ഭോജ്‌ശാല-കമാൽ മൗല മസ്‌ജിദിലെ സർവേ നിർത്തിവെക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: മധ്യപ്രദേശിലെ ഭോജ്‌ശാല-കമാൽ മൗല മസ്‌ജിദ് തർക്ക സ്ഥലത്തെ എ.എസ്.ഐ സർവേ നിർത്തിവെക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി. ഭോജ്ശാല-കമൽ മൗല മസ്ജിദ് കോംപ്ലക്സിൽ എ.എസ്.ഐ സർവേ നടത്തണമെന്ന് ഉത്തരവിട്ട മധ്യപ്രദേശ് ഹൈകോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ നൽകിയ അപ്പീൽ ഹരജിയാണ് തള്ളിയത്.

ശാസ്ത്രീയ സർവേ സംബന്ധിച്ച് മധ്യപ്രദേശ് ഹൈകോടതിയുടെ മാർച്ച് 11ലെ വിധിയെ ചോദ്യം ചെയ്ത് മൗലാന കമാലുദ്ദീൻ വെൽഫെയർ സൊസൈറ്റി നൽകിയ ഹരജിയിൽ, ജസ്റ്റിസുമാരായ ഋഷികേശ് റോയ്, പി.കെ. മിശ്ര എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രസർക്കാരിനും മധ്യപ്രദേശ് സർക്കാരിനും എ.എസ്.ഐക്കും നോട്ടീസ് അയച്ചിരുന്നു.

സർവേ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി നടപടി സ്വീകരിക്കണമെന്നും സുപ്രീം കോടതി ഇടക്കാല നിർദേശം പുറപ്പെടുവിച്ചു. സമുച്ചയത്തിന്റെ സ്വഭാവത്തിൽ മാറ്റം വരാൻ സാധ്യത ഉള്ളതിനാൽ ഭൗതിക ഖനനം നടത്തരുതെന്നും സുപ്രീം കോടതി നിർദേശിച്ചു.

ഭോജ്ശാല സമുച്ചയം ക്ഷേത്രമാണെന്നു വാദിച്ച് കഴിഞ്ഞ വർഷമാണ് ഒരു വിഭാഗം കോടതിയെ സമീപിച്ചത്. ഹിന്ദു ഫ്രണ്ട് ഫോർ ജസ്റ്റിസ് ആണ് മധ്യപ്രദേശ് ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി സമർപ്പിച്ചത്. ഭോജ്ശാലയിൽ ദിവസവും പ്രാർഥന നടത്തുന്നത് 2003ൽ എ.എസ്.ഐ വിലക്കിയിരുന്നു. ഇത് ചോദ്യംചെയ്താണ് ഹിന്ദു വിഭാഗം കോടതിയെ സമീപിച്ചത്. കമാല്‍ മൗല പള്ളിയില്‍ നടക്കുന്ന പ്രാര്‍ഥന തടണമെന്നും ആവശ്യമുണ്ട്. ഭോജ്ശാല നിലവിൽ എ.എസ്.ഐ മേൽനോട്ടത്തിലാണുള്ളത്. നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടം പൂർണമായി സരസ്വതി ക്ഷേത്രമാണെന്നാണ് ഹിന്ദു വിഭാഗം വാദിക്കുന്നത്. 2003ലെ എ.എസ്.ഐ ഉത്തരവ് പ്രകാരം ഇവിടെ എല്ലാ ചൊവ്വാഴ്ചയും പൂജ നടക്കുന്നുണ്ട്. ഇതിനോടു ചേർന്നുള്ള കമാൽ മൗല മസ്ജിദിൽ എല്ലാ വെള്ളിയാഴ്ചയും ജുമുഅ നമസ്‌കാരവും നടക്കുന്നുണ്ട്.

Tags:    
News Summary - Supreme Court rejects plea to stay survey of Bhojshala-Kamal Maula Masjid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.