'മിഷൻ ചെന്നൈ' പരാജയം, വഴങ്ങാതെ സ്റ്റാലിൻ; ഇൻഡ്യ സഖ്യത്തിന് തിരിച്ചടി

ചെന്നൈ: മണ്ഡല പുനർനിർണയ ബില്ലിന് പിന്തുണ പ്രഖ്യാപിച്ച ഡി.എം.കെയെ അനുനയിപ്പിക്കാനുള്ള ഇൻഡ്യാ സഖ്യത്തിന്‍റെ നീക്കം പരാജയം. രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും അടക്കമുള്ള നേതാക്കൾ ചെന്നൈയിൽ എത്തി എം.കെ. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. നിലപാട് ദേഷ്യം കൊണ്ടല്ലെന്ന് വ്യക്തമാക്കിയ സ്റ്റാലിൻ അനുനയ ശ്രമങ്ങൾക്ക് വഴങ്ങിയില്ല. കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി തുടങ്ങി ഇൻഡ്യാ സഖ്യത്തിലെ നേതാക്കളും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. സോണിയാ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും സ്റ്റാലിനോട് സംസാരിക്കുകയും നിലപാട് തിരുത്തി ഇൻഡ്യാ സഖ്യത്തിനൊപ്പം നിൽക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

1971 സെൻസസ് അനുപാതം തുടരാൻ വേറെ വഴിയില്ലെന്ന് എം.കെ. സ്റ്റാലിൻ പറഞ്ഞു. മണ്ഡല പുനർ നിർണയം തെക്കേ ഇന്ത്യക്ക് ദോഷം എന്ന കോൺഗ്രസ് വാദം സ്റ്റാലിൻ തള്ളി. ലോക് സഭാ സീറ്റുകളുടെ എണ്ണം 850 ആക്കുന്നതാണ് പ്രശ്നമെന്നും സീറ്റുകളുടെ സ്വഭാവം മാറ്റാൻ ശ്രമം നടക്കുന്നുവെന്നും രാഹുൽ ഗാന്ധി ഡിഎംകെ നേതൃത്വത്തോട് വിശദമാക്കി. ആർ.എസ്.എസിന് തമിഴ്നാടിനോട് വെറുപ്പാണെന്നും ബി.ജെ.പിയുടെ ലക്ഷ്യങ്ങൾ നടക്കാൻ അനുവദിക്കരുതെന്നും രാഹുൽ ഗാന്ധി എം.കെ. സ്റ്റാലിനോട് ആവശ്യപ്പെട്ടു. ലോക് സഭാ സീറ്റ് 850 ആയാൽ ജനാധിപത്യം അവസാനിക്കുമെന്നും രാഹുൽ ഗാന്ധി വിശദമാക്കി.

മണ്ഡല പുനർനിർണയ ബില്ലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ താൽപര്യങ്ങൾക്കൊപ്പമാണ് തങ്ങളുള്ളതെന്ന് നേരത്തെ സ്റ്റാലിൻ വ്യക്തമാക്കിയിരുന്നു. നേരത്തെ പ്രഖ്യാപിച്ച നിലപാടിൽ പുനർവിചിന്തനം വേണമെന്നാണ് സഖ്യനേതാക്കൾ ആവശ്യപ്പെട്ടതെങ്കിലും, എടുത്ത തീരുമാനത്തിൽ നിന്ന് പിന്നോട്ടു പോകാൻ സ്റ്റാലിൻ തയാറായില്ല. യോഗത്തിൽ കോൺഗ്രസിന്റെ വഞ്ചന എടുത്ത് പറഞ്ഞ ദയാനിധി മാരൻ പൊട്ടിത്തെറിച്ചു. രണ്ട് മന്ത്രി സ്ഥാനത്തിന് വേണ്ടി കോൺഗ്രസ് പിന്നിൽനിന്ന് കുത്തിയെന്നും ദയാനിധി മാരൻ വിശദമാക്കി. തങ്ങൾക്ക് മുഖ്യം തമിഴ്നാട് ആണെന്നും തമിഴ്നാടിന്റെ പ്രാധാന്യം വർധിക്കുന്ന ബില്ലിനെ തോൽപിക്കാൻ കഴിയില്ലെന്നുമാണ് ഡി.എം.കെ നേതാക്കൾ പറഞ്ഞു.

വിജയ്ക്കുള്ള പിന്തുണ പിൻവലിക്കാൻ കോൺഗ്രസ് തയാറാകില്ലെന്ന് അനുനയ ശ്രമങ്ങൾക്ക് എത്തിയ നേതാക്കൾ വ്യക്തമാക്കിയിരുന്നു. മറ്റു ക്രിയാത്മക നിർദേശം ഉണ്ടെങ്കിൽ പരിഗണിക്കാമെന്നാണ് നേതാക്കൾ സ്റ്റാലിനോട് പറഞ്ഞിരുന്നു. 

ബില്ലിനെ പിന്തുണക്കാൻ ഡി.എം.കെ തീരുമാനിച്ചതായും 50 ശതമാനം വർധന അംഗീകരിക്കുന്നുവെന്നും പാർട്ടി നേതാവ് എ. രാജ എം.പി വ്യക്തമാക്കിയിരുന്നു. 7.18 ശതമാനം സീറ്റിന്റെ അനുപാതം നിലനിർത്തണമെന്നും മണ്ഡല പുനർനിർണ്ണയം ന്യായമായി വേണമെന്നും ഡി.എം.കെ ആവശ്യപ്പെട്ടിരുന്നു. 50 ശതമാനം സീറ്റ് വർധിക്കുമ്പോൾ 7.21 ശതമാനം വർധനവുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ആര് വന്ന് കണ്ടാലും നിലപാടിൽ മാറ്റമില്ലെന്നും സ്റ്റാലിൻ പ്രതികരിച്ചു.

Tags:    
News Summary - Mission Chennai Fails: Stalin Stands Firm, INDIA Bloc Faces Setback

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.