രാഹുലിനൊപ്പം വിജയ്, സോണിയക്കൊപ്പം അഖിലേഷ്; പുസ്തക പ്രകാശനത്തിൽ ശ്രദ്ധേയമായി ഇരിപ്പിട ക്രമീകരണവും

ന്യൂഡൽഹി: പ്രതിപക്ഷ ഐക്യത്തിന്റെ രാഷ്ട്രീയ സന്ദേശവുമായി കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പിന്റെ പ്രകാശനച്ചടങ്ങ്. തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി തുടങ്ങി ഇന്ത്യാ മുന്നണിയിലെ പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. ബി.ജെ.പി നേതാവ് അമരീന്ദർ സിങിന്റെ സാന്നിധ്യവും ശ്രദ്ധേയമായി.

സോണിയ ഗാന്ധിയുടെ 'Belonging: A Journey of Love' എന്ന പുസ്തകത്തിന്റെ ഔദ്യോഗിക പ്രകാശനച്ചടങ്ങാണ് തിങ്കളാഴ്ച ന്യൂഡൽഹിയിൽ നടന്നത്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തുടങ്ങിയവരും ചടങ്ങിനെത്തി.

ചടങ്ങിലെ ഇരിപ്പിട ക്രമീകരണവും രാഷ്ട്രീയ ശ്രദ്ധ നേടി. തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് മുൻനിരയിൽ രാഹുൽ ഗാന്ധിക്കൊപ്പമാണ് ഇരുന്നത്. അഖിലേഷ് യാദവും ഭാര്യ ഡിംപിൾ യാദവും സോണിയ ഗാന്ധിക്കരികിലായിരുന്നു.

വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസും സമാജ്‌വാദി പാർട്ടിയും ചൊവ്വാഴ്ച സഖ്യചർച്ചകൾ ആരംഭിക്കാനിരിക്കെയാണ് ഇരുപാർട്ടികളുടെയും നേതാക്കളുടെ ഈ സാന്നിധ്യം. സോണിയ ഗാന്ധി നേരിട്ടാണ് വിജയിയെ ചടങ്ങിലേക്ക് ക്ഷണിച്ചതെന്നാണ് വിവരം. പിന്നാലെ രാഹുൽ ഗാന്ധിയും ഫോണിൽ വിളിച്ച് ക്ഷണിച്ചിരുന്നു.

ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും ഭാര്യ കൽപന സോറനും മുൻനിരയിൽ സോണിയ ഗാന്ധിക്കൊപ്പം ഇരിപ്പിടം ലഭിച്ചു. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, നാഷനൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുള്ള, എൻ.സി.പി (എസ്പി) നേതാവ് സുപ്രിയ സുലെ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു തുടങ്ങിയവരും നിരവധി മുതിർന്ന കോൺഗ്രസ് നേതാക്കളും ചടങ്ങിനെത്തി.

Tags:    
News Summary - Vijay with Rahul, Akhilesh with Sonia; seating arrangement draws attention at book launch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.