മണ്ഡല പുനർനിർണയ ബിൽ: കോൺഗ്രസിന് വീണ്ടും തിരിച്ചടി, ജെ.എം.എമ്മും കേന്ദ്രത്തെ പിന്തുണച്ചേക്കും

ന്യൂഡൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന മണ്ഡല പുനർനിർണയ ബില്ലിനെ ഹേമന്ത് സോറൻ നയിക്കുന്ന ജാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം) പിന്തുണച്ചേക്കുമെന്ന് സൂചന. ബില്ലിനെതിരെ പ്രതിപക്ഷ നിരയെ ഒന്നിപ്പിക്കാനുള്ള ശ്രമം തുടരുന്ന കോൺഗ്രസ്സിന് ഇത് കനത്ത തിരിച്ചടിയാകും. മണ്ഡല പുനർനിർണയം, വനിതാ സംവരണ നിയമം എന്നിവയിൽ 'ഇൻഡ്യ' സഖ്യത്തിനുള്ളിലെ ഭിന്നത രൂക്ഷമാകുന്നതിനിടെയാണ് ജെ.എം.എമ്മിന്റെ നിർണായക നീക്കം.

വിഷയത്തിൽ ജെ.എം.എം ഇതുവരെ ഔദ്യോഗിക നിലപാട് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും രണ്ടു ദിവസത്തിനകം അന്തിമ തീരുമാനമെടുക്കുമെന്നാണ് വിവരം. നിർദിഷ്ട നിയമനിർമാണം ജാർഖണ്ഡിനെ എങ്ങനെ ബാധിക്കുമെന്ന് പാർട്ടി സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്. ശനിയാഴ്ച മുഖ്യമന്ത്രി ഹേമന്ത് സോറൻ തന്റെ ഔദ്യോഗിക വസതിയിൽ പാർട്ടി എം.പിമാരുടെ യോഗം വിളിച്ച് ബില്ലിന്റെ പ്രത്യാഘാതങ്ങൾ ചർച്ച ചെയ്തിരുന്നു.

ലോക്സഭയിലും രാജ്യസഭയിലുമായി മൂന്ന് വീതം എം.പിമാരാണ് ജെ.എം.എമ്മിനുള്ളത്. നിലവിൽ ജാർഖണ്ഡിലുള്ള 14 ലോക്സഭാ സീറ്റുകളിൽ അഞ്ചെണ്ണം പട്ടികവർഗ സംവരണ മണ്ഡലങ്ങളാണ്. പാർലമെന്റ് അംഗബലം 50 ശതമാനം വർധിപ്പിക്കാനുള്ള കേന്ദ്ര നിർദേശം നടപ്പാകുന്നതോടെ സംസ്ഥാനത്തെ ലോക്സഭാ സീറ്റുകൾ 21 ആയി ഉയർന്നേക്കും. ഇതിനൊപ്പം എസ്.ടി സംവരണ സീറ്റുകളുടെ എണ്ണവും വർധിക്കുമെന്ന പ്രതീക്ഷയിലാണ് ജെ.എം.എം.

വെള്ളിയാഴ്ച രാത്രിയാണ് ബില്ലിന്റെ പകർപ്പുകൾ ലഭിച്ചതെന്നും വ്യവസ്ഥകൾ വിശദമായി പഠിക്കാൻ എം.പിമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും രാജ്യസഭാ എം.പി മഹുവ മാജി വ്യക്തമാക്കി. വിദഗ്ധരുമായി കൂടി ആലോചിച്ച ശേഷമായിരിക്കും ഹേമന്ത് സോറൻ പാർട്ടിയുടെ നിലപാട് പ്രഖ്യാപിക്കുക.

അതേസമയം, സഖ്യകക്ഷികളെ അനുനയിപ്പിച്ച് 'ഇൻഡ്യ' സഖ്യത്തിലെ വിള്ളൽ തടയാനുള്ള തീവ്രശ്രമത്തിലാണ് കോൺഗ്രസ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരടങ്ങുന്ന ഉന്നതതല സംഘം ഞായറാഴ്ച ചെന്നൈയിലെത്തി ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിനുമായി നടത്തിയ ചർച്ച പരാജയപ്പെടുകയാണുണ്ടായത്. ബില്ലിനെ പിന്തുണക്കാൻ സൂചന നൽകിയ എൻ.സി.പി (ശരദ് പവാർ വിഭാഗം) അധ്യക്ഷൻ ശരദ് പവാറുമായും കോൺഗ്രസ് നേതൃത്വം ചർച്ച നടത്തുന്നുണ്ട്. ഡിസംബർ മൂന്ന് വരെ നീളുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ തിങ്കളാഴ്ച മുതൽ ബില്ലുകൾ പരിഗണിക്കാനിരിക്കെ, ജെ.എം.എം കൂടി കേന്ദ്രത്തിനൊപ്പം നിന്നാൽ പ്രതിപക്ഷ ഐക്യം നിലനിർത്തുക കോൺഗ്രസിന് വലിയ വെല്ലുവിളിയാകും.

Tags:    
News Summary - Setback for Congress as JMM Likely to Back Centre's Delimitation Bill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.