രാജി തീരുമാനം ശരത് പവാർ പുനഃപരിശോധിക്കും -അജിത് പവാർ

ന്യൂഡൽഹി: എൻ.സി.പി അധ്യക്ഷസ്ഥാനം രാജിവെക്കുമെന്ന പ്രഖ്യാപനം ശരത് പവാർ പുനഃപരിശോധിക്കുമെന്ന് അജിത് പവാർ. തീരുമാനം പുനഃപരിശോധിക്കാമെന്ന ഉറപ്പ് ശരത് പവാർ നൽകിയതായി അജിത് പവാർ പറഞ്ഞു. അജിത് പവാറും സുപ്രിയ സുലേയും ശരത് പവാറിനെ വസതിയിലെത്തി സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അജിത് പവാറിന്റെ പ്രതികരണം. കുറച്ച് ദിവസം കൂടി കാത്തിരിക്കാൻ പവാർ ആവശ്യപ്പെട്ടുവെന്ന് അജിത് പവാർ പറഞ്ഞു.

നിങ്ങൾക്ക് വേണ്ടിയാണ് രാജിവെക്കാൻ ഞാൻ തീരുമാനിച്ചത്. തീരുമാനം പുനഃപരിശോധിക്കാം. എനിക്ക് രണ്ടോ മൂന്നോ ദിവസം വേണം. എല്ലാ പാർട്ടി പ്രവർത്തകരും വീടുകളിലേക്ക് തിരിച്ചു പോണം. ചിലർ പാർട്ടിയിൽ നിന്നും രാജിവെക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. രാജിയും ഒഴിവാക്കാൻ ശരത് പവാർ നിർദേശിച്ചതായി അജിത് പവാർ പറഞ്ഞു.

മുംബൈയിൽ ആത്മകഥയുടെ രണ്ടാം പതിപ്പിന്റെ പ്രകാശന ചടങ്ങിലാണ് അപ്രതീക്ഷിതമായി ശരത് പവാർ രാജി​പ്രഖ്യാപനം നടത്തിയത്. എന്നാൽ, സജീവ രാഷ്ട്രീയം വിടില്ലെന്നും പൊതുപരിപാടികളിലും യോഗങ്ങളിലും പ​ങ്കെടുക്കുന്നത് തുടരുമെന്നും പവാർ പറഞ്ഞു. പുതിയ അധ്യക്ഷനെ സുപ്രിയ സുലെ, അജിത് പവാർ, പ്രഫുൽ പട്ടേൽ, ജയന്ത് പാട്ടീൽ, അനിൽ ദേശ്മുഖ് തുടങ്ങിയ മുതിർന്ന നേതാക്കളടങ്ങിയ സമിതി തീരുമാനിക്കും. താൻ രാഷ്ട്രീയ ജീവിതം ആരംഭിച്ചത് 1960 മേയ് ഒന്നിനാണ്. നീണ്ട കാലത്തെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതിക്കുറിച്ച് ചിന്തിക്കേണ്ട സമയമായിരിക്കുന്നു. രാജ്യസഭയിൽ മൂന്ന് വർഷത്തെ കാലാവധിയുണ്ടെന്നും ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും പവാർ പറഞ്ഞു.

എന്നാൽ, തീരുമാനം പിൻവലിക്കണമെന്ന് പാർട്ടി പ്രവർത്തകരും നേതാക്കളും ആവശ്യപ്പെട്ടു. തീരുമാനം പിൻവലിച്ചില്ലെങ്കിൽ വേദി വിടില്ലെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡി സർക്കാർ രൂപവത്കരിക്കുന്നതിൽ പവാറിന് നിർണായക പങ്കുണ്ട്. 1999ലാണ് എൻ.സി.പി രൂപവത്കരിക്കുന്നത്. അന്ന് മുതൽ ശരത് പവാറായിരുന്നു എൻ.സി.പിയുടെ അധ്യക്ഷ സ്ഥാനം വഹിച്ചിരുന്നത്. ആരുമായും ആലോചിക്കാതെയാണ് പവാര്‍ രാജി പ്രഖ്യാപിച്ചതെന്ന് മുതിർന്ന എൻ.സി.പി നേതാവ് പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.

Tags:    
News Summary - "Sharad Pawar Has Agreed To Rethink On Resignation": Nephew Ajit Pawar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.