പിയൂഷ് ഗോയൽ
വിമാനങ്ങളുടെ ക്ഷാമം പരിഹരിക്കാൻ 1,000 വിമാനങ്ങൾ കൂടി വാങ്ങാൻ ഇന്ത്യ; ആവശ്യം 2,000-ത്തിലധികം വിമാനങ്ങളെന്ന് പിയൂഷ് ഗോയൽ
ന്യൂഡൽഹി: രാജ്യത്ത് വർധിച്ചുവരുന്ന വ്യോമയാന യാത്രക്കാരുടെ എണ്ണം കണക്കിലെടുത്ത് 1,000 യാത്രാവിമാനങ്ങൾ കൂടി വാങ്ങാൻ ഇന്ത്യ തയ്യാറെടുക്കുകയാണെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. നിലവിൽ വിമാനങ്ങളുടെ കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ വ്യോമഗതാഗത ശേഷി വർധിപ്പിക്കുകയാണ് ലക്ഷ്യം. ഇന്ത്യക്ക് 2,000-ത്തിലധികം വിമാനങ്ങൾ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഈജിപ്തിലെത്തിയ ഗോയൽ തിങ്കളാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. ഇന്ത്യ ഇതിനകം 1,200-ലധികം വിമാനങ്ങൾക്ക് ഓർഡർ നൽകിയിട്ടുണ്ട്. ആവശ്യകത കണക്കിലെടുത്ത് 1,000 വിമാനങ്ങൾക്കു കൂടി ഓർഡർ നൽകാൻ രാജ്യം തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. വിമാനങ്ങളുടെ വിതരണം വേഗത്തിലാക്കാൻ പ്രമുഖ വിമാന നിർമാതാക്കളുമായി ചർച്ചകൾ നടത്തിവരികയാണെന്നും ഗോയൽ കൂട്ടിച്ചേർത്തു.
ഇന്ത്യയും ഈജിപ്തും തമ്മിലുള്ള വിമാന സർവിസുകളും വ്യോമഗതാഗത ബന്ധവും വിപുലീകരിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടുതൽ വിമാനങ്ങൾ ലഭ്യമാകുന്നതോടെ ഈജിപ്തിലേക്കുള്ള സർവിസുകളുടെ എണ്ണം വർധിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയും ഈജിപ്തും തമ്മിലുള്ള വ്യാപാര-നിക്ഷേപ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകളുടെ ഭാഗമായാണ് ഗോയലിന്റെ സന്ദർശനം. നിലവിൽ ഈജിപ്ത് ദേശീയ വിമാനക്കമ്പനിയായ ഈജിപ്ത് എയർ ഇന്ത്യക്കും ഈജിപ്തിനുമിടയിൽ നേരിട്ടുള്ള സർവിസുകൾ നടത്തുന്നുണ്ട്.
ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന സിവിൽ വ്യോമയാന വിപണികളിലൊന്നാണ് ഇന്ത്യ. യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ പ്രമുഖ വിമാനക്കമ്പനികളായ ഇൻഡിഗോയും എയർ ഇന്ത്യയും എയർബസ്, ബോയിങ് തുടങ്ങിയ ആഗോള വിമാന നിർമാതാക്കളിൽനിന്ന് വൻതോതിൽ വിമാനങ്ങൾക്കാണ് ഓർഡർ നൽകിയിരിക്കുന്നത്.
സൈനിക ഗതാഗത വിമാനങ്ങൾക്കും ഹെലികോപ്റ്ററുകൾക്കുമായി എയർബസിന് ഇന്ത്യയിൽ രണ്ട് അന്തിമ അസംബ്ലി കേന്ദ്രങ്ങളുണ്ട്. അതേസമയം, ബോയിങ്ങും എയർബസും ചേർന്ന് പ്രതിവർഷം ഏകദേശം 200 കോടി ഡോളറിന്റെ ഘടകഭാഗങ്ങളും സേവനങ്ങളും ഇന്ത്യയിൽനിന്ന് സംഭരിക്കുന്നുണ്ട്.
ബ്രസീലിയൻ വിമാന നിർമാണ കമ്പനിയായ എംബ്രായറും അദാനി ഗ്രൂപ്പുമായി തന്ത്രപരമായ സഹകരണത്തിന് ധാരണയായിട്ടുണ്ട്. ഇന്ത്യയിൽ പ്രാദേശിക വിമാനങ്ങൾ നിർമിക്കുന്നതിനുള്ള സൗകര്യങ്ങൾ സ്ഥാപിക്കുന്നതിന്റെ സാധ്യതകൾ ഇരുകൂട്ടരും പരിശോധിച്ചുവരികയാണ്.
വിമാന നിർമാണ മേഖലയിലും വ്യോമയാന അടിസ്ഥാന സൗകര്യങ്ങളിലും സ്വയംപര്യാപ്തത ശക്തിപ്പെടുത്തുന്നതിനായി നിരവധി ആഗോള എയറോസ്പേസ് കമ്പനികൾ ഇതിനകം ഇന്ത്യയിൽ സാന്നിധ്യമുറപ്പിച്ചിട്ടുണ്ട്. കൂടുതൽ വിമാനങ്ങൾ വാങ്ങുന്നതിനൊപ്പം രാജ്യത്തെ വിമാന നിർമാണ മേഖലയെയും ശക്തിപ്പെടുത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.