യു.പി മുന്‍ മുഖ്യമന്ത്രി രാം നരേശ് യാദവ് അന്തരിച്ചു

ലഖ്നോ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന രാം നരേശ് യാദവ് അന്തരിച്ചു. 90 വയസ്സായിരുന്നു. ദീര്‍ഘനാളായുള്ള അസുഖത്തെ തുടര്‍ന്ന് സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വറ്റ് മെഡിക്കല്‍ സയന്‍സസ് ആശുപത്രിയിലാണ് അന്ത്യം.

നാലുതവണ എം.എല്‍.എയായ നരേശ് യാദവ് രാജ്യസഭ എം.പിയും മധ്യപ്രദേശ് ഗവര്‍ണറുമായിരുന്നു. ഗവര്‍ണറായിരിക്കെ 2015ല്‍ മധ്യപ്രദേശില്‍ നടന്ന വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട് യാദവിന്‍െറ പേര് ഉയര്‍ന്നത് അദ്ദേഹത്തിന്‍െറ അവസാനകാല രാഷ്ട്രീയ ജീവിതത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തി.

മധ്യപ്രദേശ് പ്രഫഷനല്‍ എക്സാമിനേഷന്‍ ബോര്‍ഡ് പരീക്ഷ അഴിമതിയായ ‘വ്യാപ’ത്തില്‍ ആരോപണ വിധേയനായ അദ്ദേഹത്തിന്‍െറ മകന്‍ സൈലേശ് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞിരുന്നു.  ജനത പാര്‍ട്ടിയില്‍ ആയിരിക്കവെ 1977 മുതല്‍ ’79 വരെയുള്ള കാലയളവില്‍ ആണ് നരേശ് യാദവ് മുഖ്യമന്ത്രിപദത്തില്‍ ഇരുന്നത്.

പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്ന യാദവ് 2011 മുതല്‍ 2016വരെ ഗവര്‍ണര്‍ ആയി. കിഴക്കന്‍ യു.പിയിലെ അഅ്സംഗഢില്‍ ജനിച്ച അദ്ദേഹം ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍നിന്ന് എം.എയും എല്‍എല്‍.ബിയും കരസ്ഥമാക്കി. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് അടിയന്തരാവസ്ഥക്കാലത്ത് 19 മാസത്തോളം ജയില്‍വാസമനുഭവിച്ചു.

1977ല്‍  അഅ്സംഗഢ് മണ്ഡലത്തില്‍നിന്ന് ജനതാദള്‍ ടിക്കറ്റില്‍ മത്സരിച്ച യാദവ് ജയിച്ചു. 1988 മുതല്‍ 1989 വരെ രാജ്യസഭ അംഗമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി, യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്‍ എന്നിവര്‍ അനുശോചിച്ചു.

Tags:    
News Summary - ram naresh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.