മെട്രോ സാധാരണ നിലയിൽ പ്രവർത്തിക്കണം, ഇന്റർനെറ്റ് നിരോധിക്കരുത്; ഡൽഹി പൊലീസിന് സുപ്രീം കോടതിയുടെ കർശന നിർദേശം
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രക്ഷോഭങ്ങളെ തുടർന്ന് ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളും കസ്റ്റഡി നടപടികളും ചോദ്യം ചെയ്തുള്ള ഹർജികളിൽ നിർണായക പരാമർശവുമായി സുപ്രീം കോടതി. ക്രമസമാധാന പാലനത്തിന്റെ പേരിൽ പൊലീസിന് ഭരണകൂടത്തിന്റെ നിലപാടിന് അപ്പുറമായി സ്വതന്ത്രമായ അവകാശങ്ങളൊന്നുമില്ലെന്ന് പ്രത്യേക ഞായറാഴ്ച സിറ്റിങ്ങിൽ ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി വ്യക്തമാക്കി.
ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങൾക്കിടെ മെട്രോ സ്റ്റേഷനുകൾ അടച്ചതും ഇന്റർനെറ്റ് വിച്ഛേദിച്ചതും പതിനായിരക്കണക്കിന് ആളുകളെ കസ്റ്റഡിയിലെടുത്തതും ചോദ്യം ചെയ്ത് മുതിർന്ന അഭിഭാഷക മേനക ഗുരുസ്വാമി അടക്കമുള്ളവർ സമർപ്പിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. കസ്റ്റഡിയിലുള്ളവരുടെ ജീവനും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിൽ കോടതിക്ക് പൊലീസുകാരനെന്നോ അഭിഭാഷകനെന്നോ സാധാരണ പൗരനെന്നോ ഉള്ള വേർതിരിവില്ലെന്നും എല്ലാവർക്കും തുല്യ സംരക്ഷണമാണുള്ളതെന്നും സുപ്രീം കോടതി ഓർമ്മിപ്പിച്ചു.
അതേസമയം, ശനിയാഴ്ച ഡൽഹി മെട്രോ സർവീസുകൾ കുറച്ചിട്ടില്ലെന്നും കൃത്യമായ ഷെഡ്യൂൾ അനുസരിച്ച് 271 ട്രെയിനുകൾ സർവീസ് നടത്തിയിട്ടുണ്ടെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. എന്നാൽ തടഞ്ഞുവെച്ച 47 മെട്രോ സ്റ്റേഷനുകളുടെ കൃത്യമായ വിവരങ്ങളും ഭൂപടവും സമർപ്പിക്കാൻ സുപ്രീം കോടതി അധികൃതർക്ക് നിർദ്ദേശം നൽകി. കേസിൽ വിശദമായ വാദം കേൾക്കുന്നത് തുടർന്നു വരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.