ശ്രീരംഗപട്ടണ ജുമാമസ്ജിദ്: ഹൈകോടതിയിൽ 108 പേരുടെ ഹരജി നൽകാൻ ഹിന്ദുത്വ സംഘടനകൾ

ബംഗളൂരു: ശ്രീരംഗപട്ടണ ജുമാമസ്ജിദിൽ അവകാശമുന്നയിച്ച് രംഗത്തെത്തിയ തീവ്രഹിന്ദുത്വ സംഘടനകൾ വിഷയത്തിൽ പുതിയ നിയമക്കുരുക്കുകൾ ഉണ്ടാക്കാനുള്ള ഒരുക്കത്തിൽ. ഇതിന്‍റെ ഭാഗമായി കർണാടക ഹൈകോടതിയിൽ 108 ആളുകൾ ഹരജി നൽകാൻ തീരുമാനം. മസ്ജിദ് ഹിന്ദുത്വർക്ക് വിട്ടുനൽകാനായി നടപടികൾ സ്വീകരിക്കാൻ അധികൃതർക്ക് കഴിഞ്ഞില്ലെങ്കിൽ തന്‍റെയും നിരവധി മറ്റ് ഹിന്ദുത്വ നേതാക്കളുടെയും നേതൃത്വത്തിൽ ഉടൻ കോടതിയിൽ ഹരജി നൽകുമെന്ന് ബജ്റങ്സേന പ്രസിഡന്‍റ് ബി. മഞ്ജുനാഥ് അറിയിച്ചു.

ഹിന്ദുമത ഗ്രന്ഥങ്ങളിൽ 108 എന്നതിന് പ്രത്യേക സ്ഥാനമുണ്ടെന്നും ഇതിനാലാണ് അത്രയും ആളുകൾ ഹരജി നൽകാൻ തയാറായി എത്തിയിരിക്കുന്നതെന്നും മഞ്ജുനാഥ് പറഞ്ഞു. ഹിന്ദുക്ഷേത്രം തകർത്താണ് മസ്ജിദ് നിർമിച്ചതെന്നും അത് തങ്ങൾക്ക് വിട്ടുകിട്ടണമെന്നുമാണ് ആവശ്യമെന്നും മഞ്ജുനാഥ് പറഞ്ഞു. എന്നാൽ, ഇക്കാര്യത്തിൽ വിവിധ പ്രതിഷേധ സമരങ്ങൾ നടത്തിയിട്ടും സർക്കാർ തീരുമാനമെടുത്തിട്ടില്ല.

ഹരജിക്കൊപ്പം ഫോട്ടോകൾ, ബ്രിട്ടീഷ് ചരിത്രകാരന്മാരുടെ എഴുത്തുകൾ തുടങ്ങിയ തെളിവുകളും നൽകും.മസ്ജിദ് ഇ അല എന്നും അറിയപ്പെടുന്ന ജാമിഅ മസ്ജിദ് ശ്രീരംഗപട്ടണ കോട്ടക്കകത്താണുള്ളത്. 1786-87 കാലത്ത് മൈസൂർ രാജാവായിരുന്ന ടിപ്പു സുൽത്താനാണ് പള്ളി നിർമിച്ചത്.

മദ്റസയും മസ്ജിദുമടങ്ങുന്ന ജാമിയ മസ്ജിദ് കെട്ടിടത്തിന്‍റെ പരിപാലനം നിർവഹിക്കുന്നത് ആർക്കിയോളജി വകുപ്പാണ്. ഹനുമാൻ ക്ഷേത്രം തകർത്താണ് ടിപ്പുസുൽത്താൻ ജാമിയ മസ്ജിദ് നിർമിച്ചതെന്നും ഹൊയ്സാല രാജവംശത്തിന്‍റെ അടയാളങ്ങൾ പള്ളിക്കകത്തുണ്ടെന്നുമാണ് തീവ്രഹിന്ദുത്വ സംഘടനകൾ അവകാശപ്പെടുന്നത്. അവകാശവാദം ഉന്നയിച്ച് മസ്ജിദിനുമുന്നിൽ തീവ്രഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം നടന്നതിനുപിന്നാലെ ആരാധനക്ക് അനുമതി തേടി തീവ്രസംഘടനകൾ ജില്ല ഭരണകൂടത്തെ സമീപിച്ചിരുന്നു.

മസ്ജിദിന്‍റെ ചരിത്രമറിയാൻ സർവേ നടത്തണമെന്നാവശ്യപ്പെട്ട് നിരോധനാജ്ഞ ലംഘിച്ച് വി.എച്ച്.പി സമരം നടത്തിയിരുന്നു. അതേസമയം, തീവ്രഹിന്ദുത്വ സംഘടനകളിൽ നിന്ന് പള്ളി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പള്ളി അധികൃതർ നിരവധി തവണ അധികൃതർക്ക് നിവേദനം നൽകിയിട്ടുണ്ട്.ഗ്യാൻവ്യാപി മസ്ജിദിന്‍റെ കാര്യത്തിലെന്ന പോലെ ശ്രീരംഗപട്ടണയിലെ ജാമിയ മസ്ജിദിലും അവകാശമുന്നയിച്ച് പ്രശ്നം കോടതി നടപടികളിൽ കുരുക്കുകയാണ് സംഘ്പരിവാർ സംഘടനകളുടെ ലക്ഷ്യം.

Tags:    
News Summary - Srirangapatna Juma Masjid: Hindutva Organizations to File Petition of 108 in High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.