കർണാടക സ്റ്റേറ്റ് സംയുക്ത ആശാ വർക്കേഴ്സ് യൂനിയൻ പ്രതിനിധികളുമായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കൂടിക്കാഴ്ച നടത്തിയപ്പോൾ
കർണാടകയിൽ ആശാ വർക്കർമാർ രാപ്പകൽ സമരത്തിൽ; ‘ഓണറേറിയം 15,000 രൂപയാക്കണം, രേഖാമൂലം ഉറപ്പ് നൽകണം’
ബംഗളൂരു: കർണാടകയിൽ ആശാ പ്രവർത്തകർ നടത്തുന്ന രാപ്പകൽ സമരം തുടരുന്നു. സമരം അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ആവശ്യപ്പെട്ടെങ്കിലും രേഖാമൂലമുള്ള ഉറപ്പ് ലഭിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് തൊഴിലാളികൾ.
ബംഗളൂരുവിലെ ഫ്രീഡം പാർക്കിലാണ് നവംബർ 17ന് സമരം ആരംഭിച്ചത്. കർണാടകയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആയിരക്കണക്കിന് അംഗീകൃത സാമൂഹിക ആരോഗ്യ പ്രവർത്തകരാണ് (ആശാ) സമരത്തിൽ പങ്കെടുക്കുന്നത്. നിലവിലെ 5,000 രൂപ പ്രതിമാസ ഓണറേറിയം 15,000 രൂപയായി ഉയർത്തണമെന്നാണ് സമരക്കാരുടെ ആവശ്യം.
വ്യാഴാഴ്ച കർണാടക സ്റ്റേറ്റ് സംയുക്ത ആശാ വർക്കേഴ്സ് യൂനിയന്റെ 20ഓളം പ്രതിനിധികളുമായി ഡി.കെ. ശിവകുമാർ കൂടിക്കാഴ്ച നടത്തിയിരുന്നു. ആശാ പ്രവർത്തകരുടെ സംഭാവനകളെ സർക്കാർ വിലമതിക്കുന്നുണ്ടെന്നും അവരുടെ പ്രശ്നങ്ങളിൽ അനുഭാവപൂർണമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആവശ്യങ്ങൾ ഒറ്റ ദിവസംകൊണ്ട് തീരുമാനിക്കാനാകില്ലെന്നും ബന്ധപ്പെട്ട മന്ത്രിമാരുമായും മന്ത്രിസഭാ യോഗത്തിലും നിയമസഭാ സമ്മേളനത്തിലും ചർച്ച ചെയ്തശേഷം തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതിമാസ നിശ്ചിത ഓണറേറിയം 15,000 രൂപയായി ഉയർത്തണമെന്ന ആവശ്യം സർക്കാർ തള്ളിക്കളയില്ലെന്നും ശിവകുമാർ അറിയിച്ചു. എന്നാൽ, ഇതുമൂലം സർക്കാറിനുണ്ടാകുന്ന സാമ്പത്തിക ബാധ്യതയും നിലവിലെ സാമ്പത്തിക പരിമിതികളും പരിഗണിക്കേണ്ടതുണ്ട്.
കർണാടകയിൽ ഏകദേശം 41,000 ആശാ പ്രവർത്തകരുണ്ടെന്നും ഇവരുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ സർക്കാറിന്റെ ശ്രദ്ധയിലുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കേന്ദ്ര സർക്കാർ 2,000 രൂപയും സംസ്ഥാന സർക്കാർ 5,000 രൂപയുമാണ് പ്രതിമാസം നൽകുന്നത്. ഇതിനു പുറമെ 1,000 രൂപ അധിക ഇൻസെന്റീവും ലഭിക്കും. പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിലുള്ള മറ്റ് ഇൻസെന്റീവുകൾ കൂടി ഉൾപ്പെടുത്തുമ്പോൾ പ്രതിമാസം ഏകദേശം 8,000 രൂപ വരെ ലഭിക്കാമെന്നും ശിവകുമാർ പറഞ്ഞു.
എന്നാൽ, മുഖ്യമന്ത്രിയുടെ വാക്കാലുള്ള ഉറപ്പുകൾ അംഗീകരിക്കാൻ സമരക്കാർ തയാറായിട്ടില്ല. ഓണറേറിയം വർധിപ്പിക്കുന്നതും മറ്റ് ആവശ്യങ്ങൾ പരിഹരിക്കുന്നതും സംബന്ധിച്ച് രേഖാമൂലമുള്ള ഉത്തരവ് ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് യൂനിയന്റെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.