15 ദിവസത്തിനിടെ ടിക്കറ്റ് നിരക്ക് 50 ശതമാനം കൂടി;കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ച് വ്യാപാര സംഘടന

ന്യൂഡൽഹി: ഉത്സവ-വിവാഹ സീസണിൽ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നതോടെ കേന്ദ്രസർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികളുടെ സംഘടനയായ ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി (സി.ടി.ഐ). കഴിഞ്ഞ 15 ദിവസത്തിനിടെ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കിൽ 50 ശതമാനത്തോളം വർധനയുണ്ടായെന്നാണ് സംഘടനയുടെ ആരോപണം. നിരക്ക് ഉയർന്നതോടെ ഓരോ റൂട്ടിലും പരമാവധി ടിക്കറ്റ് നിരക്ക് നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു കിഞ്ചരാപുവിന് സംഘടന കത്തയച്ചു.

ഛഠ് ഉത്സവത്തിനും നവംബർ മുതൽ ആരംഭിക്കുന്ന വിവാഹ സീസണിനുമായി നിരവധി പേർ സ്വന്തം നാടുകളിലേക്ക് യാത്ര ചെയ്യാനൊരുങ്ങുന്നതിനിടെയാണ് നിരക്ക് വർധന. ഡൽഹിയിൽ നിന്ന് വിവിധ നഗരങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് ഏതാനും ദിവസങ്ങൾക്കിടെ ഇരട്ടിയോളമായെന്ന് സി.ടി.ഐ നടത്തിയ സർവേയിൽ കണ്ടെത്തിയതായി സംഘടനാ അധ്യക്ഷൻ ബ്രിജേഷ് ഗോയൽ പറഞ്ഞു. വ്യാപാരികൾക്കു പുറമെ ഇടത്തരക്കാരും സാധാരണ യാത്രക്കാരും നിരക്ക് വർധനയുടെ ആഘാതം നേരിടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡൽഹി-പട്ന റൂട്ടിൽ ടിക്കറ്റ് നിരക്ക് 18,000 രൂപയായും ഡൽഹി-ദർഭംഗ റൂട്ടിൽ 20,000 രൂപയായും ടിക്കറ്റ് നിരക്ക് ഉയർന്നു. ഡൽഹി-മുംബൈ റൂട്ടിൽ 15,000 രൂപയാണ് നിരക്ക്. ഡൽഹി-ബംഗളൂരു റൂട്ടിൽ 16,000 മുതൽ 18,000 രൂപ വരെയും ഡൽഹി-അഹ്മദാബാദ് റൂട്ടിൽ 11,000 രൂപയും ഡൽഹി-ഹൈദരാബാദ് റൂട്ടിൽ 11,000 മുതൽ 15,000 രൂപ വരെയുമാണ് നിലവിലെ നിരക്കുകളെന്നും സംഘടന അവകാശപ്പെട്ടു. വിമാന ടിക്കറ്റ് നിരക്കിന് ഓരോ റൂട്ടിലും പരമാവധി പരിധി നിശ്ചയിക്കുക, ദൂരത്തിന്റെ അടിസ്ഥാനത്തിൽ സുതാര്യമായ നിരക്ക് നിർണയ സംവിധാനം കൊണ്ടുവരിക, തിരക്കേറിയ റൂട്ടുകളിൽ വിമാന സർവിസുകൾ വർധിപ്പിക്കുക എന്നിവയുൾപ്പെടെ അഞ്ച് ആവശ്യങ്ങളാണ് സി.ടി.ഐ മുന്നോട്ടുവെച്ചത്. കൂടാതെ വ്യോമയാന മേഖലയിൽ മത്സരം വർധിപ്പിക്കുന്നതിനായി രണ്ടോ മൂന്നോ പുതിയ വിമാനക്കമ്പനികൾക്ക് അവസരമൊരുക്കണമെന്നും ആവശ്യപ്പെട്ടു.

Tags:    
News Summary - Air Fares Skyrocket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.