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. പാർശ്വഫലങ്ങൾ കണ്ടെത്തിയവരുടെ മുൻകാല അസുഖ വിവരങ്ങൾ ഉൾപ്പെടെ വിശകലനം ചെയ്യണം. കൊവാക്സിൻ സുരക്ഷിതമാണെന്നത് സംബന്ധിച്ച് നിരവധി പഠനങ്ങൾ ജേണലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ഭാരത് ബയോടെക് പ്രതികരിച്ചു.

നേരത്തെ, തങ്ങളുടെ കോവിഡ് വാക്സിൻ ഗുരുതര പാർശ്വഫലത്തിന് കാരണമാകാമെന്ന് ഇന്ത്യയിലടക്കം വ്യാപകമായി ഉപയോഗിച്ച കൊവിഷീൽഡ് വാക്സി​ന്റെ നിർമാതാക്കളായ ആസ്ട്രസെനേക്ക യു.കെ കോടതിയിൽ സമ്മതിച്ചിരുന്നു. വാക്സിൻ എടുത്തത് മൂലം ആരോഗ്യപ്രശ്നങ്ങൾ നേരിട്ട നിരവധി പേർ യു.കെയിൽ കോടതിയെ സമീപിച്ചി പശ്ചാത്തലത്തിലായിരുന്നു ഇത്. ഇതിന് പിന്നാലെ ആഗോള വിപണിയിൽ നിന്ന് തങ്ങളുടെ വാക്സിൻ ആസ്ട്രസെനേക്ക പിൻവലിക്കുകയും ചെയ്തിരുന്നു.

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് ആസ്ട്രസെനേക വികസിപ്പിച്ച വാക്‌സിൻ, കോവിഷീൽഡ് എന്ന ​പേരിൽ സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് ഇന്ത്യയിൽ നിർമിച്ച് വിതരണം ചെയ്തത്. യൂറോപ്പിലുൾപ്പെടെ വാക്‌സ്‌സെവരിയ എന്ന പേരിലാണ് ഈ വാക്സിൻ വിതരണം ചെയ്തത്. കോവിഡ് വാക്സിനേഷന്‍റെ തുടക്കകാലത്ത് ഇന്ത്യയിൽ കൊവാക്സിനും കൊവീഷീൽഡുമായിരുന്നു ലഭ്യമായിരുന്നത്. 

Tags:    
News Summary - Adolescent girls at risk after receiving Covaxin, says study

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.