ശരദ് പവാർ


ശരദ് പവാർ എൻസിപിയിൽ പൊട്ടിത്തെറി; മണ്ഡല പുനർനിർണയ ബിൽ പിന്തുണയിൽ പ്രതിഷേധിച്ച് രണ്ട് നേതാക്കൾ രാജിവെച്ചു

മുംബൈ: കേന്ദ്ര സർക്കാറിന്റെ നിർദിഷ്ട മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണക്കാനുള്ള നീക്കത്തിൽ ശരദ് പവാർ വിഭാഗം എൻ.സി.പിയിൽ പൊട്ടിത്തെറി. തീരുമാനത്തിൽ പ്രതിഷേധിച്ച് രണ്ടു സംസ്ഥാനതല നേതാക്കൾ രാജിവെച്ചുയ

പാർട്ടിയുടെ മഹാരാഷ്ട്ര സമൂഹമാധ്യമ വിഭാഗം ജനറൽ സെക്രട്ടറി രാമേശ്വർ ഖാംകർ, നാഷനലിസ്റ്റ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഭയ് സിങ് ജഗ്താപ് എന്നിവരാണ് പാർട്ടി പദവികളും പ്രാഥമിക അംഗത്വവും രാജിവെച്ചത്. ശിവാജി-ഷാഹു-ഫുലെ-അംബേദ്കർ ആശയധാര പിന്തുടരുന്ന ഒരാളെന്ന നിലയിൽ മണ്ഡല പുനർനിർണയ ബില്ലിൽ ബി.ജെ.പിയെ പിന്തുണക്കാനുള്ള പാർട്ടിയുടെ നീക്കം അംഗീകരിക്കാനാവില്ലെന്ന് ഖാംകർ രാജിക്കത്തിൽ വ്യക്തമാക്കി. ‘രാഷ്ട്രീയത്തിൽ വിട്ടുവീഴ്ചകൾ ഉണ്ടാകാം. എന്നാൽ, എല്ലാ വിട്ടുവീഴ്ചകൾക്കും ആശയപരമായ പിന്തുണ നൽകാനാവില്ല. ആരോടുമുള്ള വിദ്വേഷത്തിന്റെ പേരിലല്ല, മനഃസാക്ഷിയുടെ അടിസ്ഥാനത്തിലാണ് എന്റെ തീരുമാനം. പദവി ഉപേക്ഷിക്കുന്നത് എനിക്ക് പ്രയാസമുള്ള കാര്യമല്ല. എന്നാൽ, സ്വന്തം ആശയങ്ങളെ വഞ്ചിച്ച് പദവിയിൽ തുടരുന്നത് അസാധ്യമാണ്’ -ഖാംകർ വ്യക്തമാക്കി.

മാൻ-ഖടവ് നിയമസഭ മണ്ഡലം പാർട്ടി അധ്യക്ഷൻ കൂടിയായ അഭയ് സിങ് ജഗ്താപ് ശനിയാഴ്ച സംസ്ഥാന അധ്യക്ഷൻ ശശികാന്ത് ഷിൻഡെക്ക് രാജിക്കത്ത് കൈമാറിയിരുന്നു. എൻ.സി.പി പിളർന്നപ്പോൾ ശരദ് പവാറിനൊപ്പം ഉറച്ചുനിന്നതും പാർട്ടിയുടെ പുതിയ ചിഹ്നം മാധ ലോക്സഭ മണ്ഡലത്തിലെ വീടുകളിലെത്തിച്ചതും ജഗ്താപ് രാജിക്കത്തിൽ അനുസ്മരിച്ചു. പവാറിന്റെ ആവശ്യപ്രകാരം ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് പിന്മാറിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘മണ്ഡല പുനർനിർണയ ബിൽ എം.പിമാരുടെ എണ്ണം വർധിപ്പിക്കുന്നതും സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകുന്നതും മാത്രമല്ല, മണ്ഡലങ്ങളുടെ അതിർത്തി മാറ്റിവരക്കുന്നതുമായി ബന്ധപ്പെട്ടത് കൂടിയാണ്. ഗ്രാമപഞ്ചായത്ത് വാർഡുകളുടെ അതിർത്തി നിർണയത്തിൽ പോലും സ്വന്തം താൽപര്യങ്ങൾക്കനുസരിച്ച് ബി.ജെ.പി നേതാക്കൾ ഇടപെടുന്നുണ്ട്. സമാനമായ രീതിയിൽ ലോക്സഭ മണ്ഡലങ്ങളും പുനഃക്രമീകരിക്കപ്പെടാം. രാജ്യത്തുനിന്ന് പ്രതിപക്ഷത്തെ പൂർണമായി ഇല്ലാതാക്കാൻ ഭരണപക്ഷം ശ്രമിക്കുമ്പോൾ നമ്മുടെ പാർട്ടി അതിനെ പിന്തുണക്കുന്നത് വേദനാജനകമാണ്’ -ജഗ്താപ് ആരോപിച്ചു.

പാർട്ടി ബി.ജെ.പിയുമായി കൈകോർക്കാനാണ് തീരുമാനിക്കുന്നതെങ്കിൽ പ്രവർത്തകർക്ക് നേരിട്ട് ബി.ജെ.പിയിൽ ചേരുന്നതല്ലേ നല്ലതെന്നും അദ്ദേഹം ചോദിച്ചു. ശരദ് പവാറിനോടുള്ള സ്നേഹത്തിന് മാറ്റമില്ലെങ്കിലും ബില്ലുമായി ബന്ധപ്പെട്ട പാർട്ടിയുടെ നിലപാടിനെ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ മണ്ഡല പുനർനിർണയ ബിൽ ലോക്സഭയിൽ അവതരിപ്പിക്കാനാണ് കേന്ദ്ര സർക്കാറിന്റെ നീക്കം. ബിൽ പാസാക്കാൻ ഉചിതമായ സമയമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. ബിൽ പാസാക്കുന്നതിനാവശ്യമായ അംഗബലം ഉറപ്പാക്കാൻ പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ തേടുകയാണ് എൻ.ഡി.എ. അതേസമയം, എൻസിപി ഇതുവരെ ഔദ്യോഗികമായി തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.

Tags:    
News Summary - Delimitation Bill: Two NCP (SP) Leaders Resign in Protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.